ഇപ്പോൾ 1.99 ലക്ഷമേയുള്ളൂ, പുതിയ 440 സിസി ബുള്ളറ്റ് വാങ്ങുന്നുണ്ടേൽ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നല്ലതാ
ഇന്ന് യൂത്തൻമാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട ടൂവീലർ ബ്രാൻഡാണ് റോയൽ എൻഫീൽഡ്. ഒരുകാലത്ത് റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകൾ മാത്രം പുറത്തിറക്കിയിരുന്ന കമ്പനി ഇന്ന് യുവതലമുറയെ ലക്ഷ്യംവെച്ചുകൊണ്ടാണ് കൂടുതൽ ബൈക്കുകളും പുറത്തിറക്കുന്നത്. പഴയ ഹിമാലയൻ നിർത്തി 450 സിസി പതിപ്പ് പുറത്തിറക്കിയതെല്ലാം യൂത്തിനോട് അടുക്കുന്നതിന്റെ നീക്കങ്ങളായിരുന്നു. അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയുള്ള സ്ക്രാംബ്ലർ സ്റ്റൈൽ മോഡലായ സ്ക്രാം വിപണിയിൽ അത്ര വിജയമായിരുന്നില്ലെങ്കിലും ഇത് വാങ്ങാനും ആളുകളുണ്ടായിരുന്നുവെന്ന് വേണം പറയാൻ. ഇപ്പോഴിതാ ഹിമാലയനിലെ ആ വലിയ എഞ്ചിനുമായി പുതുപ്പിറവി എടുത്തിരിക്കുകയാണ് സ്ക്രാം.
സ്ക്രാം 440 എന്ന പേരിൽ പുതുക്കിയ എഞ്ചിനുമായി മോട്ടോർസൈക്കിൾ ഇക്കഴിഞ്ഞ ദിവസമാണ് വിപണിയിൽ എത്തുന്നത്. ട്രെയിൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്കിനെ അവതരിപ്പിച്ചത്. കേരളത്തിൽ രണ്ട് ലക്ഷത്തിന് മുകളിൽ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഉയർന്ന ആർടിഒ നികുതി 21 ശതമാനം ആയതിനാൽ സ്ക്രാമിനെ പ്രത്യേക വിലയിലാണ് ലോഞ്ച് ചെയ്‌തിരിക്കുന്നത്.

സ്ക്രാമിന്റെ എൻട്രി വേരിയന്റിന്റെ എക്സ്ഷോറൂം വില 1.99 ലക്ഷം രൂപയായാണ് റോയൽ എൻഫീൽഡ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ ടോപ്പ് മോഡലിന് 2.15 ലക്ഷവും മുടക്കേണ്ടി വരും. വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്നതിനാൽ സ്ക്രാം 440 ട്രെയിലും ഫോഴ്‌സും തമ്മിൽ ചില വ്യത്യാസങ്ങൾ വരുന്നുണ്ട് കേട്ടോ. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഫ്രണ്ട് ബ്രേക്ക് എന്നിവ രണ്ടിലും സമാനമാണെങ്കിലും ഇവ തമ്മിൽ എന്തൊക്കെയാണ് മാറ്റമെന്ന് വിശദമായി നോക്കിയാലോ?
ട്രെയിൽ: റോയൽ എൻഫീൽഡ് സ്ക്രാം 440 ട്രെയിൽ വേരിയന്റിലേക്ക് നോക്കിയാൽ പേര് സൂചിപ്പിക്കുന്നത് പോലെ ഇത് കൂടുതൽ ഓഫ്-റോഡ് അധിഷ്ഠിത മോഡലായിരിക്കും. ആയതിനാൽ ട്യൂബ്-ടൈപ്പ് ടയറുകളുള്ള പരമ്പരാഗത സ്‌പോക്ക് വീലുകളുമായിട്ടാണ് കക്ഷിയുടെ വരവ്. ട്രെയിൽ ബ്ലൂ, ട്രെയിൽ ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ബൈക്ക് വാങ്ങാനാവുന്നതും. രണ്ട് നിറങ്ങളിലും മാറ്റ് ഫിനിഷിലാണ് കമ്പനി പൂർത്തിയാക്കിയിരിക്കുന്നതും.

ഫോഴ്‌സ്: റോയൽ എൻഫീൽഡ് സ്ക്രാം 440 ബൈക്കിന്റെ ടോപ്പ് വേരിയന്റായ ഫോഴ്‌സ് ട്യൂബ്‌ലെസ് ടയറുകളിൽ പൊതിഞ്ഞ അലോയ് വീലുകളുമായിട്ടാണ് വരുന്നത്. അതായത് ഇത് കൂടുതൽ ടൂർ ഫ്രണ്ട്ലിയായിട്ടാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നതെന്ന് സാരം. ഒരു പ്രായോഗിക ടൂറർ മോട്ടോർസൈക്കിളാക്കുന്നതിനായിട്ടാണ് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും സമ്മാനിച്ചിരിക്കുന്നത്.
ഫോഴ്‌സ് ബ്ലൂ, ഫോഴ്‌സ് ഗ്രേ, ഫോഴ്‌സ് ടീൽ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ വേരിയന്റ് ലഭ്യമാണ്. അലോയ്, സ്പോക്ക് എന്നത് കണക്കിലാക്കാതെ തന്നെ രണ്ട് വകഭേദങ്ങളിലും 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് വീലുമാണ് ഒരുക്കിയിരിക്കുന്നത്. വലുതും ശക്തവുമായ 443 സിസി എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് പുതിയ റോയൽ എൻഫീൽഡ് സ്ക്രാമിന് തുടിപ്പേകുന്നത്. നിലവിലുണ്ടായിരുന്ന പതിപ്പിനേക്കാൾ കൂടുതൽ നൂതനമായ ഹൃദയമാണിത്.

ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ ലോംഗ്-സ്ട്രോക്ക് എഞ്ചിൻ 6,250 ആർപിഎമ്മിൽ 25.4 bhp കരുത്തും 4,000 ആർപിഎമ്മിൽ 34 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എൽഇഡി ഹെഡ്‌ലൈറ്റ്, സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, മെച്ചപ്പെട്ട ഫ്രണ്ട് ബ്രേക്ക്, ഭാരം കുറഞ്ഞ ക്ലച്ച് പ്രവർത്തനത്തിനായി പുൾ-ടൈപ്പ് ക്ലച്ച് എന്നിവ മോട്ടോർസൈക്കിളിനെ കിടിലമാക്കുന്ന കാര്യങ്ങളാണ്.
10 കിലോഗ്രാം പേലോഡ് ശേഷിയുള്ള പിൻ പാർസൽ റാക്കിൽ ഘടിപ്പിക്കാവുന്ന ഒരു ഓപ്ഷണൽ ടോപ്പ് ബോക്സും റോയൽ എൻഫീൽഡ് സ്ക്രാം 440-യിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 190 mm, 180 mm ട്രാവൽ ഉള്ള മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക്ക് യൂണിറ്റുകളും ലഭിക്കും. 187 കിലോഗ്രാം ഭാരമാണ് ബൈക്കിനിപ്പോഴുള്ളതെന്ന് എൻഫീൽഡ് പറയുന്നു.


Click it and Unblock the Notifications








