ഈ ബൈക്ക് അന്വേഷിച്ച് ഇനി വരേണ്ട! ബുള്ളറ്റ് നിരയിലെ മിടുക്കനെ നിർത്തലാക്കി എൻഫീൽഡിന്റെ പണി
കുടുകുടു ശബ്‌ദവുമായി നിരത്തുകളിലൂടെ പായുന്ന ബുള്ളറ്റുകൾ ഇന്ത്യക്കാർക്ക് എന്നും പ്രിയപ്പെട്ടതാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന സിനിമ ഇറങ്ങിയതോടെ ബുള്ളറ്റുകൾക്ക് നല്ലകാലം തുടങ്ങി. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ലക്ഷങ്ങൾ മുടക്കി പഴയ മിലിട്ടറി ബുള്ളറ്റുകൾ വരെ വാങ്ങാൻ ആളുകൾ ഒഴുകിയെത്തുന്ന കാലമുണ്ടായിരുന്നു. പക്ഷേ അടിക്കടി കംപ്ലയിന്റുകളൊക്കെ വരുന്നത് പലരേയും പിന്നോട്ട് വലിക്കുന്ന കാര്യമായിരുന്നു. എന്നാൽ ഇതെല്ലാം മനസിലാക്കിയ റോയൽ എൻഫീൽഡ് (Royal Enfield) പതിയ തങ്ങളുടെ നിരയിലെ മോഡലുകളെയെല്ലാം പരിഷ്ക്കാരികളാക്കി പുറത്തിറക്കി.
ഇതോടെ യൂത്തൻമാർ വരെ പ്രകമ്പന ശബ്‌ദത്തിനൊപ്പം പായാൻ തുടങ്ങി. അങ്ങനെ ആധുനിക ബൈക്കുകൾ പുറത്തിറക്കാനും റോയൽ എൻഫീൽഡ് തയാറായി. കോണ്ടിനെന്റൽ ജിടി, ഇന്റർസെപ്റ്റർ, ഹിമാലയൻ, ഹണ്ടർ, സ്ക്രാം 411, മീറ്റിയോർ, ഗറില്ല, ഷോട്ട്ഗൺ തുടങ്ങിയവയെല്ലാം അങ്ങനെ പിറവിടെയുത്തവരാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ഫാൻസുള്ളത് ഹിമാലയനുമായിരുന്നുവെന്ന് വേണം പറയാൻ. എവിടെ വേണമെങ്കിലും കൊണ്ടുപോവാനാവുന്ന കഴിവ് അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ വേറിട്ടു നിർത്തുന്ന കാര്യമായിരുന്നു.

ഇതിനെ അടിസ്ഥാനമാക്കി എൻഫീൽഡ് കൊണ്ടുവന്ന മോഡലായിരുന്നു സ്ക്രാം 411. ഭാരം കുറയ്ക്കാൻ ചില പൊടികൈകൾ ഉപയോഗിച്ചുവെന്നതല്ലാതെ വേറെ മാറ്റങ്ങളൊന്നും ഹിമാലയനിൽ നിന്നും ഇതിനില്ലായിരുന്നു. പിന്നെ യൂത്തൻമാരെ കൈയിലെടുക്കാനായി കിടിലൻ നിറങ്ങളും സ്ക്രാമിൽ കമ്പനി ഉപയോഗിക്കുകയുണ്ടായി. ഹിമാലയൻ 411 തലമുറ മാറ്റത്തോടെ നിർത്തലാക്കിയെങ്കിലും കുറച്ചുകാലത്തേക്ക് സ്ക്രാമിന്റെ വിൽപ്പന തുടരാൻ റോയൽ എൻഫീൽഡ് നിർബന്ധിതരായിരുന്നു.
ഇപ്പോഴിതാ സ്ക്രാം 411 മോഡലിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. 440 സിസി എഞ്ചിനുമായി പുത്തൻ സ്ക്രാം വിപണിയിൽ എത്തിയതോടെയാണ് പഴയ പതിപ്പിനെ വിപണിയിൽ നിന്നും പിൻവലിക്കാൻ കാരണമായിരിക്കുന്നത്. ഇനി വാങ്ങാനെത്തുന്നവർക്ക് 440 സിസി കരുത്തുള്ള കുതിരക്കുട്ടിയിലേക്ക് ചേക്കേറാം. പഴയ മോഡലിനേക്കാൾ മികച്ചതായാണ് ഇതിന്റെ വരവ്.

