വില 79,999 രൂപ മുതൽ, 320 കി.മീ റേഞ്ച്; അടിപൊളിയായി ഓലയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് ഹോണ്ടയും സുസുക്കിയും ബജാജും ടിവിഎസുമെല്ലാം കടന്നുവന്നെങ്കിലും ഇന്ത്യക്കാർ ഇവി വാങ്ങണമെങ്കിൽ ആദ്യം ഓടിയെത്തുന്നത് ഓലയുടെ ഷോറൂമിലേക്കായിരിക്കും. കുറഞ്ഞ വിലയിൽ കിടിലൻ റേഞ്ചും ഫീച്ചറുകളുമുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ കമനീയ ശേഖരമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് ഒരുക്കിവെച്ചിട്ടുള്ളത്. ഇടയ്ക്ക് കംപ്ലിയന്റ് കാരണം ചീത്തപ്പേര് കേൾപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പരിഹരിച്ച് ഇരട്ടി ആവേശത്തോടെ മുമ്പോട്ട് കുതിക്കുകയാണ് ഓല. ഇതിന്റെ ഭാഗമായി തങ്ങളുടെ മോഡൽ നിരയുടെ ജെൻ 3 പതിപ്പുകളും പുറത്തിറക്കിയിരിക്കുകയാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ്.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓലയുടെ ജെൻ 3 ഇലക്ട്രിക് സ്കൂട്ടർ നിരയിൽ പുതിയ നാല് മോഡലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് 79,999 രൂപ മുതൽ 1.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. പഴയ ജെൻ 2 ഇലക്‌ട്രിക് സ്‌കൂട്ടറുകളേക്കാൾ മിടുക്കരായാണ് പുതിയ മൂന്നാംതലമുറ ആവർത്തനങ്ങളെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രാൻഡ് ബ്രേക്ക് ബൈ വയർ സാങ്കേതികവിദ്യയും ഒരു സിംഗിൾ ഇന്റഗ്രേറ്റഡ് ബോർഡും ജെൻ 3 മോഡലുകളിൽ അവതരിപ്പിച്ചിട്ടുണ്ടെന്നതാണ് രസകരമായ വിഷയം. ഓലയുടെ പുത്തൻ മോഡലുകളിൽ പുതിയ സീറ്റുകൾക്കൊപ്പം മൊത്തത്തിലുള്ള രൂപകൽപ്പനയും ചെറുതായി പരിഷ്ക്കരിച്ചിട്ടുണ്ട്. മികച്ച എർഗണോമിക്സും പുതിയ ബോഡി ഗ്രാഫിക്സും വഴി കാഴ്ച്ചയിൽ പുതുമ കൈവരിക്കാൻ ഇവികൾക്ക് സാധിച്ചുവെന്ന് വേണം പറയാൻ.
ഒപ്പം പുതിയ ഗ്രാബ് ഹാൻഡിലുകളും അഞ്ച് പുതിയ കളർ ഓപ്ഷനുകളും ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് സമ്മാനിച്ചിട്ടുണ്ട്. DIY മോഡ്, സ്മാർട്ട് പാർക്ക് മോഡ്, റോഡ് ട്രിപ്പ് മോഡ്, ഭാരത് മോഡ്, SOS അലേർട്ടുകൾ എന്നിവ ഉൾപ്പെടുന്ന മൂവ്ഓസ് 5 പതിപ്പും ഇവികൾക്കൊപ്പം ലഭ്യമാവും. ജെൻ 3 സീരിലെ ആദ്യത്തേതും ഏറ്റവും താങ്ങാനാവുന്നതുമായ മോഡൽ S1 X ആണ്.

