ചൈനയുടെ പണിക്ക് മറുപണി കൊടുത്ത് ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കൾ, സിമ്പിൾ അത്രയ്ക്ക് സിമ്പിളല്ല
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഓലയ്ക്കൊപ്പം കടന്നുവന്നവരാണ് സിമ്പിൾ എനർജിയെന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ്. ഓല അതിവേഗം വളർന്ന് പന്തലിച്ചപ്പോൾ ആദ്യ ഇവിയുടെ വിപണനം തുടങ്ങാൻ ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡിന് അൽപം കൂടി സമയം വേണ്ടിവന്നിരുന്നു. അൽപം വൈകിയെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന ഇലക്ട്രിക് സ്കൂട്ടറായ വൺ ജനപ്രീതി നേടി മുന്നേറുന്നുണ്ട് ഇപ്പോൾ. എതിരാളികൾക്ക് ഒന്നും ഇതുവരെ നേടിയെടുക്കാൻ കഴിയാത്ത വലിയൊരു നേട്ടം തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ് ബ്രാൻഡ്. ഇലക്ട്രിക് വാഹന (EV) സാങ്കേതികവിദ്യയിൽ പുതിയൊരു കണ്ടുപിടുത്തമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.
എന്താണന്നല്ലേ, ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ രാജ്യത്തെ ആദ്യത്തെ റെയർ എർത്ത് രഹിത ഇലക്ട്രിക് മോട്ടോർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള റെയർ എർത്ത് എലമെന്റ് കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇലക്ട്രിക് വാഹന വ്യവസായം ഏതാനും മാസങ്ങൾക്ക് മുമ്പ് ഏതാണ്ട് സ്തംഭനാവസ്ഥയിലായിരുന്നു.

ചേതക് ഇവിയുടെ നിർമാണം വരെ നിർത്തിവെക്കാൻ ബജാജ് നിർബന്ധിതരാവുകയും ചെയ്‌തിരുന്നു. ഇതിനെ മറികടക്കാനാണ് ഇത്തരത്തിലൊരു വികസനം സിമ്പിൾ എനർജിയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. റെയർ എർത്ത് എലമെന്റുകളില്ലാതെ ഇലക്ട്രിക് മോട്ടോർ വികസിപ്പിച്ചെടുത്തതിന് പുറമെ ഇലക്ട്രിക് മോട്ടോറുകളുടെ വാണിജ്യ ഉൽപാദനം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ OEM കൂടിയായി മാറാൻ സിമ്പിളിന് സാധിച്ചിട്ടുണ്ട്.
95 ശതമാനം പ്രാദേശികവൽക്കരിച്ച ഉത്പാദന നിരയിലേക്ക് ഈയൊരു കാര്യം സാധ്യമാക്കാൻ വിപുലമായ ഗവേഷണ വികസനം വേണ്ടിവന്നുവെന്നും ബ്രാൻഡ് പറയുന്നു. പേറ്റന്റ് നേടിയ ഈ ഇൻ-ഹൗസ് സാങ്കേതികവിദ്യ റെയർ എർത്ത് മാഗ്നറ്റുകളെ ഒപ്റ്റിമൈസ് ചെയ്ത സംയുക്തങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നുവെന്നും തത്സമയം താപവും ടോർക്കും കൈകാര്യം ചെയ്യുന്ന പ്രൊപ്രൈറ്ററി അൽഗോരിതങ്ങളാണ് ഇതിന് കരുത്ത് പകരുന്നതെന്ന് സിമ്പിൾ എനർജിയുടെ സിഇഒയും സഹസ്ഥാപകനുമായ സുഹാസ് രാജ്കുമാർ പറഞ്ഞു.

മോട്ടോറുകൾ പൂർണമായും സ്വന്തമായി നിർമിക്കുന്നതോടെ സിമ്പിൾ ഗവേഷണ വികസന സമയക്രമങ്ങൾ ഗണ്യമായി കുറച്ചുവെന്നും നൂതനവും റെയർ എർത്ത് എലമെന്റ് രഹിതവുമായ മോട്ടോറുകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ വിപണിയിലെത്തിക്കാനും തങ്ങൾക്കായെന്ന് രാജ്കുമാർ കൂട്ടിച്ചേർക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള സിമ്പിളിന്റെ 200,000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക നിർമാണ കേന്ദ്രത്തിലാണ് ഈ ഇലക്ട്രിക് മോട്ടോർ നിർമിക്കുന്നത്.
വർഷങ്ങളായി ഉയർന്ന ടോർക്ക് സാന്ദ്രതയ്ക്കും ഒതുക്കമുള്ള രൂപകൽപ്പനയ്ക്കും വിലമതിക്കുന്ന ഹെവി റെയർ എർത്ത് മാഗ്നറ്റുകളാണ് ഇവി മോട്ടോറുകളിൽ എല്ലാ ഇവി നിർമാതാക്കളും പൊതുവായി ഉപയോഗിച്ച് വന്നിരുന്നത്. എന്നിരുന്നാലും സമീപകാല വിതരണ പ്രതിസന്ധി പ്രാദേശികവൽക്കരണത്തിന്റെ അടിയന്തര ആവശ്യകതയിലേക്ക് നയിച്ചു. എന്തായാലും റെയർ എർത്ത് എലമെന്റുകളില്ലാതെ മോട്ടോറുകൾ വികസിപ്പിക്കാനായത് രാജ്യത്തിന് തന്നെ വലിയൊരു നേട്ടമാണ്.

ലോകത്തിലെ 90 ശതമാനം അപൂർവ എർത്ത് എലമെൻ്റുകളുടേയും കാന്തങ്ങളുടെയും ഉത്പാദനം ചൈനയിലാണ്. അത്തരത്തിലൊരു സന്ദർഭത്തിലാണ് റെയർ എർത്ത് എലമെന്റ് കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തുടർന്ന് സിമ്പിൾ എനർജി ബദൽ സംയുക്തങ്ങൾ പര്യവേക്ഷണം ചെയ്യാനും ഹെവി റെയർ എർത്ത് എലമെന്റ് അധിഷ്ഠിത സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന പെർഫോമൻസുകൾ കൈവരിക്കുന്നതിനായി കോമ്പിനേഷനുകൾ വ്യവസ്ഥാപിതമായി പരീക്ഷിക്കാനും തുടങ്ങി.
അങ്ങനെയാണ് രാജ്യത്തെ ആദ്യത്തെ റെയർ എർത്ത് രഹിത ഇലക്ട്രിക് മോട്ടോർ വികസിപ്പിച്ചെടുക്കാനായത്. സിമ്പിൾ എനർജിയുടെ ഈ പുതിയ ഇലക്ട്രിക് മോട്ടോറുകൾ പരമ്പരാഗത ഇലക്ട്രിക് മോട്ടോറുകളെപ്പോലെ കാര്യക്ഷമമാണെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ റെയർ എർത്ത് രഹിത ഇലക്ട്രിക് മോട്ടോർ വാണിജ്യ ഉപയോഗത്തിന് എപ്പോൾ ഉപയോഗിക്കുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇവ ഉടൻ തന്നെ വിപണനത്തിന് എത്തിയേക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








