അപ്പാച്ചെയുടെ കച്ചോടം പൂട്ടിക്കാൻ ഹീറോ, 1.34 ലക്ഷത്തിന് ക്രൂയിസ് കൺട്രോളുള്ള ബൈക്ക് പുറത്തിറക്കി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ എന്ന ടാഗ്‌ലൈനുള്ളവരാണ് നമ്മുടെ സ്വന്തം ഹീറോ മോട്ടോകോർപ്. സാധാരണക്കാർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന കമ്പനി രാജ്യത്തെ ഒട്ടുമിക്ക സെഗ്മെൻ്റുകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിൽ യുവാക്കൾക്കിടയിൽ വരെ പ്രീമിയം മോഡലുകളോടാണ് താത്പര്യമെന്ന് മനസിലാക്കിയ ബ്രാൻഡ് തങ്ങളുടെ ടൂവീലർ ശ്രേണിയെ കൂടുതൽ ഫീച്ചർ റിച്ചാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. 160 സിസി വിഭാഗത്തിലെ തുറുപ്പുചീട്ടായ എക്‌സ്‌ട്രീം 160 R നേക്കഡ് ബൈക്കിന് ഹീറോ അടുത്തിടെ പുതുരൂപം സമ്മാനിച്ചിരുന്നു. വിലയോ ഔദ്യോഗിക അവതരണമോ നടന്നില്ലെങ്കിലും വെബ്സൈറ്റിൽ ഉൾപ്പെടുത്തി വരവ് അറിയിച്ചിരുന്നു.
ഇപ്പോഴിതാ പുത്തൻ എക്‌സ്‌ട്രീം 160 R മോഡലിൻ്റെ വിലയും പ്രസിദ്ധീകരിച്ച് എതിരാളികളെ വെട്ടിലാക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. നിരവധി അപ്ഡേഷനുകളുമായി വരുന്ന മോട്ടോർസൈക്കിളിൽ ക്രൂയിസ് കൺട്രോൾ വരെയുണ്ടെന്നതാണ് രസകരമായ കാര്യം. എന്നാൽ വിലയൊന്നും അത്ര കൂടുതലുമല്ലെന്ന് അറിയുമ്പോൾ എതിരാളികളുടെ നെഞ്ചിൽ തീയായിരിക്കും. സ്റ്റാൻഡേർഡ്, കോംബാറ്റ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളാണ് ബൈക്കിലുള്ളത്.

പുതിയ എക്‌സ്‌ട്രീം 160 R 4V കോംബാറ്റ് എഡിഷന് 1.34 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം പുതിയ 2026 എക്‌സ്‌ട്രീം 160 R സ്റ്റാൻഡേർഡ് വേരിയൻ്റാണ് നോക്കുന്നതെങ്കിൽ 1,29,500 രൂപയാണ് എക്സ്ഷോറൂം വിലയായി കൊടുക്കേണ്ടി വരിക. 160 സിസി നേക്കഡ് മോട്ടോർസൈക്കിൾ വിപണിയിൽ ഹീറോയ്ക്കും ടിവിഎസിനും ബജാജിനും ഇടയിലുള്ള മത്സരം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് എക്‌സ്‌ട്രീമിലേക്ക് ക്രൂയിസ് കൺട്രോൾ വരെ എത്തിയിരിക്കുന്നത്.
ഇതുകൊണ്ട് ഉപകാരമുണ്ടോയെന്ന് ചോദിച്ചാൽ ദൈനംദിന ആവശ്യങ്ങളിൽ കാര്യമായി ഉപകരിക്കില്ലെങ്കിലും ബൈക്കിൽ ക്രൂയിസ് കൺട്രോൾ ഒക്കെയുണ്ടെന്ന് പറയുന്നത് ജാഡയല്ലേ... ഇതുകൂടാതെ എക്‌സ്ട്രീം 160R 4V പതിപ്പിന് റൈഡ്-ബൈ-വയർ ത്രോട്ടിൽ സിസ്റ്റവും ഉണ്ട് കേട്ടോ. അതായത് ആക്‌സിലറേറ്റർ കേബിളിന് പകരം സെൻസറുകളാണ് ഹീറോയുടെ 160 സിസി മോട്ടോർസൈക്കിൾ ഉപയോഗിച്ചിരിക്കുന്നതെന്ന് ചുരുക്കം.

മറ്റൊരു പ്രധാന നവീകരണം ബൈക്കിൻ്റെ മുൻവശത്താണ് വന്നിരിക്കുന്നത്. വലിയ എക്സ്ട്രീം 250R-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള റീഡിസൈൻ ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുമായാണ് പുതിയ എക്‌സ്‌ട്രീം 160 R 4V വിപണിയിലേക്ക് എത്തുന്നത്. ഇതോടൊപ്പം പുതിയ 4.2 ഇഞ്ച് എൽസിഡി കളർ ഇൻസ്ട്രുമെന്റ് കൺസോൾ കൂടിയാവുമ്പോൾ മോഡലിൻ്റെ പ്രീമിയംനെസ് ഉയരുന്നു. ഗ്രാഫിക്സിലും കളർ ഓപ്ഷനുകളിലും വരുത്തിയ മാറ്റങ്ങളും ഒപ്പമാവുമ്പോൾ സ്പോർട്ടിനെസും ഉയരുന്നുണ്ട്.
റൈഡ്-ബൈ-വയർ ത്രോട്ടിൽ സിസ്റ്റത്തിനൊപ്പം റെയിൻ, റോഡ്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും കോംബാറ്റ് എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് ഹാൻഡിൽബാറുകളിലെയും സ്വിച്ച് ഗിയറുകളും പുതുക്കിയിട്ടുണ്ട്. റൈഡ് മോഡുകൾ മാറ്റാനും ക്രൂയിസ് കൺട്രോൾ സജീവമാക്കാനും സ്വിച്ച് ഗിയറുകൾ സഹായിക്കും. ഇങ്ങനെ ഒരു ലോഡ് ഫീച്ചറുകൾ കുത്തിനിറച്ചിട്ടുണ്ടെങ്കിലും ബൈക്കിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ഹീറോ മോട്ടോകോർപ് കൊടുത്തിട്ടില്ല കേട്ടോ.

163.2 സിസി സിംഗിൾ-സിലിണ്ടർ എയർ-ഓയിൽ-കൂൾഡ്, ഫോർ-വാൽവ് എഞ്ചിനാണ് പുതിയ എക്‌സ്‌ട്രീം 160 R 4V മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 16.66 bhp പവറും 6,500 ആർപിഎമ്മിൽ 14.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. സെഗ്മെൻ്റിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്ക് എന്നതിലുപരി ഏറ്റവും പെർഫോമൻസ് തരുന്ന മോഡൽ കൂടിയാണിത്.
സസ്പെൻഷനായി മുന്നിൽ KYB USD ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിൻ്റെ സപ്പോർട്ടോടെ പ്രവർത്തിക്കും. കോംബാറ്റ് എഡിഷനിൽ മാത്രമായി ബ്രോൺസ്/ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ/നിയോൺ ഗ്രീൻ, റെഡ് ആക്സന്റുകളുള്ള ബ്ലാക്ക്, മാറ്റ് ഗ്രേ ഷേഡ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളും എക്‌സ്‌ട്രീം 160 R 4V-യിൽ ലഭിക്കും.


Click it and Unblock the Notifications








