സ്പ്ലെൻഡറിന്റെ അതേ വിലയിൽ ഇലക്‌ട്രിക് ബൈക്ക് പുറത്തിറക്കി ഓല, ഫുൾ ചാർജിൽ 200 കിലോമീറ്റർ വരെ ഓടും
പെട്രോൾ ബൈക്കുകളുടെ അന്തകനാവാൻ പിറവിയെടുത്തിരിക്കുകയാണ് ഓല ഇലക്‌ട്രിക് ബൈക്ക് (Ola Electric Bike). സ്‌കൂട്ടർ ഇഷ്‌ടമല്ലാത്തവരെ കൈയിലെടുക്കാൻ ബെംഗളൂരൂ ആസ്ഥാനമായുള്ള വൈദ്യുത വാഹന നിർമാതാക്കൾ കൊണ്ടുവന്നിരിക്കുന്നത് റോഡ്സ്റ്റർ X എന്ന മോഡലിനെയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുമുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളിന് 74,999 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ ബൈക്കായ ഹീറോ സ്പ്ലെൻഡറിന്റെ അതേ വിലയിലാണ് ഓല റോഡ്സ്റ്റർ X അവതരിപ്പിച്ചിരിക്കുന്നതെന്ന് സാരം.
ആക്രമണാത്മക വില നിർണയത്തിലൂടെ രാജ്യത്തെ 100 സിസി മുതൽ 150 സിസി വരെയുള്ള പെട്രോൾ മോട്ടോർസൈക്കിളുകളുടെ വിപണിയാണ് കമ്പനി ഉന്നംവെച്ചിരിക്കുന്നത്. സ്‌പോർട്ടി സ്റ്റൈലിലുള്ള ഒരു കമ്മ്യൂട്ടർ ബൈക്ക് എന്ന നിലയിലാണ് ഓല റോഡ്സ്റ്റർ X മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്. മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വരുന്ന ഇലക്ട്രിക് ബൈക്ക് പൂർണ്ണമായി ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നതും.

ഓല റോഡ്സ്റ്റർ X ഇലക്ട്രിക് ബൈക്കിന്റെ 74,999 വിലയുള്ള ബേസ് വേരിയൻ്റിന് 2.5 kWh ബാറ്ററിയാണുള്ളത്. ഇത് പൂർണ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകും. അതേസമയം മിഡ്-സ്പെക്ക് മോഡലിന് 84,999 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 3.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇതിന് സിംഗിൾ ചാർജിൽ 196 കിലോമീറ്റർ റേഞ്ചാണ് സമ്മാനിക്കാനാവുക.
മറുവശത്ത് ഓല ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ 95,999 രൂപ വിലയുള്ള ടോപ്പ് എൻഡ് മോഡലിന് 4.5 kWh ബാറ്ററിയുമായിട്ടാണ് വിപണിയിലെത്തുന്നത്. ഇത് പൂർണ ചാർജിൽ 252 കിലോമീറ്റർ വരെയാണ് റേഞ്ച് നൽകുന്നത്. 4.5 kWh ബാറ്ററിയും 9.1 kWh ബാറ്ററിയും വാഗ്ദാനം ചെയ്യുന്ന പുതിയ റോഡ്സ്റ്റർ X പ്ലസും ഇന്ന് ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. 1.05 ലക്ഷം രൂപയും 1.55 ലക്ഷം രൂപയുമാണ് ഇവയുടെ വില വരുന്നത്.

ഈ വേരിയൻ്റുകൾക്ക് യഥാക്രമം 252 കിലോമീറ്ററും 501 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്. ഓലയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറുകൾ പോലെ പുതിയ റോഡ്സ്റ്റർ X ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ഫീച്ചറുകളാ സമ്പന്നമാണ് കേട്ടോ. 4.3 ഇഞ്ച് എൽസിഡി സ്‌ക്രീൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, അഡ്വാൻസ്ഡ് റീജൻ, ക്രൂയിസ് കൺട്രോൾ, TPMS, OTA അപ്‌ഡേറ്റുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ഇതിൽ കുത്തിനിറച്ചിട്ടുണ്ട്.
സ്‌പോർട്‌സ്, നോർമൽ, ഇക്കോ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഓല പുറത്തിറക്കിയിരിക്കുന്ന സാധാരണക്കാരന്റെ ഇലക്ട്രിക് ബൈക്കിൽ ഒരുക്കിയിട്ടുണ്ടെന്നതാണ് രസകരമായ സംഗതി. എനർജി ഇൻസൈറ്റുകൾ, അഡ്വാൻസ്ഡ് റീജൻ, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് മോഡ് എന്നിവ പോലുള്ള ചില പ്രീമിയം ഫീച്ചറുകളാണ് റോഡ്‌സ്റ്റർ X പ്ലസ് വേരിയന്റുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.

പെർഫോമൻസ് കണക്കിലേക്ക് നോക്കിയാൽ 9.38 bhp പരമാവധി പവർ പുറപ്പെടുവിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഓല റോഡ്‌സ്റ്റർ X ഇവിക്ക് കരുത്തേകുന്നത്. മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് ഇത് വ്യത്യസ്‌ത ടോപ്പ് സ്പീഡാണ് വാഗ്ദാനം ചെയ്യുന്നത്. 2.5 kWh ബാറ്ററി പതിപ്പിൽ 105 കിലോമീറ്ററും 3.5 kWh ഓപ്ഷനിൽ 118 കിലോമീറ്റർ വേഗതയുമാണ് ബൈക്കിന് പരമാവധി പുറത്തെടുക്കാനാവുക.
അതേസമയം ഓല റോഡ്സ്റ്റർ X പ്ലസ് 4.5 kWh, 91 kWh ബാറ്ററി പായ്ക്ക് വേരിയൻ്റുകൾ 125 കിലോമീറ്ററിന്റെ ടോപ് സ്പീഡാണ് ഒരുക്കിയിരിക്കുന്നത്. അലോയ് വീലുകളുമായി വരുന്ന വാഹനത്തിന് ബ്രേക്കിംഗിനായി ഡിസ്‌ക് യൂണിറ്റുകളാണ് സമ്മാനിച്ചിരിക്കുന്നത്. ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യയുള്ള കോമ്പി ബ്രേക്കിംഗ് സിസ്റ്റവും (CBS) ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്കുകളുമാണ് സസ്പെൻഷനായി കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications








