ഹിമാലയനെ ഒതുക്കാൻ യെസ്‌ഡിയുടെ പുതിയ അഡ്വഞ്ചർ ബൈക്ക് വരുന്നു, വരവിന് തീയതി കുറിച്ച് കമ്പനി
അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ (Adventure Motorcycles) പറുദീസയായി മാറിയിരിക്കുകയാണ് ഇന്ത്യ. റോയൽ എൻഫീൽഡ് ഹിമാലയൻ (Royal Enfield Himalayan) തിരികൊളുത്തിയ വിഭാഗത്തിൽ ഇന്ന് അനേകം മോഡലുകളാണ് മത്സരിക്കുന്നത്. അക്കൂട്ടത്തിലെ മിടുക്കനാണ് യെസ്‌ഡി അഡ്വഞ്ചർ (Yezdi Adventure). ഒരുകാലത്ത് റെട്രോ ബൈക്കുകളുടെ തമ്പുരാക്കൻമാരായി അറിയപ്പെട്ടിരുന്ന യെസ്‌ഡി നിരയിലേക്ക് ഇത്തരത്തിലൊരു മോഡേൺ വണ്ടി വരുമെന്ന് അങ്ങനെയാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വിപണിയിലെത്തി വലിയ ഓളമൊന്നും സൃഷ്‌ടിച്ചില്ലെങ്കിലും ഫാൻസിനെയുണ്ടാക്കിയെടുക്കാൻ കക്ഷിക്കായിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. ഒറ്റനോട്ടത്തിൽ പഴയ ഹിമാലയനെ കോപ്പിയടിച്ചതാണെന്ന് തോന്നുമെങ്കിലും ഇതിനോടകം തന്റേതായ സ്ഥാനം കണ്ടെത്താൻ അഡ്വഞ്ചറിനായിട്ടുണ്ട്.
ഇപ്പോഴിതാ അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ അൽപം പരിഷ്ക്കാരിയാക്കാനുള്ള ശ്രമത്തിലാണ് യെസ്‌ഡി. പുതിയ മാറ്റങ്ങളുമായി 2025 ജൂൺ നാലിന് ബൈക്ക് വിപണിയിലെത്തുമെന്ന സ്ഥിരീകരണവും കമ്പനി തന്നിട്ടുണ്ട്. പുതുക്കിയ യെസ്‌ഡി അഡ്വഞ്ചർ മെയ് 15-ന് പുറത്തിറക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ജൂണിലേക്ക് അവതരണം മാറ്റുകയായിരുന്നു. മെയ് തുടക്കത്തിൽ പൊട്ടിപ്പുറപ്പെട്ട ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കണക്കിലെടുത്തായിരുന്നു തീയതി മാറ്റാൻ തീരുമാനമെടുത്തത്.

പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ആയിരിക്കും മാറ്റങ്ങളുമായി എത്തുന്ന യെസ്‌ഡി അഡ്വഞ്ചറിലെ പ്രധാന പരിഷ്ക്കാരം. അസിമെട്രിക് ഹെഡ്‌ലൈറ്റ് ഡിസൈനാണ് ബൈക്കിൽ ഇത്തവണ എത്തുക. എൻട്രി ലെവൽ ADV സെഗ്‌മെന്റിലെ എതിരാളികൾക്കിടയിൽ പിടിച്ചുനിൽക്കാൻ ഡിസൈനിലും അങ്ങിങ്ങായി നവീകരണങ്ങൾ കൊണ്ടുവരാൻ കമ്പനി തയാറായേക്കും. പക്ഷേ അടിസ്ഥാന രൂപത്തിൽ കൈവെക്കാൻ ബ്രാൻഡ് തയാറായേക്കില്ല.
പുതിയ ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്‌ത ഇലക്ട്രോണിക്‌സ് പാക്കേജും വരാനിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം കാര്യമായ മാറ്റങ്ങളോടെ യെസ്ഡി അഡ്വഞ്ചർ വിപണിയിലെത്തിയിരുന്നതിനാൽ ഇത്തവണ മെക്കാനിക്കലായി വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ബൈക്കിലെ മെയിൻ ഫ്രെയിമും 334 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനും അതേപടി തുടരും.

ആൽഫ 2 എഞ്ചിൻ എന്ന് വിളിക്കുന്ന ഇത് നിലവിലുണ്ടായിരുന്ന ബൈക്കിനേക്കാൾ മികച്ച ഡ്യൂറബിളിറ്റിയും റിഫൈൻമെന്റുമാണ് വാഗ്‌ദാനം ചെയ്യുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 29.68 bhp പവറിൽ പരമാവധി 29.84 Nm torque വരെ ഉത്പാദിപ്പിക്കാനാവുമാവും. ഒരുപക്ഷേ ഇത്തവണ ട്രാക്ഷൻ കൺട്രോൾ പോലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് സിസ്റ്റം ആവശ്യകതകൾ നിറവേറ്റുന്നതിനും 2025 ഏപ്രിൽ മുതൽ നിർമിക്കുന്ന വാഹനങ്ങൾക്ക് പ്രാബല്യത്തിൽ വരുന്ന E20 ചട്ടങ്ങൾ പാലിക്കുന്നതിനുമായി പുതിയ യെസ്ഡി അഡ്വഞ്ചറിലെ എഞ്ചിൻ OBD2B നിലവാരത്തിലേക്ക് പരിഷ്ക്കരിക്കും. പുതിയ എഞ്ചിൻ്റെ NVH, മൈലേജ് എന്നിവയിൽ ക്ലാസിക് ലെജൻഡ്‌സ് സമഗ്രമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

ഇത്തരം കാര്യങ്ങളിൽ കാര്യമായ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സസ്പെൻഷൻ, വീൽ, ടയറുകൾ എന്നിവയിൽ മാറ്റങ്ങളൊന്നുമില്ല. സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിളും ഉൾപ്പെടുന്ന ലോംഗ്-ട്രാവൽ സസ്പെൻഷൻ സജ്ജീകരണവുമാണ് യെസ്‌ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുള്ളത്.
ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്‌ക്കും പിൻവശത്ത് 240 mm ഡിസ്‌ക്കുമാണ് യെസ്‌ഡി അഡ്വഞ്ചർ വാഗ്‌ദാനം ചെയ്യുന്നത്. ഒപ്പം ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായവും ഉണ്ടാവും. 21 ഇഞ്ച് ഫ്രണ്ട് വീൽ സെറ്റപ്പിലും 17 ഇഞ്ച് റിയർ വീലും സമ്മാനിച്ചിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളിന്. 815 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് വരുന്നത്. ഇതെല്ലാം വരുന്ന മോഡലിലും അതേപടി നിലനിർത്തിയേക്കും.


Click it and Unblock the Notifications








