നിറംമാറി സുസുക്കിയുടെ 155 സിസി ബൈക്കുകൾ, വാങ്ങുന്നവർക്ക് കിടിലൻ ഓഫറുകളും കാത്തിരിപ്പുണ്ടെന്ന് കമ്പനി
വളരെ മത്സരമേറിയ ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗങ്ങളിൽ ഒന്നാണ് 150 സിസി മുതൽ 160 സിസി വരെയുള്ളത്. ഹീറോ, ഹോണ്ട, ടിവിഎസ്, ബജാജ്, കെടിഎം തുടങ്ങിയ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന സെഗ്മെന്റിൽ സുസുക്കിയും മത്സരത്തിനുണ്ട്. പണ്ട് FZ സീരീസിനോട് മത്സരിക്കാനെത്തി തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ജിക്‌സർ നിരയാണ് ജാപ്പനീസ് ടൂവീലർ ബ്രാൻഡിന്റെ ഇവിടുത്തെ കരുത്ത്. നേക്കഡ്, ഫെയറിംഗുള്ള SF എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനിക്കുള്ളത്. ഉത്സവ സീസണിന് മുന്നോടിയായി രണ്ട് മോട്ടോർസൈക്കിളുകളിലേക്കും പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഉത്സവ സീസണിന് മുന്നോടിയായി വിൽപ്പന കൂട്ടുവാനും പുതിയ ഉപഭോക്താക്കളെ ജിക്‌സർ ബൈക്കുകളിലേക്ക് ആകർഷിക്കുവാനുമായാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ നീക്കം. ഒപ്പം വിൽപ്പന വർധിപ്പിക്കുന്നതിനായി ആവേശകരമായ ഉത്സവ ഓഫറുകളും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ടെന്നതും സന്തോഷം നൽകുന്ന വിഷയമാണ്.

ജിക്‌സറിൽ മൂന്ന് പുതിയ നിറങ്ങളാണ് സുസുക്കി വാഗ്ദാനം ചെയ്യുന്നത്. മെറ്റാലിക് ഊർട്ട് ഗ്രേ + പേൾ മിറ റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് + മെറ്റാലിക് ഊർട്ട് ഗ്രേ, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ + ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിവയാണ് പുതുതായി എത്തിയിരിക്കുന്ന കളർ ഓപ്ഷനുകൾ. വില 1,26,421 രൂപയിൽ നിന്നാണ് ജിക്‌സർ നേക്കഡ് ബൈക്കിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 6,000 രൂപ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭിക്കും.
മറുവശത്ത് ജിക്‌സർ SF ഫെയർഡ് ബൈക്ക് രണ്ട് പുതിയ നിറങ്ങളിൽ ലഭ്യമാണ്. മെറ്റാലിക് ഊർട്ട് ഗ്രേ + പേൾ മിറ റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് + മെറ്റാലിക് ഊർട്ട് ഗ്രേ എന്നിവയാണ് പുതുതായി സുസുക്കി കൊണ്ടുവന്നിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില 1,37,231 രൂപയിൽ നിന്ന് ആരംഭിക്കുന്നത്. ഉത്സവ സീസണിന്റെ ഭാഗമായി ഈ മോഡൽ വാങ്ങാനെത്തുന്നവർക്ക് 5,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും 7,000 രൂപ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.

രണ്ട് ബൈക്കുകൾക്കും 2,000 രൂപ ഡിസ്‌കൌണ്ട് വിലയിൽ എക്സ്റ്റൻഡഡ് വാറണ്ടിക്കും അർഹതയുണ്ട്. റെഡി ക്യാഷ് കൊടുത്ത് വാങ്ങാൻ പണമില്ലാത്തവർക്കായി ഹൈപ്പോത്തിക്കേഷനില്ലാതെ 100 ശതമാനം ലോൺ ആനുകൂല്യങ്ങളും സുസുക്കി നൽകുന്നുണ്ട് . ജിക്സർ ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകൾ എക്സ്പീരിയൻസ് ചെയ്യാനും ടെസ്റ്റ് റൈഡുകളിലും വാങ്ങലുകളിലും ഉറപ്പായ സമ്മാനങ്ങൾ നേടാനും ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുന്ന ഡീലർഷിപ്പുകളിൽ SMIPL സുസുക്കി മോട്ടോ ഫെസ്റ്റും സംഘടിപ്പിക്കുന്നു.
പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജിക്‌സർ 150 സീരീസിൽ സുസുക്കി മറ്റ് മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. ജിക്സറും ജിക്സർ SF മോഡലും ഒരേ 155 സിസി സിംഗിൾ-സിലിണ്ടർ SOHC എഞ്ചിനാണ് ഉപയോഗിക്കുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 13.6 bhp പവറിൽ പരമാവധി 13.8 Nm ടോർക്ക് വരെ നൽകാനാവും. ഫീച്ചറുകളാലും സമ്പന്നമാണ് മോട്ടോർസൈക്കിളുകൾ.

എൽഇഡി ഹെഡ്‌ലൈറ്റുകൾ, സുസുക്കി റൈഡ് കണക്റ്റ് ഇന്റഗ്രേഷനോടുകൂടിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-ചാനൽ എബിഎസ്, പ്രീലോഡായി ക്രമീകരിക്കാവുന്ന റിയർ മോണോഷോക്ക് എന്നിവയാണ് ഈ ജിക്‌സർ മോട്ടോർസൈക്കിളുകളുടെ ശ്രദ്ധേയമായ സവിശേഷതകൾ. ദൈനംദിന സിറ്റി റൈഡുകൾക്കും ദീർഘദൂര ടൂറിംഗിനും അനുയോജ്യമായ സ്പോർട്ടി സ്വഭാവവും സുഖസൗകര്യങ്ങളും സംയോജിപ്പിക്കുന്ന മോഡലുകൾ വാങ്ങാൻ കൂടുതൽ ആളുകൾ എത്തുമെന്നാണ് സുസുക്കിയുടെ വിശ്വാസം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








