കാശ് റെഡിയാണല്ലോ അല്ലേ, കുറഞ്ഞ വിലയുള്ള പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വിൽക്കാൻ സിനിമ നടൻമാരെ ഇറക്കി ഹീറോ
രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) സെഗ്മെന്റിൽ കനത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാംസ്ഥാനം കൈയാളിയിരുന്ന ഓലയെ പിന്നിലേക്ക് ഒതുക്കി ടിവിഎസും ബജാജും മുൻനിരയിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ്. ചേതക് (Bajaj Chetak EV), ഐക്യൂബ് (TVS iQube) എന്നീ രണ്ട് മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണിപ്പോൾ. ഇവർക്കൊപ്പം രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയും വിഡ V1, V2 സീരീസിലൂടെ മുൻനിരയിലേക്ക് എത്തിയിട്ടുണ്ട്. ഇനി ഹോണ്ട ആക്‌ടിവ ഇവിയും സുസുക്കി ഇ-ആക്‌സസും കൂടി കളത്തിലെത്തുന്നതോടെ ഇവിടമൊരു വലിയ വടംവലി നടക്കും.
എന്നാൽ പിന്നാക്കം പോവാതിരിക്കാൻ വിഡ ശ്രേണിയിലേക്ക് കുറഞ്ഞ വിലയുള്ള പുതിയ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ഹീറോ മോട്ടോകോർപ്. വിഡ ബ്രാൻഡിന് കീഴിൽ ഇന്ത്യയിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുന്ന കമ്പനി അടുത്ത മാസം ഇവിയെ വിപണിയിൽ അവതരിപ്പിക്കും. വിഡ VX2 എന്നുപേരിട്ടിരിക്കുന്ന മോഡലിന്റെ വരവിനായി കാത്തിരിക്കുകയാണ് വിപണി.

ഇതിനിടയിൽ ഹീറോ വിഡ VX2 ഇവിയുടെ ടീസർ ചിത്രങ്ങളും കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഹൈപ്പ് കൂട്ടാനായും കുറഞ്ഞ വിലയുള്ള പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യത്തിനായും ബോളിവുഡ് സിനിമ നടൻമാരെ ഇറക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. രൺബീർ കപൂറും അനിൽ കപൂറുമാണ് പുത്തൻ വിഡ സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അനിമൽ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ചില സംഭാഷണങ്ങളും വികാര നിമിഷങ്ങളും പുനർനിർമിക്കുന്നതാണ് പരസ്യ വീഡിയോയുടെ ഇതിവൃത്തം. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വിഡ Z ഇവിയുടെ പ്രൊഡക്ഷൻ പതിപ്പാണ് വരാനിരിക്കുന്ന ഹീറോ വിഡ VX2 എന്നാണ് വിവരം. കുറഞ്ഞ വിലയിടാൻ താരതമ്യേന കുറഞ്ഞ ഫീച്ചറുകളോടെയാവും വാഹനം വിപണിയിൽ എത്തുക.
ഹീറോ മോട്ടോകോർപിന്റെ ഇലക്ട്രിക് സ്കൂട്ടർ നിരയിൽ വിഡ V2 ലൈനപ്പിന് താഴെയായിരിക്കും പുതിയ വിഡ VX2 സ്ഥാനംപിടിക്കുക. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ് സിഗ്നേച്ചർ, ഷാർപ്പ്-ലുക്കിംഗ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ടു-ടോൺ 12 ഇഞ്ച് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവയെല്ലാം ഹീറോ വിഡ V2 ഇലക്ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ നിന്നും കടമെടുത്താവും പുതിയ ഇവി നിർമിക്കുക.
എൻട്രി ലെവൽ മോഡലായിരിക്കുമെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ പിശുക്കൊന്നും ഉണ്ടാവാനും സാധ്യതയില്ല. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മുൻവശത്ത് സ്റ്റോറേജ് സ്പേസ് എന്നിവയെല്ലാം വരാനിരിക്കുന്ന ഹീറോ വിഡ VX2 ഇവിയിൽ ഇടംപിടിക്കും. ഒരു സാധാരണ കീ ഉപയോഗിക്കുന്നതിനാൽ കീലെസ് ഇഗ്നിഷൻ പോലുള്ള അത്യാധുനിക സംവിധാനമൊന്നും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിൽ ഉണ്ടാവില്ല.

V2 ലൈനപ്പിനെപ്പോലെ തന്നെ ലൈറ്റ്, പ്ലസ്, പ്രോ ട്രിം ലെവലുകളിൽ വ്യത്യസ്ത ബാറ്ററി ശേഷിയിലായിരിക്കും പുതിയ അതിഥിയും വിപണിയിലെത്തുകയെന്നാണ് തോന്നുന്നത്. താഴ്ന്ന മോഡലുകളിൽ 94 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 2.2 കിലോവാട്ട്സ് ബാറ്ററി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോപ്പ് വേരിയന്റിന് 143 കിലോമീറ്റർ റേഞ്ച് നൽകുന്ന 3.44 കിലോവാട്ട്സ് ബാറ്ററി പായ്ക്കും കമ്പനി വാഗ്‌ദാനം ചെയ്തേക്കും.
സിംഗിൾ ചാർജിൽ 165 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന 3.94 kWh പായ്ക്ക് പായ്ക്കും ഹീറോ വിഡ VX2 ഇവിയിൽ ഒരുക്കിയേക്കാം. അങ്ങനെ മൊത്തത്തിൽ കളറാക്കാൻ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിനാവുമെങ്കിൽ വാങ്ങാൻ ആളുകളുടെ വലിയ തള്ളിക്കയറ്റം തന്നെ പ്രതീക്ഷിക്കാം. ഇനി വരാനിരിക്കുന്ന ഹീറോയുടെ പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 1 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications