പെട്രോൾ ബൈക്കുകളുടെ ആയുസ് കൂടും, 196 KM റേഞ്ചുള്ള ഓല ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി ഇനിയും വൈകും
പെട്രോൾ ബൈക്കുകളുടെ അന്തകനായി പിറവിയെടുത്ത ഓല X ഇലക്‌ട്രിക് മോട്ടോർസൈക്കിൾ (Ola Electric Bike) രാജ്യത്ത് ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുമുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളിന് 74,999 രൂപ മാത്രമായിരുന്നു എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിട്ടുള്ളതും. പക്ഷേ ബുക്ക് ചെയ്‌തവർ ഇവിക്കായുള്ള ഡെലിവറി ആരംഭിക്കാൻ കാത്തിരിക്കുകയാണ്. പലതവണ മാറ്റിവെച്ച് വിതരണം ഇപ്പോഴിതാ വീണ്ടും വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അവതരണ വേളയിൽ 2025 മാർച്ച് മുതൽ വൈദ്യുത വാഹനത്തിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്‌തിരുന്നത്.
എന്നാൽ പിന്നീട് തീയതി മാറ്റുകയും റെഗുലേറ്ററി ഫയലിംഗിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2025 ഏപ്രിലിൽ ആരംഭിക്കുമെന്നും ഓല ഇലക്ട്രിക് പിന്നീട് അറിയിക്കുകയായിരുന്നു. ഇതും സംഭവിക്കാത്തതിനാൽ ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവർ ആകെ നിരാശരായിരിക്കുകയാണ്. X ഇവിയുടെ വിതരണം വൈകുന്ന വേളയിൽ റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ പ്രോ മോഡലുകളുടെ വരവിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

ഓല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റോഡ്‌സ്റ്റർ X ഇവിയുടെ ഹോമോലോഗേഷൻ പ്രക്രിയകളിൽ സംഭവിച്ച പ്രശ്‌നങ്ങളാണ് ഡെലിവറി വൈകാൻ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2025 ഏപ്രിൽ 11-ന് റോഡ്‌സ്റ്റർ X മോഡലുകളുടെ ആദ്യ ബാച്ച് ബ്രാൻഡിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൻതരംഗമായിരുന്നു.
ഫെബ്രുവരിയിലെ വിൽപ്പന കണക്കുകളിൽ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി 1,395 യൂണിറ്റ് ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻസൈഡർ ട്രേഡിംഗിനും സംശയാസ്പദമായ ബന്ധപ്പെട്ട കക്ഷി ഇടപാടുകൾക്കും ഓല ഇലക്ട്രിക്കിനെതിരെ സെബി അന്വേഷണം നടത്തുന്നുണ്ടെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. പിന്നാലെ കമ്പനി ഇക്കാര്യം നിഷേധിച്ചുകൊണ്ട് മുമ്പോട്ട് വരികയും ചെയ്‌തിരുന്നു.

എന്തായാലും ഓല X ഇലക്ട്രിക് ബൈക്ക് വാങ്ങാൻ താത്പര്യമുള്ളവർക്ക് വാഹനം ഇപ്പോഴും പ്രീ-ബുക്ക് ചെയ്‌തിടാനാവും. എൻട്രി ലെവൽ കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർസൈക്കിളായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോഡലിന് 74,999 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതായത് ഇന്ത്യയിലെ തന്നെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ബൈക്കുകളിൽ ഒന്നാണ് ഓല റോഡ്സ്റ്റർ X ഇവിയെന്ന് ചുരുക്കം.
ഓല റോഡ്സ്റ്റർ X മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. ബേസ് മോഡലിന് 2.5 kWh ബാറ്ററിയും 140 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നതെങ്കിൽ ഇവിയുടെ മിഡ് വേരിയന്റിന് 3.5 kWh ബാറ്ററി പായ്ക്കും സിംഗിൾ ചാർജിൽ 196 കിലോമീറ്റർ മൈലേജും ലഭിക്കും. ഇവിയുടെ ടോപ്പ് വേരിയന്റിന് 4.5 kWh ബാറ്ററിയും 252 കിലോമീറ്റർ റേഞ്ചുമാണുള്ളത്. മൂന്ന് ട്രിമ്മുകളും ഒരേ 7 kW (9.3 bhp) മിഡ്-ഡ്രൈവ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നതും.

ഇവയ്ക്ക് യഥാക്രമം 1.05 ലക്ഷം രൂപയും 1.55 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ ചെലവാക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 4.3 ഇഞ്ച് എൽസിഡി സ്‌ക്രീൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, അഡ്വാൻസ്ഡ് റീജൻ, ക്രൂയിസ് കൺട്രോൾ, TPMS, OTA അപ്‌ഡേറ്റുകൾ, സ്‌പോർട്‌സ്, നോർമൽ, ഇക്കോ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഓല വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന സാധാരണക്കാരന്റെ ഇലക്ട്രിക് ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.
ഡെലിവറി വൈകുമെങ്കിലും ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ പോവുന്ന ഇവികളെ കാത്തിരിക്കാൻ ബുക്ക് ചെയ്‌തവർ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോമോലോഗേഷൻ പ്രക്രിയ പൂർത്തിയാകുന്നതുവരെ വാഹനം ഗതാഗതയോഗ്യമാണെന്ന് കണക്കാക്കില്ല. വാഹനം എല്ലാ പരിശോധനകളും വിജയിച്ചതിനുശേഷം മാത്രമേ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റും ലഭിക്കൂ. എന്തായാലും പുറത്തിറങ്ങുമ്പോൾ നിരത്തുകൾക്ക് വിസ്മയക്കാഴ്ച്ചയായിരിക്കും അതെന്നതിലും സംശയം വേണ്ട.


Click it and Unblock the Notifications








