ഒരുതുള്ളി പെട്രോൾ വേണ്ട, കറണ്ട് മതി! പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇറ്റാലിയൻ കമ്പനി ഇന്ത്യയിലേക്ക്
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പ്രചാരമേറിവരികയാണ്. ഓലയും ഏഥറും ടിവിഎസും ഹീറോയും ബജാജുമെല്ലാം വൈദ്യുത വാഹനങ്ങളിലൂടെ പണംവാരുമ്പോൾ പരൽമീനുകളെ പോലെ ധാരാണം സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വിപണിയിലുണ്ട്. വർഷങ്ങളായി ഉയർന്ന് നിൽക്കുന്ന പെട്രോൾ വില കാരണമാണ് ആളുകളെല്ലാം ഇവികളിലേക്ക് ആകൃഷ്‌ടരായി മാറിയതെന്ന് നിസംശയം പറയാം. ഒപ്പം വിശ്വസ്‌തരായ ബ്രാൻഡുകളും സജീവമായതോടെ ആളുകൾക്ക് കാര്യങ്ങൾ എളുപ്പമായി. സ്വദേശികൾക്കൊപ്പം വിദേശീയരായ ഇവി നിർമാതാക്കളും രാജ്യത്തേക്ക് കടന്നുവന്നതോടെ നിരവധി അനവധി മോഡലുകളാൽ വിപണി സമ്പന്നമാവുകയും ചെയ്‌തു. ഇക്കൂട്ടത്തിലെ സ്റ്റൈലിഷ് ബ്രാൻഡാണ് VLF എന്നറിയപ്പെടുന്ന ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ വെലോസിഫെറോ.
VLF ടെന്നീസ് 1500W ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഇന്ത്യക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ ബ്രാൻഡ് ഇപ്പോഴിതാ പുത്തനൊരു ഇവിയുമായി വീണ്ടും വിപണിയിലേക്ക് എത്തുകയാണെന്ന സൂചന തന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി VLF ഇന്ത്യ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ ടീസറും പങ്കുവെച്ചിട്ടുണ്ട്. മോഡൽ ഏതായിരിക്കുമെന്ന് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2025 ഏപ്രിൽ രണ്ടിന് പുതിയ ഇവി പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ വെലോസിഫെറോ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഒരേയൊരു ഇലക്ട്രിക് സ്കൂട്ടറായ VLF ടെന്നീസ് 1500 W ഇവിയുടെ കൂടുതൽ താങ്ങാനാവുന്ന പതിപ്പായിരിക്കും വരാനിരിക്കുന്ന മോഡലെന്നാണ് സൂചന. അതുമല്ലെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ കൂടുതൽ ശക്തവും കൂടുതൽ റേഞ്ചുള്ളതുമായ ടെന്നീസ് 4000 W ഇലക്ട്രിക് സ്കൂട്ടറായിരിക്കും രാജ്യത്തിനായി സമ്മാനിക്കുക.
ഇരുചക്ര വാഹന നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന ടീസർ ചിത്രത്തിൽ പുതിയ സ്കൂട്ടറിന്റെ എൽഇഡി ടെയിൽലൈറ്റ് മാത്രമേ കാണിക്കുന്നുള്ളൂ. VLF ടെന്നീസ് 1500 W ഇവിയിൽ ലഭ്യമായതിന് സമാനമാണിത്. ബ്രാൻഡ് നിരയിലെ ടെന്നീസ് 4000 W പതിപ്പിലും സമാനമായ എൽഇഡി ടെയിൽലൈറ്റ് ഉണ്ടെന്നതും രസകരമായയ കാര്യമാണ്. ചിത്രത്തിൽ മിലാനോ എന്ന അക്ഷരവും കാണാം.

സ്ലീക്ക് ആയ എന്തോ ഒന്ന്, ബോൾഡ് ആയ എന്തോ ഒന്ന്, ഇറ്റാലിയൻ ആയ എന്തോ ഒന്ന് എന്ന അടിക്കുറിപ്പോടെയാണ് വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ടീസർ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. കഴിഞ്ഞ വർഷം നവംബറിലാണ് VLF ടെന്നീസ് 1500 W ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 1.29 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ റെട്രോ-തീം ഇലക്ട്രിക് സ്കൂട്ടർ ലുക്കിന്റെ കാര്യത്തിൽ പലരേയും ആകർഷിക്കുകയും ചെയ്‌തിരുന്നു.
സ്നോഫ്ലേക്ക് വൈറ്റ്, ഫയർ ഫ്യൂറി ഡാർക്ക് റെഡ്, സ്ലേറ്റ് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആളുകൾക്ക് സ്വന്തമാക്കാനും സാധിക്കും. 2.5 kWh ബാറ്ററി പായ്ക്കാണ് VLF ടെന്നീസ് 1500 W ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇവിക്ക് സാധിക്കുകയും ചെയ്യും. ടെന്നീസ് 1500 W ഇവിയുടെ ഇലക്ട്രിക് പവർട്രെയിൻ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പ്രാപ്തമാണ്.

ഇലക്ട്രിക് സ്കൂട്ടർ പൂർണമായും ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ മാത്രമാണ്വേണ്ടിവരിക. . കണ്ടാൽ ഭീമനായി തോന്നുമെങ്കിലും ഉയർന്ന ടെൻസൈൽ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ടെന്നീസ് 1500W ഇവിക്ക് വെറും 88 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. അതായത് പല പെട്രോൾ സ്കൂട്ടറുകളേക്കാലും ഭാരം കുറവാണെന്ന് സാരം. VLF ടെന്നിസിൽ സ്പീഡോമീറ്ററിനായി അഞ്ച് ഇഞ്ച് ഡിജിറ്റൽ TFT ഡിസ്പ്ലേയും ലഭിക്കും. ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്.
അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ ടെന്നീസ് 4000 W ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ കമ്പനിക്ക് അതൊരു മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട. പരമാവധി 232 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന മോഡലിന് 100 കിലോമീറ്ററിന്റെ പരമാവധി വേഗമാണുള്ളത്. 2.8 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകാനുമാവും. പൂർണമായി ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും.


Click it and Unblock the Notifications








