പെട്രോൾ കാശിന്റെ ലാഭത്തിന് പുറമെ ഈ ഇലക്‌ട്രിക് ബൈക്ക് വാങ്ങിയാൽ 1 ലക്ഷം വരെ ആനുകൂല്യങ്ങൾ നേടാം
ഇന്ത്യയിൽ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളുടെ ഡിമാന്റിൽ വലിയ വർധനവാണ് അടുത്തിടെയായി കാണായിരിക്കുന്നത്. അൾട്രാവയലറ്റ് പോലുള്ള പ്രീമിയം ഇവി നിർമാതാക്കളുടെ കടന്നുവരവോടെയാണ് വൈദ്യുത ബൈക്കുകളും ഇന്ത്യക്കാർക്ക് പ്രിയങ്കരമായി തുടങ്ങിയത്. ശരിക്കും ഇതിനെല്ലാം കാരണക്കാരയത് റിവോൾട്ട് മോട്ടോർസ് ആണെന്ന് വേണം പറയാൻ. ബൈക്ക് എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതി വൈദ്യുത രംഗത്തേക്ക് എത്തിയവരാണിവർ. ഇന്നത്തെ ഇന്ധന വിലയ്ക്ക് പരമ്പരാഗത പെട്രോൾ ബൈക്കുകളേക്കാൾ എന്തുകൊണ്ടും ലാഭമാണ് വൈദ്യുത ഇ-ബൈക്കുകളെന്ന് അതിവേഗം റിവോൾട്ട് തെളിയിച്ചു. ഇവി രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന കാലത്താണ് തനതാശ ശൈലിയുമായി RV400 വിപണിയിലേക്ക് കടന്നുവരുന്നത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി റിവോൾട്ട് മോട്ടോർസ് ഒരു പുത്തൻ ക്യാമ്പയിനുമായി എത്തിയിരിക്കുകയാണിപ്പോൾ. ഒരു ലക്ഷം രൂപ വരെ വിലയുള്ള സമ്മാനങ്ങളും ക്യാഷ് ആനുകൂല്യങ്ങളുമാണ് ഇവി നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നതെന്നാണ് ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് 13,000 രൂപ വരെ കിഴിവും 7,000 രൂപ വരെ വിലയുള്ള സൗജന്യ ഇൻഷുറൻസുമാണ് റിവോൾട്ട് കാത്തുവെച്ചിരിക്കുന്നത്.

ഓഫർ കാലയളവിലുടനീളം എല്ലാ ബൈക്ക് ഉടമകൾക്കും ഉറപ്പായ സമ്മാനങ്ങൾ ലഭിക്കുമെന്ന് കമ്പനി പറയുന്നു. ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, മൈക്രോവേവ്, സ്മാർട്ട് വാച്ചുകൾ, വെള്ളി നാണയങ്ങൾ, റിവോൾട്ട് ഉൽപ്പന്നങ്ങൾ എന്നിവയാണ് ഉത്സവ സമ്മാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഭാഗ്യശാലിയായ ഉപഭോക്താവിന് 1 ലക്ഷം രൂപയുടെ ഗോൾഡ് വൗച്ചർ നേടാനുള്ള അവസരമവുമുണ്ട്.
ദീപാവലി ഡബിൾ ധമാക്ക എന്നറിയപ്പെടുന്ന റിവോൾട്ടിന്റെ ഈ ഓഫർ 2025 ഒക്ടോബർ 21 വരെ ലഭ്യമാകും. ഉപഭോക്താക്കൾക്ക് അവരുടെ മോട്ടോർസൈക്കിളുകൾ ഓൺലൈനായി ബുക്ക് ചെയ്യാം അല്ലെങ്കിൽ അടുത്തുള്ള റിവോൾട്ട് ഹബ് സന്ദർശിച്ച് വാഹനം സ്വന്തമാക്കാനുമാവും. റിവോൾട്ടിന്റെ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 1.21 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.

3 kW മിഡ് ഡ്രൈവ് മോട്ടോറുമായി ജോടിയാക്കിയ റിമൂവബിൾ 3.24 kWh ബാറ്ററി പായ്ക്കാണ് റിവോൾട്ടിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൃദയം. പരമാവധി 5kW പീക്ക് പവർ ഔട്ട്പുട്ടിൽ 170 Nm torque വികസിപ്പിക്കുന്ന ഒരു ബെൽറ്റ് ഡ്രൈവ് സംവിധാനത്തിലാണ് RV400 ഇവി പ്രവർത്തിക്കുന്നത്. 4.5 മണിക്കൂർ മുഴുവൻ ചാർജ് ചെയ്താൽ റൈഡ് മോഡ് അനുസരിച്ച് 150 കിലോമീറ്റർ വരെ റേഞ്ച് തരാനും ഇവിക്കാവും.
ഇക്കോ, സ്‌പോർട്ട്, പവർ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത റൈഡിംഗ് മോഡുകളാണ് ബൈക്കിന് ലഭിക്കുന്നത്. അതേസമയം 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന് വേണ്ടിവരുന്നത്. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് 4.5 മണിക്കൂറിനുള്ളിൽ ഇ-മോട്ടോർസൈക്കിൾ 0-100 ശതമാനം മുതൽ ചാർജ് ചെയ്യാം. എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ കൺസോൾ, ടാങ്ക് ഏരിയയ്ക്ക് സമീപമുള്ള സ്റ്റോറേജ് സ്പേസ്, സ്പീക്കറുകൾ എന്നിവയെല്ലാമാണ് RV400 ഇലക്ട്രിക്കിലെ പ്രധാന ഫീച്ചറുകൾ.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷനായി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും സിംഗിൾ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും കമ്പനി RV400 ഇലക്ട്രിക് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള റിവോൾട്ടിന് RV1, RV1+, ബ്ലേസ്X തുടങ്ങിയ മോഡലുകളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത് ബ്ലേസ് ശ്രേണിയാണ്. കുറച്ചുകാലം മുമ്പ് റിവോൾട്ട് അവതരിപ്പിച്ച എൻട്രി ലെവൽ RV1 കമ്മ്യൂട്ടർ മോഡലിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ബ്ലേസ്‌എക്‌സ് ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ബ്രാൻഡിന്റെ എല്ലാ ഇവികളും വിപണിയിൽ കാര്യമായ വിൽപ്പന തന്നെയാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








