ഇനി കംപ്ലയിന്റ് ഒന്നുമുണ്ടാവില്ല! നിർത്തിവെച്ച 440 സിസി ബുള്ളറ്റിന്റെ വിൽപ്പന വീണ്ടും തുടങ്ങിയെന്ന് എൻഫീൽഡ്
ഒരുകാലത്ത് ഏറ്റവും കൂടുതൽ കംപ്ലയിന്റുകൾ കേട്ടിരുന്ന ബൈക്കുകളായിരുന്നു റോയൽ എൻഫീൽഡിന്റേത്. വിറയലും വികാരവും മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞുള്ള കളിയാക്കലുകളും ബ്രാൻഡ് ഏറെ കേട്ടിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം മാറി പക്കാ യൂത്തനായി മാറാൻ എൻഫീൽഡിന് അധിക കാലമൊന്നും വേണ്ടിവന്നില്ലെന്നതാണ് സത്യം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള മോഡേൺ മോട്ടോർസൈക്കിളുകളാണ് ബ്രാൻഡിന്റെ ആവനാഴിയിലുള്ളത്. ഇന്നത്തെ നിലയിലേക്ക് എത്താൻ ഏറ്റവും കൂടുതൽ സഹായിച്ചത് ഹിമാലയൻ എന്ന അഡ്വഞ്ചർ ടൂറർ ബൈക്കാണെന്ന് നിസംശയം വാദിക്കാനാവും. അങ്ങ് ഹിമാലയൻ കയറാൻ വരെ പിള്ളേർക്ക് പ്രചോദനമായ വണ്ടി ഇന്ന് രണ്ടാംതലമുറ ആവർത്തനത്തിലാണുള്ളത്.
എങ്കിലും പുതിയവനേക്കാൾ ആളുകൾക്ക് ഇഷ്‌ടം പഴയ പ്രതാപിയെ തന്നെയായിരുന്നു. അതിന്റെ തലയെടുപ്പ് ഇപ്പോഴത്തെ 452 പതിപ്പിനില്ലെന്നാണ് പലരുടേയും പരാതി. എന്നാൽ പഴയ ആ ഹിമാലയനെ ഇന്നും ഇഷ്‌ടപ്പെടുന്നവർക്ക് വേണ്ടി സ്ക്രാം 440 റോയൽ എൻഫീൽഡ് പുറത്തിറക്കുന്നുണ്ട്. അഡ്വഞ്ചർ ബൈക്കല്ലെങ്കിലും പഴയ ഹിമാലയന്റെ സൌന്ദര്യവും പ്രായോഗികതയുമെല്ലാം ഒരുപരിധി വരെ ആവാഹിച്ച സ്ക്രാമിന് ആരാധകരുണ്ട്.

പണ്ടത്തെ ഹിമാലയനെ സ്നേഹിക്കുന്നവർക്കായി ഈ ജനുവരിയിലാണ് സ്ക്രാം 440 മോഡലിനെ എൻഫീൽഡ് വിപണിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇടയ്ക്ക് വെച്ച് ചില കാരണങ്ങളാൽ സ്ക്രാമിന്റെ ബുക്കിംഗും വിൽപ്പനയും റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ നിർത്തിവെച്ചിരുന്നു. ബ്രാൻഡിൽ നിന്നുള്ള അപ്രതീക്ഷിതമായ ഈ താരുമാനം പല യൂത്തൻമാരേയും നിരാശപ്പെടുത്തുകയും ചെയ്‌തിരുന്നു.
മോട്ടോർസൈക്കിളിലെ ചെറിയ സാങ്കേതിക പ്രശ്‌നം കാരണം ഒരു മാസത്തിലേറെയായി നിർത്തിവെച്ചിരുന്ന സ്‌ക്രാം 440 (Royal Enfield Scram 440 ) ബൈക്കിന്റെ ബുക്കിംഗ് റോയൽ എൻഫീൽഡ് പുനരാരംഭിച്ചിരിക്കുകയാണ്. കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലുടനീളമുള്ള ഡീലർമാർ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

2025 മെയ് ആദ്യ വാരത്തിലാണ് സ്‌ക്രാം 440 മോഡലിനായുള്ള ബുക്കിംഗുകളും ഡെലിവറികളും നിർത്തിവെക്കുന്നതായി റോയൽ എൻഫീൽഡി പ്രഖ്യാപിച്ചത്. ബൈക്കിലെ ഒരു തകരാറായിരുന്നു ഇതിന് കാരണം. എഞ്ചിൻ കുറച്ച് സമയത്തേക്ക് പ്രവർത്തിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ലെന്നതായിരുന്നു ആളുകൾ നേരിട്ടിരുന്ന പ്രശ്‌നം. ഡെലിവറി ചെയ്ത യൂണിറ്റുകളിൽ രണ്ട് ശതമാനം മാത്രമേ ഈ പ്രശ്‌നം റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ.
എങ്കിലും കൂടുതൽ ചീത്തപ്പേര് കേൾപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന്റെ വിൽപ്പന താത്ക്കാലികമായി കമ്പനി നിർത്തിവെക്കുന്നത്. മാഗ്നെറ്റോയിലെ വുഡ്രഫ് കീ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഘടകവുമായി ബന്ധപ്പെട്ടതായിരുന്നു ഈ പ്രശ്‌നം. എന്തായാലും തകാറുകളെല്ലാം പരിഹരിച്ച് വിപണിയിലേക്ക് വീണ്ടും എത്തുന്നതോടെ സ്ക്രാം 440 തേടി കൂടുതൽ ആളുകൾ ഷോറൂമിലേക്ക് എത്തിയേക്കാം.

സിറ്റി, ഓഫ്-റോഡ് സാഹചര്യങ്ങൾക്ക് ആവശ്യമായ ശക്തമായ ലോ-എൻഡ് ടോർക്ക് ഉള്ള ഒരു പുതിയ 440 സിസി എൽഎസ് എഞ്ചിനാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 443 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിന് 6,250 ആർപിഎമ്മിൽ 25.4 bhp കരുത്തും 4,000 ആർപിഎമ്മിൽ 34 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.
19-17 ഇഞ്ച് വീൽ കോമ്പിനേഷനിലാണ് ബൈക്ക് നിരത്തിലേക്ക് എത്തുന്നത്. കൂടാതെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് റോയൽ എൻഫീൽഡ് സ്ക്രാം 440 അലോയ് വീലുകളിലോ സ്‌പോക്ക് വീലുകളിലോ സ്വന്തമാക്കാനുമാവും. ട്രെയിൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന മോട്ടോർസൈക്കിളിന് 2.08 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയാണുള്ളത്.


Click it and Unblock the Notifications








