വീട്ടിലേക്കുള്ള ഒരുമാസത്തെ സാധനങ്ങൾ വരെ കൊള്ളും; സ്റ്റോറേജ് സ്പേസിൽ മിടുക്കൻമാരായ ഇലക്‌ട്രിക് സ്കൂട്ടറുകൾ
ശരിക്കും പറഞ്ഞാൽ സ്‌കൂട്ടറുകൾ (Scooter) ഇന്ത്യക്കാർക്കിടയിൽ പ്രിയങ്കരമാവാൻ കാരണം അതിന്റെ പ്രായോഗികത തന്നെയാണ്. ഓട്ടോറിക്ഷ വിളിച്ച് വീട്ടിലേക്ക് സാധാനങ്ങൾ വാങ്ങാൻ പോയിരുന്ന പലരും സ്‌കൂട്ടറുകളുടെ വരവോടെ ഈ പ്രവണത അങ്ങ് അവസാനിപ്പിച്ചു. വീട്ടിലെ ഗ്യാസ് തീർന്നാൽ പോലും ഫ്രണ്ടിൽ വെച്ച്കൊണ്ട് പോയി നിറകുറ്റിയുമായി വരുന്നതാണ് നമ്മുടെ ശീലം. ഇപ്പോൾ പെട്രോൾ മോഡലുകളുടെ അന്തകനായി ഇലക്ട്രിക് സ്കൂട്ടറുകൾ (Electric Scooters) രൂപമെടുത്തപ്പോൾ പ്രായോഗികത വർധിക്കുകയാണുണ്ടായത്. പെട്രോൾ ടാങ്ക് ഒഴിവാക്കിയതോടെ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് പോലുള്ള കാര്യങ്ങൾ ഇരട്ടിയാവുകയും ചെയ്‌തു.
പെട്രോൾ ഇരുചക്ര വാഹനങ്ങളേക്കാൾ എന്തുകൊണ്ടും ലാഭകരമാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകളെന്ന് ഇന്ത്യക്കാർ മനസിലാക്കിയിട്ടുണ്ട്. ഓലയും ഏഥറും ഹീറോയും ടിവിഎസുമെല്ലാം ഇവികളിലൂടെ പണംവാരുകയുമാണ്. അതിനാൽ തന്നെ കറണ്ടിലോടുന്ന ടൂവീലറുകൾക്ക് പിന്നാലെയാണ് ജനങ്ങൾ ഇപ്പോൾ. പക്ഷേ ലാഭത്തിനൊപ്പം പ്രാക്‌റ്റിക്കാലിറ്റിയിലും ഇവൻമാർ മിടുക്കരായിരിക്കണമെന്ന വാശിയും വാങ്ങുന്നവരിൽ പലർക്കുമുണ്ട്.

സീറ്റിനടിയിൽ ധാരാളം സ്റ്റോറേജ് സ്പേസുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും വലിയ ബൂട്ട് സ്‌പെയ്‌സ് വാഗ്‌ദാനം ചെയ്യുന്ന പ്രായോഗികതയുള്ള ചില കിടിലൻ വൈദ്യുത സ്‌കൂട്ടറുകളെ പരിചയപ്പെടുത്തി തരാം. ഇതോടൊപ്പം അവയുടെ റേഞ്ചും മറ്റ് സവിശേഷതകളും എന്തെല്ലാമെന്നുള്ള വിശദാംശങ്ങളും പറഞ്ഞുതരാം.
ബജാജ് ചേതക് ഇവി: ലുക്കിന്റേയും വർക്കിന്റേയും കാര്യത്തിൽ മാത്രമല്ല കേട്ടോ ബജാജ് ചേതക് സ്റ്റോറേജ് സ്പേസിലും ധാരാളം സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്. ഓപ്പൺ-ഫേസ് ഹെൽമെറ്റ് അല്ലെങ്കിൽ ദൈനംദിന അവശ്യവസ്തുക്കൾ ഉൾക്കൊള്ളാൻ പര്യാപ്തമായ 26 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജാണ് വാഗ്ദാനം ചെയ്യുന്നത്. 126 കിലോമീറ്റർ റേഞ്ച്, ഓൾ-മെറ്റൽ ബോഡി, കീലെസ് സ്റ്റാർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഇലക്ട്രിക് സ്കൂട്ടറിലെ മറ്റ് സവിശേഷതകൾ.

ടിവിഎസ് ഐക്യൂബ്: ടിവിഎസ് ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ ST വേരിയൻ്റിൽ 32 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് കുടുംബത്തിലെ ഏത് തരം ആവശ്യങ്ങൾക്കും പ്രായോഗികമാവുന്ന മോഡലാണ്. ഫുൾ ചാർജിൽ 145 കിലോമീറ്റർ റേഞ്ചുമായിട്ടാണ് ഐക്യൂബിന്റെ ഈ ടോപ്പ് എൻഡ് മോഡൽ വിപണനത്തിന് എത്തുന്നത്. TFT ടച്ച്‌സ്‌ക്രീൻ, സ്മാർട്ട് കണക്റ്റിവിറ്റി, റിവേഴ്‌സ് അസിസ്റ്റ്, ജിയോ ഫെൻസിങ് എന്നിവയാണ് ഇവിയുടെ മറ്റ് സവിശേഷതകൾ.
ഏഥർ റിസ്‌ത: ഏഥർ എനർജിയുടെ ഏറ്റവും പുതിയ ഫാമിലി ഓറിയൻ്റഡ് സ്‌കൂട്ടറായ റിസ്‌തയ്ക്ക് ആകർഷകമായ 34 ലിറ്റർ ബൂട്ട് സ്പേസാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഒപ്പം ഫ്ലാറ്റ് ഫ്ലോർബോർഡും നന്നായി രൂപകൽപ്പന ചെയ്ത അണ്ടർ-സീറ്റ് ഏരിയയും ധാരാളം സാധനങ്ങൾ കൊണ്ടുപോവാൻ ഇടം ഉറപ്പാക്കുന്നു. 125 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 4.3 kW മോട്ടോറുമായാണ് റിസ്‌ത വരുന്നത്. ഇതിൽ റൈഡ് അസിസ്റ്റ്, വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ആതറിൻ്റെ പ്രൊപ്രൈറ്ററി ഓട്ടോ ഹോൾഡ്, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭ്യമാണ്.

ഓല S1 പ്രോ ജെൻ 3: ഓലയുടെ ഏറ്റവും പുതിയ മൂന്നാംതലമുറ ഇവി 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസുമായിട്ടാണ് വിപണിയിൽ എത്തുന്നത്. 11 kW പീക്ക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ 195 കിലോമീറ്റർ റേഞ്ചിൽ 120 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കും. MoveOS ഫീച്ചറുകൾ, പ്രോക്‌സിമിറ്റി അൺലോക്ക്, വോയ്‌സ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ എന്നിവയുമായാണ് S1 പ്രോ വരുന്നത്.
റിവർ ഇൻഡി: സ്‌കൂട്ടറുകളിലെ എസ്‌യുവിയെന്ന ഓമനപ്പേരുമായി വരുന്ന മോഡൽ സ്റ്റോറേജ് സ്പേസിന്റെ കാര്യത്തിൽ ഓട്ടോറിക്ഷയോട് വരെ കിടപിടിക്കും. 12 ലിറ്റർ ഫ്രണ്ട് ഗ്ലോവ്‌ബോക്‌സ് ഉൾപ്പെടെ 43 ലിറ്റർ സ്റ്റോറേജാണ് ഇവിയിൽ മൊത്തത്തിലുള്ളത്. 6.7 kW മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന ഇൻഡി സ്കൂട്ടറിന് 90 കിലോമീറ്റർ വേഗതയും 120 കിലോമീറ്റർ റേഞ്ചും നൽകാനാവും. ഡ്യുവൽ ഫ്രണ്ട് ഫുട്‌പെഗുകൾ, വീതിയേറിയ ടയറുകൾ, എൽഇഡി ഡാഷ്‌ബോർഡ്, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവയാണ് ഇൻഡിയിലെ മറ്റ് പ്രത്യേകതകൾ.


Click it and Unblock the Notifications








