റാലി ബൈക്കുകളുടെ സ്റ്റൈൽ, കറുപ്പിൽ കുളിച്ച ഹിമാലയന്റെ മാന എഡിഷനുമായി റോയൽ എൻഫീൽഡ്
എന്താണ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ എന്ന് ഇന്ത്യക്കാർക്ക് മനസിലാക്കി കൊടുത്ത മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. 411 സിസി മോഡലായ ഹിമാലയനിലൂടെ രാജ്യം വെട്ടിപ്പിടിച്ച കമ്പനി ഇന്ന് 450 സിസി ഹിമാലയനാണ് പുറത്തിറക്കുന്നത്. ആദ്യ തലമുറയ്ക്കുണ്ടായിരുന്ന കുറവുകളെല്ലാം നികത്തി ആശാൻ ന്യൂജെൻ ആയിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. പഴയ മോഡലിലെ എല്ലാ പോരായ്മകളും നികത്തി പുതിയ പ്ലാറ്റ്‌ഫോമും കരുത്തുറ്റ എഞ്ചിനും ആധുനിക ഫീച്ചറുകളുമെല്ലാം നിറച്ചായിരുന്നു ഹിമാലയൻ 450 അരങ്ങുവാഴാൻ എത്തിയത്. വില അൽപം കൂടുതലാണെങ്കിലും കൊടുക്കുന്ന പൈസയ്ക്കുള്ള ബൈക്കായി ഇത് മാറുകയും ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന മാമാങ്കമായ EICMA മോട്ടോർസൈക്കിൾ ഷോയിൽ ഹിമാലയൻ 450-യുടെ പുതിയ മാന ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ഇരുചക്ര വാഹന മാമാങ്കത്തിലാണ് ബ്രാൻഡ് അഡ്വഞ്ചർ ബൈക്കിന്റെ പുതുമോഡലിനെ പ്രദർശിപ്പിച്ചിരിക്കുന്നത്.

പൂർണമായും ബ്ലാക്കിൽ ഒരുക്കിയിരിക്കുന്ന നിറവും റാലി-സ്റ്റൈൽ ആക്‌സസറികളും ഉള്ള ഈ മോട്ടോർസൈക്കിൾ കാഴ്ച്ചയിൽ പുതുമകൊണ്ടുവരുന്നുണ്ട്. പക്ഷേ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ലെന്നാണ് വിവരം. ബൈക്കിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള ഭാഗങ്ങളും ബോഡി പാനലുകളും കറുപ്പിലാണ് പണിതിരിക്കുന്നത്. കൂടുതൽ സ്പോർട്ടി ലുക്ക് സമ്മാനിക്കുവാനായി ഫ്യുവൽ ടാങ്കിൽ ഗ്രേ കളറിലുള്ള ഗ്രാഫിക്സുകളും കാണാം.
ബൈക്കിന്റെ കൂടുതൽ സ്റ്റൈലിഷും ഓഫ്-റോഡിംഗിൽ സഹായകരമാവുന്ന ആക്‌സസറികളും ഈ പ്രത്യേക പതിപ്പിൽ സ്റ്റാൻഡേർഡായി തന്നെയാണ് റോയൽ എൻാഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. ഹൈ സെറ്റ്, ബീക്ക്-സ്റ്റൈൽ ഫെൻഡർ, ഫ്ലാറ്റ് ബെഞ്ച്-സ്റ്റൈൽ സീറ്റ്, നക്കിൾ ഗാർഡുകൾ, റാലി-സ്റ്റൈൽ പിൻ പാനൽ എന്നിവയാണ് പുതുതായി ഹിമാലയൻ മാന എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബൈക്കിന്റെ ബാക്കി കാര്യങ്ങളെല്ലാം സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുകയാണ്. 452 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ ഫോർ വാൽവ് എഞ്ചിൻ ആണ് റോയൽ എൻഫീൽഡ് ഹിമാലയൻ മാന എഡിഷന്റെ ഹൃദയം. 8,000 ആർപിഎമ്മിൽ 40 bhp കരുത്തും 5,500 ആർപിഎമ്മിൽ പരമാവധി 40 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ഗൂഗിൾ മാപ്‌സും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉള്ള കളർ TFT സ്‌ക്രീനാണ് പുതിയ സ്പെഷ്യൽ റാലി എഡിഷനിലും കമ്പനി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, സ്വിച്ചബിൾ എബിഎസ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ എന്നിവയും ഹിമാലയനിലുണ്ട്. ഹിമാലയൻ 450 പതിപ്പിന് മൊത്തത്തിൽ 196 കിലോഗ്രാം ഭാരവും 17 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്. 230 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 1,510 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് മോട്ടോർസൈക്കിളിനുള്ളത്.

21 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ സ്‌പോക്ക് വീൽ കോമ്പിനേഷനുമാണ് റോയൽ എൻഫീൽഡ് ഹിമാലയൻ മാന എഡിഷന് ലഭിച്ചിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ഷോവയുടെ അപ്-സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളിനുള്ളത്. അതേസമയം ബ്രേക്കിംഗിംഗിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക്കും കൊടുത്തിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








