60 KM മൈലേജും സ്പോർട്ടി ഡിസൈനും, FZ നിരയിലേക്ക് പുതിയ മോഡലുമായി യമഹ; വില 1.17 ലക്ഷം മാത്രം
പൾസറും അപ്പാച്ചെയുമെല്ലാം അരങ്ങുവാണിരുന്ന കാലത്ത് യൂത്തൻമാരെയെല്ലാം യമഹയുടെ ഷോറൂമിലെത്തിച്ച ബൈക്കായിരുന്നു FZ. വലിയ ടയറും നേക്കഡ് സ്റ്റൈലുമെല്ലാമായി എത്തിയ മോഡലിനെ ഇന്ത്യക്കാർ അതിവേഗമാണ് സ്വീകരിച്ചത്. ഇന്ന് പഴയ പ്രതാപമില്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ ആശാൻ വിറ്റഴിയുന്നുണ്ട്. ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ഇപ്പോഴും യമഹ. ഇന്ന് യുവാക്കളുടെ പൾസളക്കാൻ MT-15, R-15 എന്നീ രണ്ട് ബൈക്കുകൾ മാത്രമാണുള്ളതെങ്കിലും ആവനാഴിയിലേക്ക് XSR 155 പുറത്തിറക്കി കമ്പനി വീണ്ടും തരംഗമാവാൻ ഒരുങ്ങുകയാണ്. ഇതിനോടൊപ്പം വേറെയും പുത്തൻ വണ്ടികളുടെ വരവിന് രാജ്യം സാക്ഷ്യംവഹിച്ചിരിക്കുകയാണ്.
XSR 155 റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളിനൊപ്പം കമ്പനി FZ റേവ് എന്നൊരു പുത്തൻ ബൈക്കിനെക്കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. 1,17,218 രൂപ എക്സ്ഷോറൂം വിലയിലാണ് മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് FZ ശ്രേണിയേക്കാൾ അൽപം സ്പോർട്ടിയറായിട്ടാണ് റേവ് വേരിയന്റിനെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ആരുടേയും കണ്ണുടക്കുന്ന സ്റ്റൈലാണ് ഇതിനുള്ളത്.

ഇന്റഗ്രേറ്റഡ് പൊസിഷൻ ലൈറ്റുള്ള സ്പോർട്ടിയർ ഫുൾ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, കോസ്‌മെറ്റിക് വെന്റുകളുള്ള സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, കോംപാക്‌ട് എക്‌സ്‌ഹോസ്റ്റ്, ഒരു സ്ലീക്ക് ടെയിൽ സെക്ഷൻ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചാണ് FZ റേവ് പണിതിറക്കിയിരിക്കുന്നത്. ഇതുകൂടാതെ സിംഗിൾ-പീസ് സീറ്റും മാറ്റ് ടൈറ്റാൻ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളും മോട്ടോർസൈക്കിളിനെ വേറിട്ടുനിർത്തും.
ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള 149 സിസി എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ 4-സ്ട്രോക്ക് SOHC എഞ്ചിനാണ് FZ റേവിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആർപിഎമ്മിൽ 12.4 bhp കരുത്തും 5,500 ആർപിഎമ്മിൽ 13.3 Nm ടോർക്കും ഉത്പാദിപ്പിക്കാനാവുമെന്നാണ് യമഹ പറയുന്നത്. ലീനിയർ ആക്സിലറേഷനും ഉയർന്ന ഇന്ധനക്ഷമതയ്ക്കും വേണ്ടി ട്യൂൺ ചെയ്തിരിക്കുന്നതാണ് എഞ്ചിൻ.

E20 ഫ്യുവൽ അനുയോജ്യതാ മാനദണ്ഡങ്ങളും FZ റേവ് പാലിക്കുന്നുണ്ട് കേട്ടോ. ഡയമണ്ട്-ടൈപ്പ് ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന മോഡലിന്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് യമഹ ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഹൈഡ്രോളിക് സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ് ലഭ്യമാവുക. അധിക സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സപ്പോർട്ടും കൊടുത്തിട്ടുണ്ട്.
ഫ്രണ്ട് ടയറിന് 100/80-17 വലിപ്പവും റിയർ ടയറിന് 140/60-17 വലിപ്പവുമാണുള്ളത്. രണ്ടും ട്യൂബ്‌ലെസായതിനാൽ പഞ്ചറായി വഴിയിൽ കിടക്കുമെന്ന പേടിയും ആശങ്കയും വേണ്ട. ഇനി ബൈക്കിന്റെ മൊത്തത്തിലുള്ള വലിപ്പത്തിലേക്ക് നോക്കിയാൽ FZ റേവിന് 1,990 mm നീളവും 780 mm വീതിയും 1,080 mm ഉയരവുമുണ്ട്. അതേസമയം സീറ്റ് ഹൈറ്റ് 790 മില്ലീമീറ്ററും വീൽബേസ് 1,330 മില്ലീമീറ്ററും ആണ്.

165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള മോട്ടോർസൈക്കിളിന് വെറും 136 കിലോഗ്രാം ഭാരവും 13 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്. ഫീച്ചറുകളുടെ കാര്യത്തിലും യമഹ FZ റേവ് പിശുക്കൊന്നും കാട്ടിയിട്ടില്ല. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഫ്യുവൽ ഗേജ്, ക്ലോക്ക് എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ്, ഇലക്ട്രിക് സ്റ്റാർട്ട്, 12V 3.0Ah ബാറ്ററി സിസ്റ്റം എന്നിവയും ഇതിലുണ്ട്.
മര്യാദയ്ക്ക് ഓടിച്ചാൽ 60 കിലോമീറ്ററോളം മൈലേജ് വരെ ബൈക്കിന് നൽകാനും സാധിച്ചേക്കും. 2.75 ദശലക്ഷത്തിലധികം FZ സീരീസ് മോട്ടോർസൈക്കിളുകൾ ഇതിനകം ഇന്ത്യയിൽ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ അവകാശപ്പെടുന്നത്. വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി FZ റേവിനാവുമെന്നും കമ്പനി പറയുന്നു.


Click it and Unblock the Notifications








