സ്മാർട്ട് ഫോണിനേക്കാൾ വില കുറവ്, 27,999 രൂപക്ക് 80 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് ദിനംപ്രതി അനേകം മോഡലുകളാണ് ഇപ്പോൾ കടന്നുവരുന്നത്. ചെറിയ വില മുതൽ പ്രീമിയം വില വരെയുള്ള ഇവികൾ സമ്പന്നമാണ് ഇപ്പോൾ നമ്മുടെ ഇരുചക്ര വാഹന രംഗമെന്ന് വേണം പറയാൻ. ഓലയും ഏഥറും ഹീറോയും ടിവിഎസും ബജാജും ഹോണ്ടയുമെല്ലാം അരങ്ങ് തകർക്കുമ്പോൾ കടലിലെ ചെറുമീനുകളായി മറ്റ് നിരവധി സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുന്നുണ്ട്. പക്ഷേ ചെറിയ വിലയിൽ മോഡലുകൾ നോക്കുന്നവർ ചിലപ്പോൾ നിരാശപ്പെട്ടേക്കാം. 1 ലക്ഷം അല്ലെങ്കിൽ അതിനടുത്ത് കൊടുത്തെങ്കിൽ മാത്രമേ ഒത്തൊരു വണ്ടി വാങ്ങാനാവൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
പുതിയൊരു ഇവിക്കായി 50,000 രൂപ പോലും മുടക്കാൻ തയാറാവാത്തവരും അങ്ങിങ്ങായി ഉണ്ട്. അത്തരക്കാർക്ക് എന്തെങ്കിലും കിട്ടാനുണ്ടോയെന്ന് ഇനി അധികം അന്വേഷിച്ച് നടക്കേണ്ട ആവശ്യമില്ല കേട്ടോ. ഇത്തരക്കാരെ ചാക്കിലാക്കാൻ നല്ലൊരു ഒന്നാന്തരം സ്ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ വന്നെത്തിയിരിക്കുകയാണ്. ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ ആൽഫവെക്‌ടർ പുതിയ നയന്റീ വൺ XE സീരീസ് എന്നൊരു മോഡലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതേതാണ് കമ്പനിയെന്ന് തലയൊന്നും പുകയ്ക്കേണ്ട കേട്ടോ.

രാജ്യത്തെ ഇലക്ട്രിക് സൈക്കിൾ നിർമാണ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡാണ് നയന്റീ വൺ. സുരക്ഷയ്ക്കും മൈലേജിനും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന EX സീരീസ് ഇലക്ട്രിക് സ്‌കൂട്ടറിന് കിലോമീറ്ററിന് വെറും 15 പൈസയിൽ താഴെ മാത്രമാണ് പ്രവർത്തന ചെലവ് വരിക. പക്ഷേ അധികം ഫാൻസി ഫീച്ചറുകളും ഡിസൈനുകളും സംഭവങ്ങളൊന്നും പ്രതീക്ഷിക്കാത്തവരെ വാഹനം തൃപ്ത്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.
കാര്യക്ഷമമായ BLDC മോട്ടോർ, ഉയർന്ന ശേഷിയുള്ള ബാറ്ററി ഓപ്ഷനുകൾ, ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ, ആത്യന്തിക റൈഡിംഗ് അനുഭവത്തിനായി മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് നയന്റീ വൺ EX സീരീസ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ ഇതിന് വെറും 27,999 രൂപ മാത്രമാണ് വില വരുന്നത് എന്നുകേട്ടാൽ ആരായാലും ഫ്ലാറ്റാവും.
നൂതന സാങ്കേതികവിദ്യ, സേഫ്റ്റി സവിശേഷതകൾ, ദീർഘകാല വാറണ്ടി എന്നിവയെല്ലാം ഈ വിലയിൽ കിട്ടുമ്പോൾ ആർക്കായാലും അങ്ങനെയൊന്നും മുഖംതിരിക്കാനാവില്ലല്ലോ. നല്ലൊരു മൊബൈൽ ഫോൺ വാങ്ങുന്ന പൈസയ്ക്ക് പുത്തനൊരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ സാധിക്കുമെന്നതും അത്ര എളുപ്പം വിശ്വസിക്കാൻ പറ്റുന്ന കാര്യമൊന്നും ആയിരിക്കില്ല. സ്ലോ-സ്പീഡ് ഇവിയായതിനാൽ തന്നെ ഇത് ഉപയോഗിക്കാൻ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നതും എടുത്തുപറയേണ്ട വിഷയമാണ്.
ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ, ലെഡ് ആസിഡ് ബാറ്ററി ഓപ്ഷനുകളുമായിട്ടാണ് നയന്റീ വൺ EX സീരീസ് ഇലക്ട്രിക് സ്‌കൂട്ടർ വിപണനത്തിന് എത്തിയിരിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് അവരുടെ റേഞ്ച് ആവശ്യകതകളും ബജറ്റും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും നൽകുന്ന കാര്യമാണ്. ലിഥിയം-അയൺ ഉപയോഗിക്കുന്ന വേരിയന്റുകൾ ഫുൾ ചാർജിൽ 80 കിലോമീറ്ററിൽ അധികം റേഞ്ച് നൽകാൻ പ്രാപ്‌തമാണ്.
അതേസമയം ലെഡ് ആസിഡ് ബാറ്ററി താരതമ്യപ്പെടുത്താവുന്ന റേഞ്ചുമായിട്ടാണ് വരുന്നത്. എങ്കിലും വിലയുടെ കാര്യത്തിൽ ഇത് കൂടുതൽ ലാഭകരമായ ഓപ്ഷനാണ്. നയന്റീ വൺ EX സീരീസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലിഥിയം-അയൺ ബാറ്ററികളിൽ 3 വർഷവും ലെഡ് ആസിഡ് ബാറ്ററികളിൽ 1 വർഷവും വാറണ്ടിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഓട്ടോ കട്ട്-ഓഫുള്ള 4 AMP ചാർജറുമായി വരുന്നതിനാൽ ചാർജിംഗും ഒരു തലവേദനയാവില്ല.
7-8 മണിക്കൂർ ചാർജിംഗ് സമയവും ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഉള്ളതിനാൽ പ്രായോഗികമാണ്. സ്ലോ-സ്പീഡ് ഇവിയായതിനാൽ തന്നെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. മറൂൺ, നേവി ബ്ലൂ, ബ്ലാക്ക്, ഗ്രേ, ഗ്രീൻ, ടീൽ ബ്ലൂ എന്നിങ്ങനെ വൈവിധ്യമാർന്ന കളർ ഓപ്ഷനുകളിലും നയന്റീ വണ്ണിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും.


Click it and Unblock the Notifications