ബൈക്ക് നിർത്തലാക്കിയതായി സൂചിപ്പിച്ചുകൊണ്ട് റോയൽ എൻഫീൽഡ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും സ്ക്രാം 411 നീക്കം ചെയ്‌തിട്ടുണ്ട്. മുകളിൽ സൂചിപ്പതു പോലെ തന്നെ റോയൽ എൻഫീൽഡ് ഹിമാലയൻ 411 അഡ്വഞ്ചർ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് സ്‌ക്രാം 411 നിർമിച്ചിരിക്കുന്നത്. ഒരേ എഞ്ചിനും ഷാസിയും ഉപയോഗിച്ചുകൊണ്ട് എത്തിയ സ്ക്രാംബ്ലർ പതിപ്പ് മോശമല്ലാതെ വിറ്റഴിക്കാനും ബ്രാൻഡിനായിരുന്നു.
ഹിമാലയനെ അപേക്ഷിച്ച് ചെറിയ വയർഡ് സ്‌പോക്ക് വീലുകളിലായിരുന്നു സ്ക്രാം 411 മോഡലിൽ ബ്രാൻഡ് ഉപയോഗിച്ചിരുന്നതും. 6,500 ആർപിഎമ്മിൽ 24.3 bhp കരുത്തും 4250 ആർപിഎമ്മിൽ 32 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 411 സിസി എഞ്ചിനായിരുന്നു മോട്ടോർസൈക്കിളിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് നല്ല ടോർക്കും റെസ്പോൺസും ഉണ്ടായിരുന്നെങ്കിലും പലർക്കും അൽപ്പം കൂടി പെർഫോമൻസ് വേണ്ടിയിരുന്നതായി തോന്നിയിട്ടുണ്ടായിരുന്നു.

ഹൈവേയിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ ആറാമത്തെ ഗിയറിന്റെ അഭാവവും സ്ക്രാം 411 മോഡലിൽ ശ്രദ്ധേയമായിരുന്നു. ഇതെല്ലാം പരിഹരിച്ചുകൊണ്ടാണ് പുതിയ 440 സിസി എഞ്ചിനുമായി സ്ക്രാം എത്തിയിരിക്കുന്നത്. വലിയ എഞ്ചിൻ, കൂടുതൽ പവർ, ആറ് സ്പീഡ് ഗിയർബോക്‌സ് എന്നിവ ഉപയോഗിച്ച് കൊടുങ്കാറ്റാവാൻ റോയൽ എൻഫീൽഡിന്റെ പുതിയ ബുള്ളറ്റിനാവുമെന്നാണ് പ്രതീക്ഷ.
പോരാത്തതിന് ട്യൂബ്-ടൈപ്പ് ടയറുള്ള വയർ-സ്‌പോക്ക് റിമ്മുകളോ ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകളോ ഉപയോഗിച്ച് സ്‌ക്രാം 440 വാങ്ങാനും സാധിക്കും. സ്‌ക്രാം 411 മോഡലിനേക്കാൾ 2,000 രൂപ മാത്രം കൂടുതലുള്ള സ്‌ക്രാം 440 കൊടുക്കുന്ന പൈസക്കുള്ള മുതലുണ്ട്. കേരളത്തിൽ നിലവിൽ 1.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് 440 സിസി ബൈക്കിനുള്ളത്. എന്നാൽ ഇത് ആദ്യത്തെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുകയെന്ന് മാത്രം.


Click it and Unblock the Notifications








