രാജ്യം കാത്തിരിക്കുന്ന ഇലക്‌ട്രിക് ബൈക്കിന്റെ പണി കഴിഞ്ഞു, 79,999 രൂപയ്ക്ക് 159 കി.മീ. ദൂരം ഓടിക്കോളും
ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിൽ കൊടുങ്കാറ്റയത് പോലെ വൈദ്യുത മോട്ടോർസൈക്കിൾ (Electric Motorcycle) സെഗ്മെന്റിലും വിപ്ലവം തീർക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല (Ola). പെട്രോൾ ബൈക്കുകളുടെ അന്തകനാവാൻ കുറഞ്ഞ വിലയുള്ള ഇവിയുമായി കമ്പനി ഉടൻ അരങ്ങത്ത് എത്തും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഹീറോ സ്പ്ലെൻഡർ പോലുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളോട് മല്ലടിക്കാൻ പോവുന്ന റോഡ്സ്റ്റർ ഇവി റെഗുലർ, എക്‌സ്, പ്രോ എന്നീ മൂന്ന് വേരിയൻ്റുകളിലായിരിക്കും വിപണനത്തിന് എത്തുക.
കഴിഞ്ഞ ഓഗസ്റ്റിൽ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച റോഡ്‌സ്റ്റർ ഇലക്‌ട്രിക് മോട്ടോർസൈക്കിളിനെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് X ആയിരിക്കും. 2.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് 74,999 രൂപ മാത്രമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. അതേസമയം 3.5 kWh, 4.5 kWh ബാറ്ററി ഓപ്ഷനുകൾക്ക് യഥാക്രമം 84,999 രൂപയും 99,999 രൂപയുമായിരിക്കും ചെലവാക്കേണ്ടി വരിക.

ഫെബ്രുവരി അഞ്ചിന് ഓല റോഡ്‌സ്റ്റർ X വിൽപ്പനയ്‌ക്കെത്തും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. പണികഴിഞ്ഞ് പുറത്തിറങ്ങിയ ഇവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കമ്പനി പുറത്തുവിട്ടിട്ടുമുണ്ട്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന റോഡ്‌സ്റ്റർ എക്‌സിന് മണിക്കൂറിൽ 124 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
11 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഓല റോഡ്‌സ്റ്റർ X മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. അതേസമയം റോഡ്സ്റ്ററിന്റെ റെഗുലർ വേരിയന്റിൽ 13 കിലോവാട്ട് യൂണിറ്റാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സീറോ-എമിഷൻ മോഡലിന് ക്രൂയിസ് കൺട്രോളും ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റവും പോലുള്ള അത്യാധുനിക ഫീച്ചറുകളും ഉണ്ടാവും. ഇതിനായി MoveOS 5 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന 4.3 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇതുകൂടാതെ എൽഇഡി ലൈറ്റിംഗ്, റീജൻ ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് മോഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ജിയോ, ടൈം ഫെൻസിങ് തുടങ്ങിയ ക്രമീകരണങ്ങളും ഇലക്ട്രിക് മോട്ടോർസൈക്കിളിന് അഴകേകാനായി കൂടെയുണ്ടാവും. ഓല റോഡ്സ്റ്റർ ഇവിയുടെ എല്ലാ വേരിയൻ്റുകളിലും ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഒരുക്കിയിട്ടുണ്ട്.
നോൺ-ടച്ച് ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോൾ സ്പീഡോമീറ്റർ, റൈഡ് മോഡുകൾ, റേഞ്ച്, ടാച്ചോ എന്നിവയും മറ്റും പോലുള്ള വിവരങ്ങളാണ് പ്രദർശിപ്പിക്കുക. ബ്രാൻഡ് പറയുന്നത് അനുസരിച്ച് 4.5 kWh ബാറ്ററി ഘടിപ്പിച്ച റോഡ്സ്റ്റർ ഇവിയുടെ വലിയ വേരിയൻ്റിന് വെറും 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. 2.5 kWh യൂണിറ്റിന് സിംഗിൾ ചാർജിൽ 117 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

അതേസമയം ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മിഡ് ലെവൽ 3.5 kWh പതിപ്പ് പൂർണ ചാർജിൽ 159 കിലോമീറ്റർ ദൂരം വരെ ഓടാൻ പ്രാപ്‌തമായിരിക്കും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഓലയുടെ ഇലക്ട്രിക് മോട്ടോർസൈക്കളിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സംവിധാനവുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ എബിഎസ് സിസ്റ്റത്തിൻ്റെ സഹായത്തോടെ മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക്ക് യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ പ്രായോഗികമാക്കാൻ അലോയ് വീലുകളുമായിട്ടാവും X ഇവി നിരത്തിലേക്ക് ഓടിയിറങ്ങുക. ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് ഓല ഇലക്‌ട്രിക്കിന്റെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ റോഡ്സ്റ്റർ X നിർമിച്ചിരിക്കുന്നത്. സമീപ വർഷങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ സെഗ്‌മെൻ്റ് ജനപ്രിയമായി മാറിയെങ്കിലും ബൈക്കുകളെ ഏറ്റെടുക്കാൻ ഇന്ത്യക്കാർ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യം ഓലയ്ക്ക് എങ്ങനെ മറികടക്കാനാവുമെന്നത് കണ്ടുതന്നെ അറിയാം.


Click it and Unblock the Notifications








