ബൈക്കിന് മാത്രമല്ല, ആക്‌സസറികൾക്കും കുറഞ്ഞ വിലയേയുള്ളൂ! അപ്പാച്ചെ RTX വാങ്ങി ടൂർ പോവാൻ തോന്നും
ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ഇടിവെട്ട് മോഡലുമായി എത്തിയിരിക്കുകയാണ് ടിവിഎസ്. അപ്പാച്ചെ RTX 300 ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിലെല്ലാം നിറഞ്ഞു നിൽക്കുകയാണ്. കില്ലർ പ്രൈസിംഗ് കൊടുത്താണ് ഇന്ത്യൻ ബ്രാൻഡ് ആരാധകരെ വശതാക്കിയിരിക്കുന്നത്. സിറ്റിയിലും ടൂറിംഗിലും ഒരുപോലെ ഉപയോഗിക്കാനുള്ള കഴിവാണ് ടിവിഎസിൻ്റെ എഡിവിയെ മികവുറ്റതാക്കുന്നത്. ഒപ്പം ഓഫ് റോഡിംഗ് കഴിവുകൾ കൂടിയാവുമ്പോൾ സംഗതി ഉഷറാവും. 1.99 ലക്ഷം മുതൽ 2.29 ലക്ഷം വരെയാണ് അപ്പാച്ചെ അഡ്വഞ്ചർ ബൈക്കിന് വരുന്ന എക്സ്‌ഷോറൂം വില. ഒപ്പം തെരഞ്ഞെടുക്കാൻ മൂന്ന് വേരിയൻ്റുകളുമുണ്ട്.
ഇപ്പോഴിതാ ടൂറിംഗ് ആവശ്യങ്ങൾക്കായി RTX വാങ്ങാനിരിക്കുന്നവർക്ക് സന്തോഷകരമായ വാർത്തയും പുറത്തുവിട്ടിരിക്കുകയാണ് ബ്രാൻഡ്. എന്താണെന്നല്ലേ... അപ്പാച്ചെ RTX 300 എഡിവിയെ ടൂറിംഗ് ഫ്രണ്ട്‌ലിയാക്കാനായി ടിവിഎസ് ആക്‌സസറി കിറ്റും അതിൻ്റെ വിലകളും പുറത്തുവിട്ടിരിക്കുകയാണ്. എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ ഒരു ഗെയിം ചേഞ്ചർ ആവാൻ പോവുന്ന മോഡൽ അന്യായം ആണെന്ന് തന്നെ പറയാം.

ആക്‌സസറികൾ ഉപയോഗിച്ച് തങ്ങളുടെ ബൈക്കുകൾ മോടിപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിവിഎസ് ചെറുതും എന്നാൽ ചിന്തനീയവുമായ ആഡ്-ഓണുകളുടെ ഒരു ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ടൂറിംഗ് പ്രേമികൾക്കായി, പ്രശസ്ത മോട്ടോർസൈക്കിൾ ലഗേജ് നിർമ്മാതാക്കളായ GIVI യുമായി സഹകരിച്ച് നിർമ്മിച്ച ഒരു ടോപ്പ് ബോക്സും സൈഡ് പാനിയറുകളും ടിവിഎസ് അപ്പാച്ചെ RTX 300 അഡ്വഞ്ചറിനായി അവതരിപ്പിച്ചിട്ടുണ്ട്.
സൈഡ് പാനിയറുകളുടെ ജോഡിക്ക് 16,499 രൂപയും ടോപ്പ് ബോക്സിന് 9,999 രൂപയുമാണ് വില. 1,849 രൂപയും 1,499 രൂപയും വിലയുള്ള നക്കിൾ ഗാർഡുകളും റിയർ ടയർ ഹഗ്ഗറും തിരഞ്ഞെടുക്കാം. മോട്ടോർസൈക്കിളിന്റെ ലുക്ക് വർദ്ധിപ്പിക്കുന്നതിന്, 499 രൂപ വിലയുള്ള ഒരു ബീക് പോലുള്ള ഫ്രണ്ട് ഫെൻഡറും ഉണ്ട്. മൊത്തത്തിൽ, മോട്ടോർസൈക്കിളിനെപ്പോലെ തന്നെ ആക്‌സസറികൾക്കും താങ്ങാനാവുന്ന വില തന്നെയാണുള്ളത്.

എന്തായാലും റോയൽ എൻഫീൽഡ് ഹിമായലൻ പോലുള്ള ടൂറിംഗ് ഫ്രണ്ട്‌ലി ബൈക്കുകൾക്ക് RTX ൻ്റെ വരവ് വെല്ലുവിളി തന്നെയാണ്. ഇതോടൊപ്പം എക്സ്പൾസ് 210 സിസിക്കും ക്ഷീണമാവും. ടിവിഎസ് വിചാരിച്ചത് പോലെ എല്ലാം ഇതുവരെ ഭംഗിയായിട്ടുണ്ട്. ഇനി ഡെലിവറി ആരംഭിക്കുമ്പോൾ ഇപ്പോൾ ലഭിച്ച പ്രതികരണങ്ങൾ വിൽപ്പനയായി പ്രതിഫലിക്കുമോ എന്നത് കണ്ടറിയാം. ബേസ്, ടോപ്പ്, BTO എന്നീ മൂന്ന് വേരിയന്റുകളുള്ളതിനാൽ ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.29 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
അതായത് വില കേട്ടാൽ ആരായാലും വാങ്ങിയാലോ എന്ന് വരെ ചിന്തിച്ചുപോവുമെന്ന് ചുരുക്കം. കഴിഞ്ഞ വർഷം മോട്ടോസോൾ ഇവന്റിൽ അവതരിപ്പിച്ച 299.1 സിസി DOHC 4V/സിലിണ്ടർ സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ടിവിഎസിന്റെ പുത്തൻ അഡ്വഞ്ചർ ടൂററിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ക്വിക്ക്-ഷിഫ്റ്റർ എന്നിവയുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 35 bhp കരുത്തിൽ 28.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

ടൂർ, റാലി, അർബൻ, റെയിൻ റൈഡിംഗ് മോഡുകൾ, റാലി എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഗൂഗിൾ മാപ്‌സിനൊപ്പം മാപ്പ് മിററിംഗ്, നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് അപ്പാച്ചെ RTX 300 അഡ്വഞ്ചർ മോട്ടോർസൈക്കിളിലെ പ്രധാന ഫീച്ചറുകൾ. കൂടാതെ ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന മിററുകൾ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, കരുത്തുറ്റ റിയർ ലഗേജ് റാക്ക് എന്നിവയും ബൈക്കിനെ കിടിലമാക്കുന്നവയാണ്.
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി പൂർണമായും ക്രമീകരിക്കാവുന്ന ഗോൾഡ് ഫിനിഷുള്ള 41 mm USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക് എന്നിവയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ 320 mm ഫ്രണ്ട് ഡിസ്ക് പെറ്റൽ ഡിസ്‌ക്, റിയർ ഡിസ്ക് എന്നിവയാണ അപ്പാച്ചെ അഡ്വഞ്ചർ പതിപ്പിലുള്ളത്. സ്വിച്ചബിളായിട്ടുള്ള ഡ്യുവൽ ചാനൽ എബിഎസും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.


Click it and Unblock the Notifications








