4 വർഷത്തിനുള്ളിൽ 10 ലക്ഷം ഇലക്‌ട്രിക് ടൂവീലറുകൾ നിർമിച്ച് ഓല, റോഡ്സ്റ്റർ ബൈക്കിന്റെ പുത്തൻ വേരിയന്റും വിപണിയിൽ
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിൽ കൊടുങ്കാറ്റായവരാണ് ഓല (Ola Electric). ക്യാബ് അഗ്രഗേറ്ററിൽ നിന്നും ഇവി നിർമാണത്തിലേക്ക് കമ്പനി കാലുകുത്തിയപ്പോൾ വലിയ വിപ്ലവം തന്നെയാണ് രചിച്ചത്. പഴയ പ്രതാപമില്ലെങ്കിലും വൈദ്യുത വാഹനം വാങ്ങണമെന്ന് ആലോചിക്കുന്നവരിൽ പലരുടേയും ഫസ്റ്റ് ചോയ്‌സാണ് ഓല. ഇപ്പോഴിതാ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക് ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ തങ്ങളുടെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നും 10 ലക്ഷം ഇവികൾ പണിതിറക്കിയെന്ന ചരിത്ര നേട്ടമാണ് പിന്നിട്ടിരിക്കുന്നത്.
2021-ൽ ഉത്പാദനം ആരംഭിച്ച സ്റ്റാർട്ടപ്പ് ബ്രാൻഡ് നാല് വർഷത്തിനുള്ളിലാണ് ഈയൊരു നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് പത്രക്കുറിപ്പിലൂടെയാണ് ഓല ഇലക്ട്രിക് വ്യക്തമാക്കിയിരിക്കുന്നത്. S1 ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയുമായാണ് ഫ്യൂച്ചർ ഫാക്‌ടറിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇത് ബ്രാൻഡിന്റെ വിജയത്തിന്റെ ആണിക്കല്ലായി മാറുകയും ചെയ്‌തിട്ടുണ്ട്. 10 ലക്ഷം ഇവികളുടെ നിർമാണം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെക്കാനായി റോഡ്‌സ്റ്റർ X പ്ലസ് ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേക പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.

എന്നിരുന്നാലും ഇക്കാലയളവിനുള്ളിൽ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ, തീപിടുത്തങ്ങൾ, മോശം സർവീസ് എന്നിവയുൾപ്പെടെയുള്ള വിവാദങ്ങളും ബ്രാൻഡിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ഉടമസ്ഥാവകാശ അനുഭവത്തെ ബാധിച്ചു. വാഹൻ ഡാറ്റ അനുസരിച്ച് 2025 ഓഗസ്റ്റിൽ ടിവിഎസിന് പിന്നിലായി രണ്ടാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായിരുന്നു ഓല ഇലക്ട്രിക്.
അതും ബജാജ് തങ്ങളുടെ ചേതക് ഇവിയുടെ പ്രൊഡക്ഷൻ താത്ക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് ഓലയ്ക്ക് രണ്ടാമത് എങ്കിലും എത്താനായത്. നിലവിൽ പുതിയ ഇലക്ട്രിക് ബൈക്കുകളിലൂടെ വീണ്ടും പഴയ പ്രതാപത്തിലേക്ക് ഉയരാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഓല റോഡ്‌സ്റ്റർ X പ്ലസ് സ്പെഷ്യൽ എഡിഷൻ ഇതിന് സഹായിക്കുമെന്ന്ണ് കമ്പനിയുടെ വിശ്വാസം.

മിഡ്‌നൈറ്റ് ബ്ലൂ പെയിന്റ് സ്കീമിലാണ് ഓല റോഡ്‌സ്റ്റർ X പ്ലസ് സ്പെഷ്യൽ എഡിഷൻ പൂർത്തിയാക്കിയിരിക്കുന്നത്. ഡ്യുവൽ-ടോൺ സീറ്റ്, റിമ്മുകൾ, ബാറ്ററി പായ്ക്ക് എന്നിവയിൽ സ്‌പോർട്ടി റെഡ് ആക്‌സന്റുകൾ എന്നിവ പോലുള്ള ഹൈലൈറ്റുകളും ഇതിലുണ്ട്. പുനരുപയോഗിച്ച ചെമ്പ് മാലിന്യത്തിൽ നിന്ന് നിർമിച്ച ബാഡ്ജുകളും ഇലക്ട്രോപ്ലേറ്റഡ് ബാർ എൻഡുകളും മോഡലിൽ ഉൾപ്പെടുത്തിയാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.
ഹീറോ സ്പ്ലെൻഡർ പോലുള്ള വമ്പൻമാരോട് മുട്ടാൻ കൊണ്ടുവന്ന റോഡ്സ്റ്റർ X സീരീസിന് മികച്ച സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ അടുത്തിടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4680 ഭാരത് സെൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉൽപ്പന്നങ്ങളും അവതിരിപ്പിച്ചിരുന്നു. രണ്ട് മോഡലുകളാണ് ആദ്യം നിരയിലുള്ളത്. 9.1 kWh ബാറ്ററിയുള്ള റോഡ്സ്റ്റർ X പ്ലസും 5.2 kWh പായ്ക്കുള്ള S1 പ്രോ പ്ലസുമാണവ.

ഇവയുടെ വിലകൾ യഥാക്രമം 1,89,999 രൂപയും 1,69,999 രൂപയുമാണ് വരുന്നത്. കമ്പനി പറയുന്നത് അനുസരിച്ച് ഇരുമോഡലുകൾക്കുമായുള്ള ഡെലിനറി നവരാത്രിയോട് അനുബന്ധിച്ച് നടക്കും. ഇതിനെല്ലാം പുറമെ പുതിയൊരു S1 പ്രോ സ്പോർട്ട് സ്കൂട്ടറും അടുത്തിടെ പുറത്തിറക്കിയിരുന്നു. 4 kWh, 5.2 kWh ബാറ്ററി പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്ന ഈ സ്പോർട്ടി സ്കൂട്ടർ 1,49,999 രൂപ എന്ന പ്രാരംഭ വിലയിൽ വിപണിയിലെത്തും.
4680 ഭാരത് സെല്ലിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന 5.2 kWh ബാറ്ററി പായ്ക്കിനൊപ്പം പ്രവർത്തിക്കുന്ന 16 kW ഇലക്ട്രിക് മോട്ടോറാണ് ഓല S1 പ്രോ സ്പോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. 320 കിലോമീറ്റർ വരെ IDC റൈഡിംഗ് റേഞ്ച് ഇതിനുണ്ട്. കൂടാതെ മണിക്കൂറിൽ 152 കിലോമീറ്റർ വേഗത കൈവരിക്കാനും ഇവിക്ക് കഴിയും. വെറും 2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഡെലിവറികൾ 2026 ജനുവരി മുതൽ ആരംഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications








