25 പേർക്ക് മാത്രം വാങ്ങാവുന്ന ബുള്ളറ്റ്, പക്ഷേ ഇത് ഷോറൂമിൽ കിട്ടില്ല! സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
പല തരത്തിലുള്ള ന്യൂജെൻ ബൈക്കുകൾ പുറത്തിറക്കിയാലും റോയൽ എൻഫീൽഡ് (Royal Enfield) മോഡലുകളെ ആളുകൾ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബുള്ളറ്റ്. ചെറുപ്പക്കാർക്കും പ്രായമാവർക്കുമെല്ലാം ഒരുപോലെ ഇഷ്‌ടമുള്ള ആ പ്രകമ്പന ശബ്‌ദം പലരും അനുകരിക്കാൻ നോക്കിയിട്ടുണ്ടെങ്കിലും ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട കുടുകുടു ശബ്‌ദം ബുള്ളറ്റുകളുടേതാണ്. പണ്ട് വികാരമാണ് വൈബ്രേഷനാണെന്ന് വരെ കളിയാക്കിയിട്ടുള്ളവരെല്ലാം ഇന്ന് എൻഫീൽഡ് ഫാൻസാണ്. അതിന് കാരണം മോഡൽ നിരയിലെ ന്യൂജെൻ പിള്ളേരാണെന്ന് വേണം പറയാൻ. ഹണ്ടറും (Hunter) ഹിമാലയനും ഗറില്ലയുമെല്ലാം ഉണ്ടാക്കിയെടുത്ത ഓളം അത്രത്തോളമുണ്ട്.
പോരാത്തതിന് 650 സിസി നിരയും ഇപ്പോൾ ലോകോത്തരമാണ്. കോണ്ടിനെന്റൽ ജിടിയും ഇന്റർസെപ്റ്ററും അരങ്ങുവാഴുന്ന 650 സിസി വിഭാഗത്തിലേക്ക് എല്ലാം തികഞ്ഞ ഷോട്ട്ഗൺ എന്ന മോഡൽ എത്തിയിട്ട് അധികമായില്ലെങ്കിലും ആളുകൾക്ക് ഇവൻ പ്രിയങ്കരനായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഷോട്ട്ഗൺ 650 ഐക്കൺ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്.

4.25 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലെത്തുന്ന ഈ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന്റെ വെറും 100 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി നിർമിക്കുക. അതിൽ അതിൽ 25 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഐക്കൺ മോട്ടോസ്‌പോർട്‌സുമായുള്ള റോയൽ എൻഫീൽഡിൻ്റെ സഹകരണം ആഘോഷിക്കുന്നതിനാണ് ഐക്കൺ എഡിഷൻ വിപണിയിലെത്തിച്ചിരിക്കുന്നത്. ആര് കണ്ടാലും നോക്കിപ്പോവുന്ന കിടിലൻ രൂപത്തോടെയാണ് ബൈക്കിന്റെ വരവ്.
കളക്‌ടേഴ്‌സ് മോഡലായാണ് ഷോട്ട്ഗൺ 650 ഐക്കൺ എഡിഷൻ പ്രതിഷ്ഠിക്കപ്പെടുന്നതെന്ന് റോയൽ എൻഫീൽഡ് പറയുന്നു. റേസ്-പ്രചോദിത ഗ്രാഫിക്‌സിൻ്റെ ത്രീ-ടോൺ കളർ ഓപ്ഷനിലാണ് മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ ഗോൾഡ് കോൺട്രാസ്റ്റ് കട്ട് റിമുകളും ബ്ലൂ കളർ ഷോക്ക് സ്പ്രിംഗുകളും ഉൾപ്പെടെ അതുല്യമായ പ്രത്യേക ഘടകങ്ങളും ചേരുന്നതോടെ ഈ 650 സിസി ബൈക്ക് വേറെ ലെവലാകുന്നുണ്ട്.

ഇന്റഗ്രേറ്റഡ് ലോഗോയും ബാർ-എൻഡ് മിററുകളും ഉള്ള ഒരു ചുവന്ന സീറ്റ് ബൈക്കിന്റെ സ്റ്റൈലിനെ കൂടുതൽ കളറാക്കുന്നുണ്ട്. മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് സ്ലാബ്ടൗൺ ഇൻ്റർസെപ്റ്റ് RE ജാക്കറ്റും റോയൽ എൻഫീൽഡ് സമ്മാനം നൽകും. സ്യൂഡും ടെക്സ്റ്റൈലും ഉപയോഗിച്ചാണ് എക്‌സ്‌ക്ലൂസീവ് ജാക്കറ്റ് നിർമിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ലെതർ ആപ്ലിക്കേഷനുകളും എംബ്രോയിഡറിയും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ജാക്കറ്റ് ഐക്കൺ ബ്രാൻഡാണ് മെനഞ്ഞെടുത്തിരിക്കുന്നത്.
ഷോട്ട്ഗൺ 650 ഐക്കൺ എഡിഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഷോറൂമിലേക്കല്ല വെച്ചുപിടിക്കേണ്ടത്. പകരം ഇതിനായി റോയൽ എൻഫീൽഡ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഓൺലൈൻ വെബ്സൈറ്റ് ലിങ്കിൽ കയറിയാൽ മതിയാവും. 2025 ഫെബ്രുവരി 12-ന് വൈകിട്ട് 3 മണിക്ക് വെബ്സൈറ്റ് ലൈവാകും. ഓരോ റീജിയണിലും ബുക്ക് ചെയ്യുന്ന ആദ്യത്തെ 25 ഉപഭോക്താക്കൾക്ക് മാത്രമാണ് ഷോട്ട്ഗൺ 650 ഐക്കൺ എഡിഷൻ വീട്ടിലെത്തിക്കാനാവുക.

എക്സ്റ്റീരിയറിലെ പരിഷ്ക്കാരങ്ങൾ മാറ്റിനിർത്തിയാൽ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ഐക്കൺ എഡിഷന് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. 270 ഡിഗ്രി ഫയറിംഗ് ഓർഡറോട് കൂടിയ 648 സിസി, പാരലൽ ട്വിൻ എഞ്ചിൻ തന്നെയാണ് ബൈക്കിന് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി വരുന്ന ഇത് 47.8 bhp പവറിൽ പരമാവധി 51 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
795 മില്ലീമീറ്റർ സീറ്റ് ഉയരവും 1,465 മില്ലീമീറ്റർ വീൽബേസുമുള്ള ഷോട്ട്ഗണ്ണിന്റെ സസ്പെൻഷനായി മുൻവശത്ത് പ്രത്യേക ഫംഗ്‌ഷനുള്ള 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകളും പിന്നിൽ ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകളുമാണ് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുമ്പിൽ 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും മോട്ടോർസൈക്കിളിലുണ്ടാവും.


Click it and Unblock the Notifications








