സ്പ്ലെൻഡറിന്റെ കഥ തീരും? 579 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന്റെ പണി തുടങ്ങി ഓല; എല്ലാരും ഇത് വാങ്ങും
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റയവരാണ് ഓല. പെട്രോൾ വണ്ടികളെ ഉപേക്ഷിച്ച് ഇവികളിലേക്ക് ചേക്കേറിയാലോയെന്ന് മനുഷ്യൻമാരെ ചിന്തിപ്പിച്ചതും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് ബ്രാൻഡായിരുന്നു. ഹോണ്ട ആക്‌ടിവയുടേയും ടിവിഎസ് ജുപ്പിറ്ററിന്റേയുമെല്ലാം കച്ചോടം ഏറെക്കുറെ പിടിച്ചടക്കിയ ഓല ഇപ്പോഴിതാ മോട്ടോർസൈക്കിൾ രംഗത്തേക്കും ഇറങ്ങാൻ പോവുകയാണ്. രാജാവായി വാഴുന്ന ഹീറോ സ്പ്ലെൻഡർ പോലുള്ള എൻട്രി ലെവൽ മോഡലുകളുടെ കച്ചോടം പൂട്ടിക്കാൻ ഒരുങ്ങുന്ന ഇലക്‌ട്രിക് ബൈക്കിന്റെ പണി തുടങ്ങി ഓല തുടങ്ങിയിരിക്കുന്നതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ പങ്കുവെച്ചിട്ടുമുണ്ട്.
ഓല റോഡ്‌സ്റ്റർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചതോടെ പെട്രോൾ ബൈക്കുകൾക്ക് നെഞ്ചിൽ തീയായിരിക്കുമെന്ന് വേണം കരുതാൻ. റോഡ്സ്റ്റർ X, റോഡ്സ്റ്റർ, റോഡ്സ്റ്റർ പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വരുന്ന ഇവിക്ക് യഥാക്രമം 74,999 രൂപ, 1.04 ലക്ഷം രൂപ, 1.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിരിക്കുന്നതിനാൽ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ചെയ്‌തിടാം കേട്ടോ. ഓല റോഡ്സ്റ്റർ നിരയിലെ എൻട്രി ലെവൽ മോഡലായിരിക്കും X. 2.5 kWh, 3.5 kWh, 4.5 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഓല റോഡ്സ്റ്റർ X വാഗ്ദാനം ചെയ്യുന്നത്. വെറും 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിനാവും.
അതേസമയം പരമാവധി വേഗം മണിക്കൂറിൽ 124 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ടേ. 4.5 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വാങ്ങുന്നതെങ്കിൽ സിംഗിൾ ചാർജിൽ പരമാവധി 200 കിലോമീറ്റർ വരെ റേഞ്ച് തരാനും ഓല റോഡ്സ്റ്റർ X വേരിയന്റിനാവും. ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യയുള്ള ഇവിയുടെ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക് ബ്രേക്കുകളും പിന്നിൽ കോമ്പി ബ്രേക്കിംഗ് സിസ്റ്റവുമാണ് (CBS) സജ്ജീകരിച്ചിരിക്കുന്നത്.

സ്പോർട്സ്, നോർമൽ, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് മോട്ടോർസൈക്കിളിലുണ്ടാവും. 4.3 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, ഓല മാപ്സ് നാവിഗേഷൻ (ടേൺ ബൈ ടേൺ), അഡ്വാൻസ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ, റൈഡിംഗ് മോഡുകൾ, DIY മോഡ്, TPMS അലേർട്ടുകൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ എന്നീ ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് കമ്പനി. കൂടാതെ ഡിജിറ്റൽ കീ അൺലോക്ക്, ഓല ഇലക്ട്രിക് ആപ്പുമായുള്ള കണക്റ്റിവിറ്റി എന്നിവയും ഇതിൽ സപ്പോർട്ടാവും.
റോഡ്സ്റ്റർ വേരിയന്റിലേക്ക് നോക്കിയാൽ 13 kW മോട്ടോർ ഘടിപ്പിച്ച കമ്മ്യൂട്ടർ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിളാണിതെന്നാണ് ഓല പറയുന്നത്. 3.5 kWh, 4.5 kWh, 6 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. 248 കിലോമീറ്റർ റേഞ്ചാണ് ഇതിൽ ഒരുക്കിയിരിക്കുന്നതും. 6.8 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ, ക്രുട്രിം അസിസ്റ്റന്റ്, സ്മാർട്ട് വാച്ച് ആപ്ലിക്കേഷൻ, റോഡ് ട്രിപ്പ് പ്ലാനർ, പ്രോക്‌സിമിറ്റി അൺലോക്ക്, ക്രൂയിസ് കൺട്രോൾ, പാർട്ടി മോഡ്, ടാംപർ അലേർട്ടുകൾ തുടങ്ങിയ സവിശേഷതകളും ഈ വേരിയന്റിൽ കിട്ടും.

ഓല ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടോപ്പ് വേരിയന്റായ പ്രോയിലേക്ക് വന്നാൽ മണിക്കൂറിൽ 194 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനാവുന്ന മോഡൽ വിപ്ലവം തന്നെയുണ്ടാക്കുമെന്നാണ് വിവരം. 16 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് 579 കിലോമീറ്റർ റേഞ്ചുണ്ടെന്നാണ് കമ്പനി പറയുന്നത്. 10 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ, USD ഫോർക്കുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഹൈപ്പർ, സ്‌പോർട്, നോർമൽ, ഇക്കോ റൈഡിംഗ് മോഡുകൾ എന്നിവയാലും ഓലയുടെ ഇ-ബൈക്ക് സമ്പന്നമാണ്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഓല റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ പ്രോ 16 kWh വേരിയന്റിന് വെറും 1.2 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈയെത്തി പിടിക്കുമ്പോൾ 1.9 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗതയും പുറത്തെടുക്കും. അങ്ങനെ പെട്രോൾ ബൈക്കുകളുടെ അന്തകനാവാൻ ഓലയുടെ ഈ കണ്ടുപിടുത്തത്തിനാവുമെന്നാണ് അനുമാനം.


Click it and Unblock the Notifications








