ഇലക്‌ട്രിക് ബുള്ളറ്റ് പുറത്തിറക്കാനുള്ള സമയം കുറിച്ച് റോയൽ എൻഫീൽഡ്, കാത്തിരിക്കേണ്ടത് മാസങ്ങൾ മാത്രം
ഇരുചക്ര വാഹന വിപണിയിലും ഇലക്‌ട്രിക് മോഡലുകൾ കളംനിറയുന്ന കാലമാണിത്. ഹീറോ, ഹോണ്ട, ബജാജ്, ടിവിഎസ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവികൾ പുറത്തിറക്കുകയും ചെയ്‌തതോടെ സാക്ഷാൽ റോയൽ എൻഫീൽഡിന് അടങ്ങിയിരിക്കാനാവുമോ? പോയ വർഷം ബ്രാൻഡിന്റെ ആദ്യ വൈദ്യുത ബൈക്കിനെ കമ്പനി ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഫ്ലയിംഗ് ഫ്ലീ C6 എന്നുപേരിട്ടിരിക്കുന്ന വാഹനത്തിന്റെ അഴകും രൂപവുമെല്ലാം ആളുകൾക്ക് അന്നേ ഇഷ്‌ടപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് ആര്‍മി പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന 125 സിസി ഫ്ലയിംഗ് ഫ്ലീ മോട്ടോര്സൈക്കിളില്‍ നിന്നാണ് കമ്പനി ഈ പേര് കണ്ടെത്തിയതും.
2026 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്‌ട്രിക് മോട്ടോർസൈക്കിളിനെ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുമെന്ന സ്ഥിരീകരണവും ഇപ്പോൾ വന്നിരിക്കുകയാണ്. അതായത് അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇവിയെ നിരത്തുകളിൽ പ്രതീക്ഷിക്കാമെന്ന് ചുരുക്കം. ഫ്ലയിംഗ് ഫ്ലീ C6 പുറത്തിറങ്ങുന്നതും കാത്ത് നിരവധി എൻഫീൽഡ് പ്രേമികളാണ് കാത്തിരിക്കുന്നത്.

ഭാവിയിൽ റോയൽ എൻഫീൽഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ഫ്ലയിംഗ് ഫ്ലീ ബ്രാൻഡിനു കീഴിലായിരിക്കും വിൽക്കുക. ഇലക്ട്രിക് ബൈക്ക് പദ്ധതിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന 200-ലധികം പേരുടെ സമർപ്പിത ടീം കമ്പനിക്ക് നിലവിൽ ഉണ്ട്. അവർ ഇതിനകം 45 പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
1940-കളിലെ ഒറിജിനൽ ഫ്ലയിംഗ് ഫ്ലീ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അലുമിനിയം ഫോർജ്ഡ് ഫ്രെയിമിലാണ് C6 ഇവി നിർമിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളിനായി പ്രത്യേകം നവീകരിച്ച രൂപത്തിൽ ഗിർഡർ ഫോർക്കുകൾ വീണ്ടും ഇരുചക്ര വാഹനത്തിലേക്ക് എത്തുന്നതിനും ഇത് സാക്ഷ്യംവഹിക്കും. പഴമയും പുതുമയും ഒത്തിണങ്ങിയ റെട്രോ മോഡേൺ ഡിസൈനാണ് ഇവി സ്വീകരിച്ചിരിക്കുന്നത്.

മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗിർഡർ ഫോർക്ക്, അലുമിനിയം ഫ്രെയിം, 17 ഇഞ്ച് വലിപ്പമുള്ള വലിപ്പം കുറഞ്ഞതും മെലിഞ്ഞതുമായ ടയർ, മികച്ച സീറ്റിംഗ് പൊസിഷൻ എന്നിവയെല്ലാമാണ് വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 ഇലക്ട്രിക് ബൈക്കിന്റെ പ്രധാന ഡിസൈൻ വശങ്ങളായി കാണാനാവുക. അതായത് പരമ്പരാഗത എൻഫീൽഡ് ബൈക്കുകളിൽ നിന്നുമെല്ലാം വ്യത്യസ്‌തനായിരിക്കും കക്ഷിയെന്ന് ചുരുക്കം.
ഫ്ലയിംഗ് ഫ്ലീ C6 ഇവിയുടെ ബാറ്ററി പായ്ക്ക്, മോട്ടോർ സ്പെസിഫിക്കേഷനുകൾ എന്നിവയെക്കുറിച്ച് കമ്പനി സമഗ്രമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിൽ കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രോണിക് ഫീച്ചറുകൾ ഉൾപ്പെടുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ സാധാരണ ത്രീ-പിൻ പ്ലഗ് വഴി ഇലക്ട്രിക് ബൈക്കിലെ ബാറ്ററി ചാർജ് ചെയ്യാനും സാധിക്കുമെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ സംയോജനവും കൂടിയാവുമ്പോൾ ഫ്ലയിംഗ് ഫ്ലീ C6 ഇവി കളറാവും. ഹൈവേ യാത്രകൾക്ക് വേണ്ടിയല്ല, പകരം നഗര യാത്രകൾക്ക് ഉതകുന്ന തരത്തിലുള്ള റേഞ്ച് കണക്കുകളുമാവും ഇതിലുണ്ടാവുക.
എങ്കിലും നിലവില്‍ വിപണിയിലുള്ള എല്ലാ വൈദ്യുത മോട്ടോർസൈക്കിളുകളേയും മറികടക്കാനാവുന്ന റേഞ്ച് കണക്കുകൾ ബൈക്കിനുണ്ടാകുമെന്നാണ് വിവരം. ഡിസൈന്‍ പ്രകാരം ഫിക്‌സഡ് ബാറ്ററിയായിരിരിക്കും ഉപയോഗിക്കുക. ഫ്ലയിംഗ് ഫ്ലീയിൽ അഞ്ച് പ്രീസെറ്റ് റൈഡിംഗ് മോഡുകൾ ഉണ്ടെന്നാണ് വിവരം. റൈഡർമാർക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കും അവർ സഞ്ചരിക്കുന്ന ഭൂപ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ഈ മോഡുകളുടെ കോമ്പിനേഷനുകൾ ക്രമീകരിക്കാൻ കഴിയും.


Click it and Unblock the Notifications








