പെട്രോളിനോട് ഗുഡ്ബൈ പറഞ്ഞേക്കാം, 252 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് ആളുകളുടെ കൈയിലെത്തി
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റ് സൃഷ്‌ടിച്ചവരാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്. അതിവേഗം രാജ്യത്തെ ഏറ്റവും വലിയ ഇവി ബ്രാൻഡായി വളർന്ന കമ്പനിക്ക് പക്ഷേ അടുത്തിടെ ചെറുതായൊന്ന് കാലിടറി. ചില ചീത്തപ്പേര് എല്ലാം കേൾപ്പിച്ചുവെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് ഭവിഷ് അഗർവാളിന്റെ വണ്ടിക്കമ്പനി. രാജ്യത്തെ കൈയിലെടുക്കാനായി ഇലക്ട്രിക് ബൈക്കിന് തന്നെ ഓല രൂപംകൊടുക്കുകയുണ്ടായി. ഹീറോ സ്പ്ലെൻഡർ പോലുള്ള വമ്പൻമാരോട് മുട്ടാൻ കൊണ്ടുവന്ന റോഡ്സ്റ്റർ X സീരീസിന്റെ ഡെലിവറി തുടങ്ങി ഓല വാർത്തകളിൽ ഇടംനേടിയിരുന്നു.
പെട്രോള്‍ ബൈക്കുകളുടെ കാലന്‍ എന്നുവരെ ജനം വിശേഷിപ്പിച്ച ഇലക്ട്രിക് ബൈക്കിന് വില ആരംഭിക്കുന്നതാവട്ടെ വെറും 74,999 രൂപ മുതലായിരുന്നു. സംഭവം ക്ലിക്കാവാൻ ഇതിലും വലിയ കാരണം വേറെ വേണോ അല്ലേ. വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനും വൈദ്യുത മോട്ടോർസൈക്കിളിലുണ്ടായിരുന്നു. തുടക്കത്തിൽ ബേസ് മോഡലുകളുടെ ഡെലിവറിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ഓല ഇപ്പോഴിതാ 4.5 kWh ബാറ്ററി മോഡലുകളുടെ വിതരണവും ആരംഭിച്ചിരിക്കുകയാണ്.

1.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ പതിപ്പ് ഇപ്പോൾ ഇന്ത്യയിലുടനീളം ലഭ്യമാണ്. നേരത്തെ കൂടുതൽ ആളുകളെ വാഹനത്തിലേക്ക് ആകർഷിക്കുന്നതിനായി ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ലിമിറ്റഡ് പിരീഡ് ആനുകൂല്യങ്ങളും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. ഒരുപാട് പ്രത്യേകതകളോടെയാണ് ഇവി വിപണനത്തിന് എത്തുന്നത്. അതിൽ ആദ്യത്തേത് ടോർക്ക് എങ്ങനെ വിതരണം ചെയ്യുന്നുവെന്നതിനെ നിയന്ത്രിക്കുന്ന ഒരു സംയോജിത MCU-വിനൊപ്പം പ്രവർത്തിക്കുന്ന ചെയിൻ ഡ്രൈവുള്ള മിഡ്-മൗണ്ടഡ് മോട്ടോർ റോഡ്‌സ്റ്റർ X ശ്രേണിയിലുണ്ട്.
ആക്സിലറേഷനും ഊർജ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായാണ് മിഡ്-മൗണ്ടഡ് മോട്ടോർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഓല ഇലക്ട്രിക് പറയുന്നു. സിംഗിൾ-ചാനൽ എബിഎസുമായി സംയോജിപ്പിച്ച പേറ്റന്റ് സപ്പോർട്ടുള്ള ബ്രേക്ക്-ബൈ-വയർ സജ്ജീകരണവും ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മാറ്റുകൂട്ടുന്നുണ്ട്. വാട്ടർ, ഡസ്റ്റ് പ്രതിരോധമുള്ള ബാറ്ററി പായ്ക്കിന് IP67-റേറ്റിഗും ഉണ്ടെന്നാണ് ഓല പറയുന്നത്.

ദീർഘകാല അറ്റകുറ്റപ്പണികളിലെ സങ്കീർണ്ണത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉപയോക്തൃ-സേവനയോഗ്യമായ രീതിയിൽ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്നും ഓല പറയുന്നു. റിവേഴ്‌സ് അസിസ്റ്റ്, സെലക്റ്റബിൾ റീജൻ മോഡ്, ക്രൂയിസ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ചേർത്തുകൊണ്ട് ഇവിയെ പെട്രോൾ ബൈക്കുകളേക്കാൾ മിടുക്കനാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പിന്നെ സിംഗിൾ ചാർജിൽ 252 കിലോമീറ്റർ റേഞ്ചും കൂടിയാവുമ്പോൾ സംഗതി കളറാവും.
ഇൻഡസ്ട്രിയൽ സിൽവർ, ആന്ത്രാസൈറ്റ്, സ്റ്റെല്ലാർ ബ്ലൂ, പൈൻ ഗ്രീൻ, സെറാമിക് വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഓല റോഡ്സ്റ്റർ X പ്ലസ് 4.5 kWh വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ഓല റോഡ്സ്റ്റർ X ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയാണ് പിടിച്ചിരിക്കുന്നത്. സ്ലിം ബോഡി പാനലുകളും ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗും കൂടിച്ചേരുമ്പോൾ സംഗതി കിടിലമാവുന്നുണ്ട്.

ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകളും എർഗണോമിക് ഹാൻഡിൽബാർ പൊസിഷനിംഗും ഒരുക്കിയിരിക്കുന്ന ഇവിയിൽ കട്ടിയുള്ള ഗ്രാബ് ഹാൻഡിലും സിംഗിൾ-പീസ് സീറ്റുമാണ് ലഭിക്കുക. പരമാവധി 125 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കഴിയുന്ന ഇലക്ട്രിക് ബൈക്കിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.7 സെക്കൻഡ് മതിയാകും. ചാർജിംഗിലും കാര്യക്ഷമമായാണ് വണ്ടി എത്തിയിരിക്കുന്നത്.
പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം ഓലയുടെ ഇലക്ട്രിക് ബൈക്കിനെ 5.9 മണിക്കൂർ സമയമാണ് വേണ്ടിവരിക. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ന് കാണുന്ന പ്രചാരം നേടിക്കൊടുക്കുന്നതിന് ചുക്കാന്‍ പിടിച്ച ഓല ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും ജനകീയമാക്കാനുള്ള പുറപ്പാടിലാണ്. സംഭവം എന്തായാലും ക്ലിക്കായിട്ടുണ്ടെന്നാണ് ആദ്യ അനുമാനം. ഒബെൻ, ടോർക്ക്, മാറ്റർ തുടങ്ങിയ ബ്രാൻഡുകൾക്ക് ലഭിക്കുന്നതിനേക്കാൾ കച്ചോടം ഓല പിടിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.


Click it and Unblock the Notifications








