പെട്രോൾ സ്‌കൂട്ടർ വിൽക്കുന്നതാ നല്ലത്, കുറഞ്ഞ വിലയിൽ ആക്‌സസ് ഇലക്‌ട്രിക് അവതരിപ്പിക്കാൻ സമയം കുറിച്ച് സുസുക്കി
ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ യാത്രകൾ ചെയ്യാൻ അനുവദിക്കുന്ന ഇവികൾ അനുഗ്രഹമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലാത്തവർ പഴയ പെട്രോൾ ടൂവീലറുകൾ പൂർണമായും ഒഴിവാക്കിയാണ് വൈദ്യുത വാഹനങ്ങളെ ആശ്രയിക്കുന്നത്. വീട്ടിൽ സോളാർ കൂടിയുണ്ടെങ്കിൽ യാത്രകളെല്ലാം ഫ്രീയായി തന്നെ നടത്താനാവുന്ന സാഹചര്യവും ഇപ്പോഴുണ്ട്. ഇതെല്ലാം കണ്ട് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ മുന്നേ തന്നെ കളത്തിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ പതിയെ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാക്കളും ഇവി രംഗത്തേക്ക് ഇറങ്ങുകയുണ്ടായി. ബജാജ്, ടിവിഎസ്, ഹീറോ, ഹോണ്ട തുടങ്ങിയവരെല്ലാം തങ്ങളുടെ മോഡലുകൾ പുറത്തിറക്കുകയും ചെയ്‌തു.
ഇതിനു പിന്നാലെ ഇപ്പോഴിതാ സുസുക്കിയും ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് പ്രവേശിക്കാൻ റെഡിയായി കഴിഞ്ഞു. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ആക്‌സസ് ഇവിയുമായാണ് ജാപ്പനീസ് ടൂവീലർ ബ്രാൻഡ് ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിക്കാൻ എത്തുന്നത്. ഇ-ആക്സസ് എന്ന് പേരിട്ടിരിക്കുന്ന സുസുക്കിയുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനം ജൂൺ മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്ന സ്ഥിരീകരണമാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതായത് അധികം കാത്തിരുത്താതെ തന്നെ സൈലന്റായ ആക്‌സസിനെ വീട്ടിലെത്തിക്കാമെന്ന് സാരം. ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന വിപണികളായ 30 ഇന്ത്യൻ നഗരങ്ങളിലായിരിക്കും ഇ-ആക്സസ് തുടക്കത്തിൽ അവതരിപ്പിക്കുകയെന്ന് സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഈ വർഷം അവസാനത്തോടെ കമ്പനി സാന്നിധ്യമുള്ള എല്ലാ നഗരങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കുകയും ചെയ്യും.
സുസുക്കിയുടെ എല്ലാ മേഖലകളിലും വാഹനങ്ങൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ ആദ്യം ഇ-ആക്‌സസ് പുറത്തിറക്കുന്ന 30 നഗരങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ ഡിസി ഫാസ്റ്റ് ചാർജറുകൾ വിന്യസിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ സർവീസ് പണിയാവുമോയെന്ന് ആശങ്കയുള്ളവർക്കുള്ള ഉത്തരവും സുസുക്കിയുടെ പക്കലുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമുള്ള ഉപകരണങ്ങളും പരിശീലനം ലഭിച്ച ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻമാരും ഇതിനോടകം ഷോറൂമുകളിൽ ജോലിക്ക് കയറിയിട്ടുണ്ട് കേട്ടോ.

കൂടാതെ 2025 അവസാനത്തോടെ സുസുക്കിയുടെ മുഴുവൻ നെറ്റ്‌വർക്കിലും ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാക്കാനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് കമ്പനി. ദൈനംദിന നഗര യാത്രകള്‍ക്ക് കരുത്തുറ്റതും പ്രായോഗികവുമായ ഇലക്ട്രിക് സ്കൂട്ടറായിരിക്കും ഇ-ആക്‌സസ്. സുസുക്കിയുടെ ഇ-ടെക്‌നോളജിയുമായാണ് വരുന്ന ഇവിക്ക് 3.07kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയാണ് തുടിപ്പേകാനായി ഉപോഗിച്ചിരിക്കുന്നത്.
ഇതിന്റെ ബാറ്ററിയും മറ്റ് ഘടകങ്ങളും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമായതായി സുസുക്കി പറയുന്നു. ലിഥിയം-ഫെറോ-ഫോസ്ഫേറ്റ് (LFP) സെല്ലുകൾ സ്വീകരിച്ച ആദ്യത്തെ കമ്പനിയാണ് സുസുക്കി എന്നതും വിസ്‌മരിക്കാനാവാത്ത കാര്യമാണ്. IDC കണക്കുകൾ പ്രകാരം ഇ-ആക്സസിന് സിംഗിൾ ചാർജിൽ ഏകദേശം 95 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. പെർമനന്റ് മാഗ്നറ്റ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്.

ബെൽറ്റ് ഫൈനൽ ഡ്രൈവ് വഴി പവർ നൽകുന്ന ഇ-ആക്‌സിന് 5.5 bhp കരുത്തിൽ പരമാവധി 15 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും. ഒപ്പം മൂന്ന് റൈഡ് മോഡുകളും ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനുമാവുക. സ്കൂട്ടറിനൊപ്പം ലഭിക്കുന്ന പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ചാൽ 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റാണ് വേണ്ടി വരിക.
അതേസമയം സുസുക്കി ഇ-ആക്‌സസിലെ ബാറ്ററി പായ്ക്ക് 100 ശതമാനം ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റും എടുക്കും. ഒരു ഡിസി ഫാസ്റ്റ് ചാർജറിൽ കുത്തിയാൽ 80 ശതമാനം ചാർജ് ചെയ്യാൻ 1 മണിക്കൂർ 12 മിനിറ്റും മതിയാവും. എന്നാൽ 100 ശതമാനം ചാർജ് എത്താൻ 2 മണിക്കൂർ 12 മിനിറ്റും സമയവും മാത്രമാണ് ഇലക്ട്രിക് സ്കൂട്ടറിന് വേണ്ടി വരിക. ഏഥര്‍ റിസ്ത, ഓല S1, ഹോണ്ട ആക്ടിവ ഇ, ടിവിഎസ് ഐക്യുബ്, ബജാജ് ചേതക് പോലുള്ള വമ്പൻമാരുമായിട്ടാവും ഇ-ആക്സസിന് മത്സരിക്കേണ്ടി വരിക.


Click it and Unblock the Notifications








