ഓലയ്ക്ക് ഷോക്കടിക്കും, 175 കിലോമീറ്റർ റേഞ്ചുള്ള ന്യൂജെൻ ഇലക്‌ട്രിക് ബൈക്കുമായി ഒബെൻ വരുന്നു
ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ എന്നാൽ ജീവനാണ് ഇപ്പോൾ. അതുപോലെ പതിയെ വൈദ്യുത മോട്ടോർസൈക്കിളുകളും (Electric Motorcycle) ആളുകളിലേക്ക് അടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. ബൈക്ക് എന്ന സങ്കൽപ്പം പൊളിച്ചെഴുതുന്ന ഇവ പ്രായോഗികതയുടെ കാര്യത്തിൽ പെട്രോൾ മോഡലുകളേക്കാൾ കേമൻമാരാണ് താനും. പിന്നെ എണ്ണ അടിക്കേണ്ടന്ന ഗുണവും കൂടിയാവുമ്പോൾ സംഗതി ഉഷാണ്. കൂട്ടിന് ആളുകളെ ചാക്കിലാക്കാൻ കൊട്ടക്കണക്കിന് ഫീച്ചറുകളും കൂടി വാഗ്‌ദാനം ചെയ്യുന്നതോടെ ആർക്കായാലും ഒന്ന് വാങ്ങാൻ മോഹം ഉദിക്കും. പോക്കറ്റ് കീറാതെ അന്നന്നത്തെ പരിപാടികൾക്കായി ഓടി നടക്കാൻ ഇവൻമാരാണ് ബെസ്റ്റാണ്.
ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ രംഗത്തെ ശക്തൻമാരാവാനുള്ള ശ്രമത്തിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബെൻ. റോർ, റോർ ഈസി എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഇ-ബൈക്കുകൾ ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുന്ന ബ്രാൻഡ് ന്യൂജെൻ റോർ ഈസി ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2025 ഓഗസ്റ്റ് അഞ്ചിന് ഇവി ഔദ്യോഗികമായി വിപണിയിലെത്തുമെന്ന കാര്യം കമ്പനി പത്രക്കുറിപ്പിലൂടെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

2024 നവംബറിൽ ആദ്യമായി പുറത്തിറങ്ങിയ ഈസി കമ്മ്യൂട്ടർ ഇലക്ട്രിക് ബൈക്ക് ഒരുവർഷം തികയുന്നതിന് മുമ്പേ എന്തിന് പുതുതലമുറയിലേക്ക് ചേക്കേറണമെന്ന് ആലോചിക്കുന്നവരുണ്ടാവും അല്ലേ. നിലവിലെ മോഡലിനേക്കാൾ കൂടുതൽ മിടുക്കനായി അവതരിപ്പിക്കാൻ ഇതിലും നല്ല വഴിയില്ലെന്ന് തന്നെ പറയാം. പുതിയ മോഡലിന് ഒബെന്റെ ഉടമസ്ഥതയിലുള്ള ഹെ-പെർഫോമൻസ് LFP ബാറ്ററി സാങ്കേതികവിദ്യ തുടർന്നും ഉപയോഗിക്കുമെന്ന് ബൈക്ക് നിർമാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതിന് 50 ശതമാനം ഉയർന്ന ഹീറ്റ് റെസിസ്റ്റൻസും ഇരട്ടി ആയുസും ഉണ്ടെന്നും ഒബെൻ അവകാശപ്പെടുന്നു. ഇത് ഇന്ത്യയുടെ വൈവിധ്യമാർന്ന റൈഡിംഗ് സാഹചര്യങ്ങളിൽ സ്ഥിരമായ വിശ്വാസ്യത നൽകാൻ സഹായിക്കുന്ന കാര്യമാണ്. ഇതിനുപുറമെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സ്റ്റാർട്ടപ്പ് ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുതിയ മോഡൽ അതിന്റെ കമ്മ്യൂട്ടർ ഫസ്റ്റ് അപ്പീൽ നിലനിർത്തുമെന്നാണ് വിശ്വാസം.

ദൈനംദിന ഇലക്ട്രിക് റൈഡിൽ നിന്ന് കൂടുതൽ ആഗ്രഹിക്കുന്നവർക്കായി ചില ബോൾഡായ അപ്‌ഗ്രേഡുകൾ പുതിയ ഒബെൻ ഈസിയിൽ അവതരിപ്പിക്കുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ടെന്നത് ആകാംക്ഷ വർധിപ്പിക്കുന്ന കാര്യമാണ്. കൂടാതെ, നിലവിലെ മോഡലിന്റെ ഡിസൈൻ ഭാഷയും നിലനിർത്തുന്നുവെന്ന് ടീസർ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. ഈ വർഷം ആദ്യം, ഇലക്ട്രിക് ബൈക്ക് നിർമാതാക്കൾ പുതിയ O100 പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു.
ഈ പ്ലാറ്റ്ഫോമിൽ പണികഴിപ്പിക്കുന്നതിനാലാവാം ന്യൂജെൻ മോഡലെന്ന് വരാനിരിക്കുന്ന ഒബെൻ റോർ ഈസിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ 1 ലക്ഷത്തിൽ താഴെ വിലയുള്ള മോഡലുകൾക്ക് അടിസ്ഥാനമാവുന്നതും ഇതേ പ്ലാറ്റ്ഫോം ആയിരിക്കും. ബെംഗളൂരുവിലെ ബ്രാൻഡിന്റെ ഗവേഷണ വികസന കേന്ദ്രത്തിലാണ് ഒബെൻ O100 പ്ലാറ്റ്‌ഫോം സ്വന്തമായി വികസിപ്പിച്ചെടുത്തത്. പുതിയ പ്ലാറ്റ്‌ഫോം മോഡുലാർ ആയിരിക്കുമെന്നും വ്യത്യസ്ത ഉപഭോക്തൃ വിഭാഗങ്ങൾക്ക് അനുയോജ്യമായ ഒന്നിലധികം വകഭേദങ്ങളും ബാറ്ററി ഓപ്ഷനുകളും പിന്തുണയ്ക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു.

നിലവിലെ അവസ്ഥയിൽ റോർ ഈസി 2.6 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 99,999 രൂപ, 1,19,999 രൂപ, 1,29,999 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. സിംഗിൾ ചാർജിൽ ഏകദേശം 175 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ഓബെൻ റോറിന് സാധിക്കും. ഇ-ബൈക്കിന് 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 230 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ശേഷിയുമുണ്ട്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പരമാവധി 95 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന ഇവിക്ക് വെറും 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത എത്തിപ്പിടിക്കും. 52 Nm ടോർക്കാണ് ഒബെൻ റോർ ഈസിക്ക് ഉത്പാദിപ്പിക്കാനാവുന്നത്. ബ്രാൻഡിന്റെ പ്രൊപ്രൈറ്ററി ARX പ്ലാറ്റ്‌ഫോമിലും ഇൻ-ഹൗസ് വികസിപ്പിച്ച LFP ബാറ്ററി സാങ്കേതികവിദ്യയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications