സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച്, ഭാരതം കാത്തിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ ഡെലിവറി തുടങ്ങിയേ...
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റ് സൃഷ്‌ടിച്ചവരായിരുന്നു ബെംഗളൂരു ആസ്ഥാനമായുള്ള ഓല ഇലക്‌ട്രിക് (Ola Electric). ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി (EV) നിർമാണത്തിലേക്ക് കടന്നപ്പോൾ കമ്പനി പോലും പ്രതീക്ഷിക്കാത്ത സ്വീകരണവും വളർച്ചയുമാണ് ഓല നേടിയെടുത്തത്. എന്നാൽ വിൽപ്പനാന്തര സേവനങ്ങളിൽ തകർന്നുപോയതോടെ ഓലയുടെ സിംഹാസനത്തിന് ഇളക്കം തട്ടി. ബ്രാൻഡിൻ്റെ ഇലക്ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) വാങ്ങിയ മിക്ക ഉടമകളും പരാതികളും പരിഭവങ്ങളുമായി ഷോറൂമിലെത്തുന്നുണ്ട്. എങ്കിലും തുടക്കത്തിൽ കെട്ടിപടുത്ത പേരിൻ്റെ പുറത്ത് വിൽപ്പന തരക്കേടില്ലാതെ നടക്കുന്നുണ്ട്.
ഇതിനിടയിൽ ഇതാ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4680 ഭാരത് സെൽ ബാറ്ററി പായ്ക്കുമായി പുറത്തിറക്കിയ ഓല S1 പ്രോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ഡെലിവറി ആരംഭിച്ച് വാർത്തകളിൽ ഇടംനേടുകയാണ് കമ്പനി. ഇതോടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ബാറ്ററി പായ്ക്കും ഇന്ത്യയിൽ നിർമിച്ച ബാറ്ററി സെല്ലും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവി സ്കൂട്ടറുകൾ വിൽക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ഓല മാറി.

S1 പ്രോ പ്ലസ് സ്കൂട്ടറിൽ പുതിയ 5.2 kWh ബാറ്ററി പായ്ക്കാണ് ഓല ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ 4680 ഭാരത് സെൽ ബാറ്ററി പായ്ക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഓലയുടെ ഫ്യൂച്ചർ ഫാക്ടറിയിലാണ് ബാറ്ററി നിർമിക്കുന്നത്. ബാറ്ററി വികസനത്തിനായുള്ള ഗവേഷണ വികസനം കർണാടകയിലെ ബെംഗളൂരുവിലുള്ള ബ്രാൻഡിൻ്റെ ബാറ്ററി ഇന്നോവേഷൻ സെൻ്ററിലുമാണ് പൂർത്തിയാക്കിയത്.
ഇവി നിർമാണത്തിനായി ചൈനയേയും മറ്റ് ബാറ്ററി സെൽ വിതരണക്കാരെയും ആശ്രയിക്കുന്നത് കുറയ്ക്കാനായാണ് ഓല ഇലക്ട്രിക് ഇത്തരത്തിലൊരു സെല്ലിൻ്റെ വികസനത്തിന് തുനിഞ്ഞത്. സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന 13kW ഇലക്ട്രിക് മോട്ടോറാണ് S1 പ്രോ പ്ലസ് സ്കൂട്ടറിൽ ഉപയോഗിക്കുന്നത്. ഹൈപ്പർ മോഡ് ഉപയോഗിച്ച് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കുതിക്കാനും ഇവിക്കാവും.

അതേസമയം വെറും 2.1 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും 4680 ഭാരത് സെൽ ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 പ്രോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. 242 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുന്ന ഒരു ചെറിയ 4kWh ബാറ്ററി പായ്ക്കും ഈ സ്കൂട്ടറിൽ ഉണ്ട്. കൂടാതെ ആദ്യത്തെ ഡ്യുവൽ-ചാനൽ എബിഎസ്, മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ എന്നീ ഫീച്ചറുകളും ഈ സ്കൂട്ടറിൽ കുത്തിനിറച്ചിട്ടുണ്ട്.
ബോഡി-കളർ മിററുകൾ, പുതിയ അലുമിനിയം ഗ്രാബ് ഹാൻഡിൽ, ഫുൾ ചെയിൻ കവർ, സിംഗിൾ ടോൺ സീറ്റ്, ഫുൾ റിം ഡീക്കലുകൾ എന്നിവയും ഓലയുടെ പുത്തൻ S1 പ്രോ പ്ലസ് ഇവിയുടെ ഡിസൈൻ ഘടകങ്ങളാണ്. SOS അലേർട്ടുകൾ, റോഡ് ട്രിപ്പ്, ഭാരത് മോഡ്, നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മ്യൂസിക്, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, ഈസി പാർക്ക്, DIY മോഡ് എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഒരു വലിയ TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടർ നിരയിലെ ഏറ്റവും വിലയേറിയ മോഡലാണ് ഓല S1 പ്രോ പ്ലസ്. ഇന്ത്യയിൽ നിർമിച്ച ബാറ്ററി പായ്ക്കുകൾ ബ്രാൻഡിന് അതിന്റെ ചെലവ് കുറയ്ക്കാനും ഇവിയെ കൂടുതൽ വാല്യു ഫോർ മണി ഇവിയാക്കാനും സഹായിച്ചിട്ടുണ്ട്. നിലവിൽ 1.54 ലക്ഷത്തിൽ നിന്നാണ് ഭാരത് സെൽ ഉപയോഗിക്കുന്ന വേരിയൻ്റിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. സെഗ്മെൻ്റിൽ ടിവിഎസ് ഐക്യൂബ്, ഏഥർ 450, ഹീറോ വിഡ V2 പ്രോ, ചേതക് 3501 തുടങ്ങിയ ഇവികളുമായാണ് S1 പ്രോ പ്ലസ് മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








