ബുക്ക് ചെയ്‌തവർ ഇനിയും കാത്തിരിക്കേണ്ടി വരും, ഓല ഇലക്ട്രിക് ബൈക്ക് കൈയിൽ കിട്ടാൻ വൈകും; കാരണം ഇതാണ്
ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണി കീഴടക്കിയതു പോലെ പെട്രോൾ മോട്ടോർസൈക്കിളുകളുടെ അന്തകനാവാൻ ഒരുങ്ങുകയാണ് ഓല. കഴിഞ്ഞ മാസം തങ്ങളുടെ നിരയിലെ ആദ്യത്തെ റോഡ്സ്റ്റർ X ഇലക്ട്രിക് ബൈക്ക് ശ്രേണി പുറത്തിറക്കിയ കമ്പനി ഈ വിഭാഗത്തിലും കൊടുങ്കാറ്റ് സൃഷ്‌ടിക്കുമെന്നാണ് അനുമാനം. രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുമുള്ള എൻട്രി ലെവൽ മോഡലിന് വെറും 74,999 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ ഏറ്റവും വിറ്റഴിക്കുന്ന ഹീറോ സ്പ്ലെൻഡറിന്റെ വിലയുണ്ടെങ്കിൽ ഇവി വാങ്ങി വീട്ടിലെത്തിക്കാമെന്ന് സാരം.
ആക്രമണാത്മക വില നിർണയത്തിലൂടെ ഇന്ത്യയിലെ 100 സിസി മുതൽ 150 സിസി വരെയുള്ള പെട്രോൾ ബൈക്കുകളുടെ വിപണിയാണ് ഓല ലക്ഷ്യമിട്ടിരിക്കുന്നത്. ആകെ അഞ്ച് വകഭേദങ്ങൾ ലഭ്യമായ റോഡ്സ്റ്റർ നിരയുടെ വില 1.85 ലക്ഷം രൂപ വരെ ഉയരുമെങ്കിലും റേഞ്ച് കണക്കുകൾ കേട്ടാൽ ആരായാലും വാങ്ങിപ്പോവും. ഇതിൽ എൻട്രി ലെവൽ മോഡലായ റോഡ്സ്റ്റർ X ഇവിയുടെ ഡെലിവറികൾ 2025 മാർച്ച് പകുതിയോടെ ആരംഭിക്കാനാണ് ബ്രാൻഡ് പദ്ധതിയിട്ടിരുന്നത്.

എന്നാൽ ബൈക്ക് ഇതുവരെ ഹോമോലോഗേറ്റ് ചെയ്തിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ആയതിനാൽ ഓല ഇലക്ട്രിക് മോട്ടോർസൈക്കിൾ ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവർ വാഹനം കൈയിൽ കിട്ടാൽ അൽപം കൂടി ക്ഷമ കാണിക്കേണ്ടി വരും. ഹോമോലോഗേഷൻ പ്രക്രിയ ഇതുവരെ ആരംഭിക്കാത്തതിന്റെ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഹോമോലോഗേഷൻ പ്രക്രിയ പൂർത്തിയാകാൻ മൂന്ന് മുതൽ ആറ് മാസം വരെ സമയമാണ് പൊതുവേ വേണ്ടിവരിക.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഹോമോലോഗേഷൻ പൂർത്തിയാക്കാൻ റേഞ്ച് ടെസ്റ്റ്, ടോപ്പ് സ്പീഡ് ടെസ്റ്റ്, ഗ്രേഡബിലിറ്റി ടെസ്റ്റ്, ആക്സിലറേഷൻ ടെസ്റ്റ്, ബാറ്ററി, ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ സുരക്ഷാ പരിശോധനകൾ, സ്ട്രക്ചറൽ ആൻഡ് ഡ്യൂറബിലിറ്റി ടെസ്റ്റുകൾ, ബ്രേക്കിംഗ് ആൻഡ് സ്റ്റെബിലിറ്റി ടെസ്റ്റുകൾ, ഫയർ സേഫ്റ്റി ടെസ്റ്റുകൾ, ചാർജിംഗ്, കണക്ടർ കംപ്ലയൻസ് ടെസ്റ്റുകൾ തുടങ്ങിയ പരിശോധനകളിലൂടെയെല്ലാം കടന്നുപോവേണ്ടതുണ്ട്.

ഹോമോലോഗേഷൻ പ്രക്രിയ പൂർത്തിയാകുന്നതുവരെ വാഹനം ഗതാഗതയോഗ്യമാണെന്ന് കണക്കാക്കില്ല. വാഹനം എല്ലാ പരിശോധനകളും വിജയിച്ചതിനുശേഷം മാത്രമേ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റും ലഭിക്കൂ. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഓല റോഡ്സ്റ്റർ X ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി വൈകിയായിരിക്കും ആരംഭിക്കുക. സ്‌പോർട്ടി സ്റ്റൈലിലുള്ള ഒരു കമ്മ്യൂട്ടർ ബൈക്ക് എന്ന നിലയിലാണ് ഓലയുടെ ആദ്യ മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്.
മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വരുന്ന ഓല റോഡ്സ്റ്റർ X ഇലക്ട്രിക് ബൈക്കിന്റെ ബേസ് വേരിയൻ്റിന് 2.5 kWh ബാറ്ററിയാണുള്ളത്. ഇത് ഫുൾ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ യോഗ്യമാണ്. അതേസമയം മിഡ്-സ്പെക്ക് മോഡലിന് 84,999 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 3.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇതിന് സിംഗിൾ ചാർജിൽ 196 കിലോമീറ്റർ വരെയാണ് ഓടിക്കാനാവുക.

ഓല ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ 95,999 രൂപ വിലയുള്ള ടോപ്പ് എൻഡ് മോഡലിൽ 4.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇത് സിംഗിൾ ചാർജിൽ 252 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. 4.5 kWh ബാറ്ററിയും 9.1 kWh ബാറ്ററിയും വാഗ്ദാനം ചെയ്യുന്ന പുതിയ റോഡ്സ്റ്റർ X പ്ലസും ഇന്ന് ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് യഥാക്രമം 1.05 ലക്ഷം രൂപയും 1.55 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരിക.
അതേസമയം 252 കിലോമീറ്ററും 501 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്. 4.3 ഇഞ്ച് എൽസിഡി സ്‌ക്രീൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, അഡ്വാൻസ്ഡ് റീജൻ, ക്രൂയിസ് കൺട്രോൾ, TPMS, OTA അപ്‌ഡേറ്റുകൾ, സ്‌പോർട്‌സ്, നോർമൽ, ഇക്കോ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഓല പുറത്തിറക്കിയിരിക്കുന്ന സാധാരണക്കാരന്റെ ഇലക്ട്രിക് ബൈക്കിൽ ലഭ്യമാവും. ഡെലിവറി വൈകുമെങ്കിലും ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ പോവുന്ന ഇവികളെ കാത്തിരിക്കാൻ ബുക്ക് ചെയ്‌തവർ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








