മൈലേജും വിലയും നോക്കാതെ എല്ലാവരേയും ഫാൻസാക്കിയ ബൈക്ക്! 31 ദിവസത്തിൽ വാങ്ങിപ്പോയത് 46,573 പേർ
ആനപ്പുറത്തിരിക്കാൻ കൊതിയില്ലാത്തവർ ഉണ്ടാവില്ലല്ലോ. അതുപോലെ തന്നെയാണ് ബുള്ളറ്റിൽ ഒന്ന് കയറാനും ഓടിക്കാനും ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. സ്ത്രീകൾക്കിടയിൽ പോലും ഏറ്റവും ഫാൻസുള്ള ഇരുചക്ര വാഹനമാണ് റോയൽ എൻഫീൽഡിൻ്റേത്. വികാരമാണെന്നെല്ലാം പറഞ്ഞ് പലരും കളിയാക്കുമെങ്കിലും യുവജനങ്ങളെയും പ്രായമായവരേയുമെല്ലാം ഒരേപോലെ ഹരം പിടിപ്പിച്ച വേറൊരു ബൈക്ക് ഇന്ത്യയിൽ ഇല്ലെന്നു വേണം പറയാൻ. ബുള്ളറ്റ് എന്നാണ് കമ്പനിയുടെ എല്ലാ മോഡലുകളേയും ആളുകൾ സ്നേഹത്തോടെ വിളിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന സിനിമ ഇറങ്ങിയതോടെയാണ് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ എൻഫീൽഡിനോടുള്ള ഹരം കൂടിയത്.
ഈയൊരു വികാരം തങ്ങളിലേക്കും പടർത്തുവാനായി മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിലേക്ക് ഹോണ്ടയും ബജാജും ഹാർലി ഡേവിഡ്‌സണും ട്രയംഫും വരെ മത്സരിക്കാനിറങ്ങി. പക്ഷേ ഇവരെല്ലാം തലകുത്തി മറിഞ്ഞിട്ടും റോയൽ എൻഫീൽഡിൻ്റെ കച്ചോടം മാത്രം താഴേക്ക് വീണില്ല. പോയമാസവും ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് മോഡലായി ക്ലാസിക് 350 തലയെടുപ്പോടെ നിൽക്കുകയാണ്. പോയമാസം അതായത് ഒക്ടോബറിൽ അരലക്ഷത്തിനടുത്ത് കച്ചോടവുമായാണ് ക്ലാസിക് ഞെട്ടിച്ചത്.

ഒക്ടോബറിലെ 31 ദിവസത്തിൽ ക്ലാസിക് 350 പതിപ്പിൻ്റെ 46,573 യൂണിറ്റുകളാണ് റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം വിൽപ്പന നടത്തിയ 38,297 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 21.61 ശതമാനത്തിൻ്റെ വാർഷിക വിൽപ്പന വളർച്ചയാണ് മോഡലിന് നേടിയെടുക്കാനായത്. 350 സിസി വിഭാഗത്തിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി തലയെടുപ്പോടെ നിൽക്കാനും ക്ലാസിക്കാനാവുന്നുണ്ട്.
2025 ഒക്ടോബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ടോപ്പ് 10 മോട്ടോർസൈക്കിളുകളുടെ പട്ടികയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 എട്ടാം സ്ഥാനം നേടുകയും ചെയ്‌തിട്ടുണ്ട്. ഈ പട്ടികയിലെ ആദ്യ 7 സ്ഥാനങ്ങൾ യഥാക്രമം ഹീറോ സ്പ്ലെൻഡർ, ഹോണ്ട ഷൈൻ, ബജാജ് പൾസർ, ഹീറോ HF ഡീലക്സ്, ടിവിഎസ് അപ്പാച്ചെ, ടിവിഎസ് റൈഡർ, ബജാജ് പ്ലാറ്റിന എന്നിവയ്ക്കാണ്. അടുത്തിടെ കേന്ദ്ര സർക്കാർ 350 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ നികുതി കുറച്ചത് കാരണം ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് എൻഫീൽഡിനാണ്.

ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ എൻട്രി ലെവൽ വേരിയൻ്റിന്റെ നിലവിലെ എക്സ്ഷോറൂം വില വെറും 1.81 ലക്ഷം രൂപ മാത്രമാണ്. അതേസമയം അതിൻ്റെ ടോപ്പ് വേരിയൻ്റിൻ്റെ വില 2.16 ലക്ഷവും വരും. പുതിയ 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് SOHC എഞ്ചിനാണ് ഇതിൻ്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,100 ആർപിഎമ്മിൽ 20.2 bhp പവറും 4,000 ആർപിഎമ്മിൽ 27 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.
ഡിസൈനിലേക്ക് നോക്കിയാൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലാസിക് ലുക്കാണ് മോട്ടോർസൈക്കിളിനുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ, ട്വിൻ ബൾബ്-ടൈപ്പ് പൈലറ്റ് ലാമ്പുകൾ, റിയർ വ്യൂ മിററുകൾ, ചങ്കി ഫെൻഡറുകൾ, കർവി ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, തെരഞ്ഞെടുത്ത വകഭേദങ്ങളിൽ അലോയ് വീലുകൾ എന്നിവയെല്ലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ ഡിസൈനിനെ പൂരകമാക്കുന്നത്. ഫീച്ചർ റിച്ച് ഒന്നുമല്ലെങ്കിലും

വീതിയേറിയ ഹാൻഡിൽബാറുകൾ, സ്‌പോക്ക് വീലുകൾ, റൗണ്ട് ടെയിൽ ലാമ്പ് എന്നിവയും ക്ലാസിക് 350 മോഡലിൻ്റെ ഡിസൈനിലെ ഹൈലൈറ്റുകളാണ്. . ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ക്ലാസിക് 350 റെട്രോ ബൈക്കിന്റെ മുൻവശത്ത് പരമ്പരാഗത ശൈലിയിലുള്ള ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ബ്രേക്കിംഗിലേക്ക് നോക്കിയാൽ എൻഫീൽഡിൽ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനനുസരിച്ച് മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക് അല്ലെങ്കിൽ 153 mm ഡ്രം സജ്ജീകരണമാണ് വാഗ്‌ദാനം ചെയ്യുന്നത്. ക്ലാസിക് 350-യിൽ ഡ്യുവൽ ഡിസ്‌ക് വേരിയന്റിന് മാത്രമാണ് ഡ്യുവൽ-ചാനൽ എബിഎസുള്ളത്. സിംഗിൾ-ഡിസ്‌ക് പതിപ്പിന് സിംഗിൾ-ചാനൽ എബിഎസ് ഓപ്ഷനാണ് ഒരുക്കിയിരിക്കുന്നത്. വിൽപ്പന കൂടിയത് കമ്പനിയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും കാര്യമായ സഹായമായിട്ടുണ്ട്.


Click it and Unblock the Notifications








