വില കേൾക്കാൻ കൊതിച്ച് ഫാൻസ്, വലിയ എഞ്ചിനുമായി വരുന്ന ക്ലാസിക് 650 ബൈക്കിന്റെ വരവിന് തീയതിയായി
ഇന്ത്യയിലെ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ചുണക്കുട്ടൻമാരായി റോയൽ എൻഫീൽഡ് മാറിക്കഴിഞ്ഞു. പണ്ട് വികാരവും വൈബ്രേഷനും തകരാറുകളുമെല്ലാമായി കഴിഞ്ഞുകൂടിയിരുന്ന വയസൻ പടയായിരുന്നു എൻഫീൽഡിന്റെ ശ്രേണിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഷോറൂമിലെത്തിയാൽ കാണാനാവുന്നത് അത്യുഗ്രൻ മോഡേൺ ബൈക്കുകളാണെന്ന് നിസംശയം പറയാം. ഹണ്ടർ 350, ഗറില്ല 450, ഹിമാലയൻ 450, ബെയർ 650 അങ്ങനെ യൂത്തൻമാരുടെ ജനപ്രിയ താരങ്ങളാണ് കമ്പനിയുടെ ആവനാഴിയിൽ ഇപ്പോഴുള്ളത്. ഒപ്പം അടിപൊളിയായ പുതുതലമുറ ക്ലാസിക്കും ബുള്ളറ്റും മീറ്റിയോറുമെല്ലാം കൂടി ചേരുന്നതോടെ എൻഫീൽഡ് നിര മൊത്തത്തിൽ കളറാണ്.
ഇക്കൂട്ടത്തിലേക്ക് ഇനി വരാൻ പോവുന്നത് ക്ലാസിക് 650 ആണ്. ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർഷോയിൽ അവതരിപ്പിച്ച വാഹനം ഇന്ത്യയിലേക്ക് എത്താനായി മോട്ടോർസൈക്കിൾ ആരാധകർ ഇതുവരെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ബൈക്കിനെ അവതരിപ്പിക്കുന്ന തീയതി പുറത്തുവിട്ടിരിക്കുകയാണ് റെട്രോ ക്ലാസിക് ബ്രാൻഡായ റോയൽ എൻഫീൽഡ്.

ഇന്ത്യൻ വിപണിക്കായുള്ള ക്ലാസിക് 650 മോഡലിന്റെ വില 2025 മാർച്ച് 27-നായിരിക്കും കമ്പനി പ്രഖ്യാപിക്കുക. ബ്രാൻഡിന്റെ മോഡൽ നിരയിലെ ഏറെ പ്രിയങ്കരമായ 650 പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ നൽകുന്ന ആറാമത്തെ മോട്ടോർസൈക്കിളായിരിക്കുമിത്. പണ്ട് 500 സിസി നിർത്തലാക്കിയപ്പോൾ സങ്കടപ്പെട്ട എല്ലാവരുടേയും മുഖത്ത് പുതിയ ക്ലാസിക് 650 പുഞ്ചിരി പടർത്തുമെന്നതിൽ സംശയമൊന്നും വേണ്ട.
ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ 350 സിസി ക്ലാസിക്കിന് സമാനമായാണ് കാണപ്പെടുന്നതെങ്കിലും വലിപ്പത്തിന്റെ കാര്യത്തിൽ ക്ലാസിക് 650 അജഗജാന്തരമാണെന്ന് വേണം പറയാൻ. ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, സ്‌പോക്ക്ഡ് റിംസ്, ന്യൂട്രൽ റൈഡിംഗ് ട്രയാംഗിൾ എന്നിവയ്‌ക്കൊപ്പം അതിൻ്റെ റെട്രോ സ്റ്റൈൽ നഷ്‌ടപ്പെടുത്താതെ പണികഴിപ്പിച്ചിരിക്കുന്നത് ആരാധകരെ സന്തോഷിപ്പിക്കുന്ന സംഗതിയായിരിക്കും.

എല്ലാ ലൈറ്റിംഗ് ഘടകങ്ങളും വൃത്താകൃതിയിലാണെന്നതും ശ്രദ്ധേയമാണ്. പ്രധാന ഹെഡ്‌ലാമ്പ് ഒരു എൽഇഡി യൂണിറ്റാണെന്നതിന് പുറമെ സിംഗിൾ സീറ്റിനൊപ്പം ഒരു പില്യൺ സീറ്റ് ഓപ്ഷനും റോയൽ എൻഫീൽഡ് ക്ലാസിക് 650 മോട്ടോർസൈക്കിളിന് ലഭിക്കും. ടീൽ, വല്ലം റെഡ്, ബ്രണ്ടിംഗ്‌തോർപ്പ് ബ്ലൂ, ബ്ലാക്ക് ക്രോം എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളും വാഹനത്തിനുണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ വരാനിരിക്കുന്ന പുതിയ ക്ലാസിക് 650 സിസി മോഡലിന് 350 പതിപ്പിലെ അതേ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ലഭിച്ചിരിക്കുന്നത്. ടെൽടെയിൽ ലൈറ്റുകളോട് കൂടിയ അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യൂവൽ ലെവൽ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ എന്നിവ കാണിക്കുന്ന ചെറിയ ഡിജിറ്റൽ റീഡൗട്ട്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക് എന്നിവയും ക്ലസ്റ്ററിലുണ്ട്.

യാത്രകൾ ആവേശകരമാക്കാൻ ട്രിപ്പർ നാവിഗേഷൻ സംവിധാനവും റോയൽ എൻഫീൽഡ് ക്ലാസിക് 650 മോഡലിൽ ഉണ്ടാവും. 270-ഡിഗ്രി ഫയറിംഗ് ഓർഡർ ഉപയോഗിക്കുന്ന അതേ സ്വീറ്റ് 647 സിസി, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തുക. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആർപിഎമ്മിൽ 46.39 bhp പവറും 5,650 ആർപിഎമ്മിൽ 52.3 Nm ടോർക്കും വരെ നിർമിക്കാനാവും.
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ക്ലാസിക് 650 ബൈക്കിന്റെ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഷോവയിൽ നിന്നുള്ള ട്വിൻ ഷോക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും. റൈഡറിന്റെ അധിക സുരക്ഷക്കായി സ്റ്റാൻഡേർഡായി തന്നെ ഡ്യുവൽ ചാനൽ എബിഎസും കൊടുത്തിട്ടുണ്ട്.


Click it and Unblock the Notifications