ബേസ് വേരിയന്റാണെങ്കിലും ബ്രേക്ക്-ബൈ-വയർ, MCU ഉള്ള ഇന്റഗ്രേറ്റഡ് മിഡ്-മൗണ്ടഡ് മോട്ടോർ, നീളമുള്ള സീറ്റ്, പുതിയ സ്പോർട്ടി ഡീക്കൽ, ചെയിൻ ഡ്രൈവ്, കളർ LCD ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളാൽ വാഹനം സമ്പന്നമാണ് കേട്ടോ. 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാകും. 123 കിലോമീറ്ററിന്റെ പരമാവധി വേഗത വാഗ്ദാനം ചെയ്യുന്ന ഓല S1X ഇവിയിൽ 7 kW ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നതും.
സിംഗിൾ ചാർജിൽ 242 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിവുള്ള ഇതിന് വെറും 3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഓല S1 X ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബേസ് മോഡലായ 2 kWh ബാറ്ററി പായ്ക്ക് വേരിയന്റിന് 79,999 രൂപയാണ് വില. അതേസമയം, 3 kWh, 4 kWh ബാറ്ററി ഓപ്ഷനുകൾക്ക് യഥാക്രമം 89,999 രൂപയും 99,999 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

ഓലയുടെ ജെൻ 3 സീരീസ് ഇലക്ട്രിക് സ്കൂട്ടർ നിരയിലെ രണ്ടാമനായ S1 X പ്ലസ് ഇലക്ട്രിക് സ്കൂട്ടറിന് കൂടുതൽ ശക്തമായ 11 kW പവർ ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, പൂർണ ചാർജിൽ 242 കിലോമീറ്റർ റേഞ്ച്, 125 കിലോമീറ്റർ പരമാവധി വേഗത, 2.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കൽ എന്നിവയും ഇതിന് ലഭിക്കുന്നു.
മൂന്നാമനായ ഓല S1 പ്രോയുടെ പുതിയ ജെൻ 3 മോഡലിന് റിം ഡീക്കലുകൾ, ഡൈ-കാസ്റ്റ് അലുമിനിയം ഗ്രാബ് ഹാൻഡിൽ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയെല്ലാമാണ് ലഭിക്കുക. 3 കിലോവാട്ട്, 4 കിലോവാട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്യും. ഇതിന്റെ ഇലക്ട്രിക് മോട്ടോർ ഉത്പാദിപ്പിക്കുന്ന പീക്ക് പവർ 11 കിലോവാട്ട് ആയിരിക്കും. കൂടാതെ ഇതിന് മണിക്കൂറിൽ 125 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.
സിംഗിൾ ചാർജിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന് 242 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. 0-40 കിലോമീറ്റർ വേഗത 2.7 സെക്കൻഡ് ആണ്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ ജെൻ 3 S1 പ്രോയുടെ 3 കിലോവാട്ട് വേരിയന്റിന് 1,14,999 രൂപയും 4 കിലോവാട്ട് മോഡലിന് 1,34,999 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ S1 പ്രോ പ്ലസ് എന്നൊരു മോഡലും അവതരിപ്പിച്ചു. ഏറ്റവും ശക്തമായ 13 kW പവറുള്ള ഇലക്ട്രിക് മോട്ടോറുമായാണ് ഇനി വരുന്നത്. ഒപ്പം ഡ്യുവൽ-ചാനൽ എബിഎസ് സപ്പോർട്ടും ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യയും ഇതിനുണ്ട്. പോർസലൈൻ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, പാഷൻ റെഡ്, ഇൻഡസ്ട്രിയൽ സിൽവർ, സ്റ്റെല്ലാർ ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാവും.
പുതുതായി അവതരിപ്പിച്ച ഈ മോഡൽ 5.3 kWh, 4 kWh എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. കൂടുതൽ വിലയേറിയ 5.3 kWh വേരിയന്റ് 320 കിലോമീറ്റർ റേഞ്ചാണ് ഒറ്റ ചാർജിൽ തരുന്നത്. അതായത് വിപണിയിലെ ചില കാറുകളേക്കാൾ ദൂരം ഓടാനാവുമെന്ന് സാരം. പെർഫോമൻസിലേക്ക് വന്നാൽ ഇത് 2.1 സെക്കൻഡിനുള്ളിൽ 141 കിലോമീറ്റർ വേഗതയും 0-40 കിലോമീറ്റർ വേഗതയും കൈവരിക്കും. 5.3 kWh വേരിയന്റിന്റെ വില 1,69,999 രൂപയാണ് വരുന്നത്.


Click it and Unblock the Notifications








