ഓലയെ ഒതുക്കാൻ തുറുപ്പ്ചീട്ടിറക്കി സിമ്പിൾ, 181 കി.മീ റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി
രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിലെ കിടമത്സരം ദിനംപ്രതി കടുക്കുകയാണ്. ടിവിഎസിനും ബജാജിനും ഹീറോ മോട്ടോകോർപ്പിനും പിന്നാലെ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയും വൈദ്യുത മേഖലയിലേക്ക് കടന്നപ്പോൾ പ്രതീക്ഷിക്കാതെ കൈവന്ന വസന്തകാലമായാണ് ആളുകൾ ഇതിനെ കാണുന്നത്. എങ്കിലും സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ ഇതിപ്രസരത്തിനിടയിൽ പല കമ്പനികൾക്കും അത്രമേൽ ശോഭിക്കാനായിട്ടില്ല. ഓലയും ഏഥറും അൾട്രാവയലറ്റുമെല്ലാം കട്ടയ്ക്ക് നിൽക്കുമ്പോൾ ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ വാങ്ങാൻ എത്തുന്നുവർക്കിടയിലും ഉണ്ടാവും. പക്ഷേ ഇക്കൂടെ ചേർത്ത് വായിക്കേണ്ട പേരാണ് സിമ്പിൾ എനർജിയുടേതും (Simple Energy).
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറെക്കാലം മുമ്പേ അരങ്ങേറ്റം കുറിച്ചവരാണ് ഇവരെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ സജീവമായി വിപണിയിൽ പിടിച്ചുനിൽക്കാൻ ബ്രാൻഡിനായിരുന്നില്ല. എന്നാൽ അടുത്തകാലത്ത് ഈ പ്രശ്‌നങ്ങൾക്കും ആശങ്കകൾക്കുമെല്ലാം അറുതിവരുത്തിക്കൊണ്ട് സ്റ്റാർട്ടപ്പ് ബ്രാൻഡ് പറന്നുയരുകയാണ്. അടുത്തിടെ ഏറ്റവും പുതിയ 2025 മോഡൽ സിമ്പിൾ വൺ പുറത്തിറക്കിയ കമ്പനി തങ്ങളുടെ നിരയിലേക്ക് പുത്തനൊരു മോഡലിനെ കൂടി കൊണ്ടുവന്നിരിക്കുകയാണ്.

വൺഎസ് (OneS) എന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറാണ് സിമ്പിൾ എനർജി പുറത്തിറക്കിയിരിക്കുന്നത്. ബ്രാൻഡിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലിന് 1.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. സിമ്പിൾ വൺ ജെൻ 1.5 ഇ-സ്കൂട്ടർ നിരവധി അപ്‌ഗ്രേഡുകളോടെ വിൽപ്പനയ്‌ക്കെത്തി ആഴ്ച്ചകൾക്ക് ശേഷമാണ് പുതിയ വൺഎസ് ഇവിയും വിപണനത്തിനായി എത്തുന്നത്.
വില കുറവാണെങ്കിലും റേഞ്ചിലൊന്നും യാതൊരു കുറവും വരുത്താതെയാണ് ബെംഗളൂരു ആസ്ഥനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ ഒരുക്കിയിരിക്കുന്നത്. പുതിയ സിമ്പിൾ വൺഎസ് ഇവിക്ക് സിംഗിൾ ചാർജിൽ 181 കിലോമീറ്റർ (IDC) റേഞ്ച് വാഗ്ദാനം ചെയ്യാനാവും. മുമ്പ് വിൽപ്പനയിലുണ്ടായിരുന്ന ഡോട്ട് വണ്ണിന് പകരമായാണ് പുതിയ വൺഎസ് എത്തുന്നത്.

വൺഎസ് അതിന്റെ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയതും ദൈർഘ്യമേറിയതുമായ ഇലക്ട്രിക് സ്കൂട്ടറാണെന്ന് സിമ്പിൾ അവകാശപ്പെടുന്നു. 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ്, 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നീ നാല് റൈഡിംഗ് മോഡുകൾ എന്നിവയും ഇവിയിൽ ഒരുക്കിയിട്ടുണ്ട്. ബ്രേസൺ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ, നമ്മ റെഡ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ പുതിയ വൺഎസ് ലഭ്യമാണ്.
പുതിയ സിമ്പിൾ വൺഎസിലെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ 5G പ്രാപ്തമാക്കിയ ഇ-സിമ്മുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കസ്റ്റമൈസ് ചെയ്യാനാവുന്ന തീമുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, ഫൈൻഡ് മൈ വെഹിക്കിൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റീജനറേറ്റീവ് ബ്രേക്കിംഗ്, പുതിയ പാർക്ക് അസിസ്റ്റ് ഫംഗ്ഷൻ തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് ഇലക്ട്രിക് സ്കൂട്ടറിൽ കുത്തിനിറച്ചിരിക്കുന്നത്.

ഡോട്ട് വണ്ണിനെ അപേക്ഷിച്ച് പുതിയ സിമ്പിൾ വൺഎസിന് എല്ലാ വിഭാഗങ്ങളിലും നിരവധി മെച്ചപ്പെടുത്തലുകൾ ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സോണിക് മോഡിൽ ഇലക്ട്രിക് സ്കൂട്ടറിന് 2.5 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ഇവിക്ക് മണിക്കൂറിൽ പരമാവധി 105 കിലോമീറ്റർ വേഗത കൈവരിക്കാനുമാകും. 3.7 കിലോവാട്ട് ഫിക്സഡ് ബാറ്ററി പായ്ക്കാണ് വണ്ടിയുടെ ഹൃദയം.
PMS ഇലക്‌ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന സിമ്പിൾ വൺഎസിന് 8.5 കിലോവാട്ട് അതായത് 11.3 bhp കരുത്തോളും ഉത്പാദിപ്പിക്കാനുമാവും. ബെംഗളൂരു, ഗോവ, പൂനെ, വിജയവാഡ, ഹൈദരാബാദ്, വിസാഗ്, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലെ 15 ഷോറൂമുകളിലും സിമ്പിൾ വൺസ് ലഭ്യമാകും. വരും വർഷത്തിൽ 150 പുതിയ സ്റ്റോറുകളും 200 സർവീസ് സെന്ററുകളും ആരംഭിച്ച് കമ്പനി രാജ്യവ്യാപകമായി 23 സംസ്ഥാനങ്ങളിലായി സാന്നിധ്യം വിപുലീകരിക്കുകയാണ്.


Click it and Unblock the Notifications








