50 കി.മീ. മൈലേജുള്ള 250 സിസി ബുള്ളറ്റുമായി റോയൽ എൻഫീൽഡ്, എഞ്ചിൻ നിർമിക്കാൻ കൂട്ടുപിടിക്കുന്നത് ഈ കമ്പനിയെ
ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ കിരീടംവെക്കാത്ത രാജാക്കൻമാരാണ് റോയൽ എൻഫീൽഡ് (Royal Enfield). ഹണ്ടർ 350 മുതൽ തുടങ്ങുന്ന ബൈക്ക് നിര 650 സിസി ക്ലാസിക് വരെ എത്തി നിൽക്കുകയാണിപ്പോൾ. നിലവിലെ എൻട്രി ലെവൽ മോഡലായ ഹണ്ടർ വൻതരംഗമാണ് രാജ്യത്തുണ്ടാക്കിയെടുത്തത്. അതിന്റെ പ്രധാന കാരണം കുറഞ്ഞ വിലയും ഇതുവരെ എൻഫീൽഡ് ബൈക്കുകളിൽ കാണാത്ത സ്റ്റൈലും എല്ലാമായിരുന്നു. റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ നിരയിൽ കണ്ടുവന്നിരുന്ന യാതൊരു സ്വഭാവവുമില്ലാത്ത ഹണ്ടർ യുവാക്കളെയും ബുള്ളറ്റോടിക്കാൻ കൊതിച്ചിരുന്ന ലേഡീസിനെയുമാണ് ഹരം കൊള്ളിച്ചത്.
350 സിസി ശ്രേണി സൃഷ്ടിച്ച ആക്കം കൂട്ടാനായി റോയൽ എൻഫീൽഡ് പുതിയൊരു 250 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ പോവുകയാണെന്ന കിവംദന്തികളെല്ലാം എയറിൽ നിൽക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. എൻട്രി ലെവൽ പ്രീമിയം ബൈക്ക് സെഗ്‌മെന്റ് കൂടി തൂക്കിയടിക്കാനുള്ള പദ്ധതി ഉടൻ യാഥാർഥ്യമാവാൻ പോവുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹൈബ്രിഡ് എഞ്ചിൻ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ബൈക്കായിരിക്കും വരാനിരിക്കുന്ന 250 സിസി മോഡൽ. ഈ പ്രോജക്റ്റ് സാക്ഷാത്ക്കരിക്കാനായി കമ്പനി ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സിഎഫ്മോട്ടോയുമായി ചർച്ചകൾ നടത്തിവരികയാണ്. നിലവിൽ ഇന്ത്യ, യൂറോപ്പ്, ദക്ഷിണ അമേരിക്ക, യുഎസ്എ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ സിഎഫ്‌മോട്ടോയ്ക്ക് സാന്നിധ്യമുള്ളതിനാൽ കമ്പനിയെക്കുറിച്ച് കൂടുതൽ ആമുഖമൊന്നും വേണ്ടിവരില്ല.
പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് ബ്രാൻഡിൽ നിന്ന് ഒരു കോംപാക്‌ട് 250 സിസി എഞ്ചിൻ റോയൽ എൻഫീൽഡ് വാങ്ങും. ഇത് ഹൈബ്രിഡ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതിനാൽ ഇന്ത്യയിൽ സംഭവം ക്ലിക്കാവുമെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നും വേണ്ട താനും. പുതിയ 250 സിസി റോയൽ എൻഫീൽഡ് ഹൈബ്രിഡ് ബൈക്ക് ലിറ്ററിന് 50 കിലോമീറ്റർ മൈലേജ് വരെ നൽകിയാലും അതിശയിക്കാനൊന്നുമില്ല കേട്ടോ.

സ്ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണത്തിന് പകരം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയായിരിക്കും വരാനിരിക്കുന്ന 250 സിസി മോട്ടോർസൈക്കിളിൽ കമ്പനി അവതരിപ്പിക്കുക. ഒപ്പം കുറഞ്ഞ വില കൂടിയാവുമ്പോൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായേക്കും. റോയൽ എൻഫീൽഡിന്റെ പുതിയ 250 സിസി ഹൈബ്രിഡ് ഹൃദയം നിലവിലുള്ള ബിഎസ്-VI ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കും.
റോയൽ എൻഫീൽഡിന്റെ പുതിയ 250 സിസി ശ്രേണിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ 2016 മുതൽ കേൾക്കുന്നതാണ്. പിന്നീട് കൊവിഡ് മാഹാമാരി മൂലം മാറ്റിവെച്ച പ്രൊജക്റ്റ് വീണ്ടും സജീവമായിരിക്കുന്നതിനാൽ ഇത്തവണ സംഭവം യാഥാർഥ്യമായേക്കും. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ ഹണ്ടർ 350 മോഡലിന് താഴെയായിരിക്കും പുതിയ 250 സിസി ഹൈബ്രിഡ് ബൈക്ക് ഇടംപിടിക്കുക.

അങ്ങനെ നോക്കുമ്പോൾ വില 1.20 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. നിലവിൽ ഹണ്ടർ 1,49,900 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്. ആയതിനാൽ പുതിയ ഹൈബ്രിഡ് ബൈക്ക് ഹണ്ടറിനേക്കാൾ താങ്ങാനാവുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം തന്നെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ കൂടി വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്.
ഫ്ലയിംഗ് ഫ്ലീ C6 എന്നുപേരിട്ടിരിക്കുന്ന ഇവി 2026 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് ആര്‍മി പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന 125 സിസി ഫ്ലയിംഗ് ഫ്ലീ മോട്ടോര്സൈക്കിളില്‍ നിന്നാണ് ഇലക്ട്രിക് ബൈക്കിനായുള്ള പേരും ഡിസൈനും കമ്പനി ഉൾക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








