1 ലക്ഷം രൂപയിൽ താഴെ ഇത്രയും കിടിലൻ ബൈക്കുകൾ കിട്ടുമായിരുന്നല്ലേ, വാങ്ങാൻ പ്ലാനുണ്ടേൽ ഇവൻമാരെ തന്നെ നോക്കിക്കോ
പണ്ട് അതായത് ഒരു 2010 കാലഘട്ടത്തിലെല്ലാം 1 ലക്ഷം രൂപയുണ്ടേൽ പ്രീമിയം ബൈക്കുകൾ വരെ കിട്ടുമായിരുന്നുവെന്നതാണ് സത്യം. അക്കാലത്ത് യുവാക്കളുടെ ഹരമായ ഹീറോ കരിസ്‌മ 220 സ്വന്തമാക്കണമെങ്കിൽ 85,000 രൂപയോളം ഓൺ-റോഡ് വില നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോഴത്തെ പണപ്പെരുപ്പവും രൂപയുടെ മൂല്യവുമെല്ലാം വെച്ച് 1 ലക്ഷത്തിന് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മാത്രമേ ലഭിക്കൂവെന്ന അവസ്ഥയാണുള്ളത്. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു താങ്ങാനാവുന്ന മോഡൽ വാങ്ങാമെന്ന് വിചാരിച്ചാൽ പോലും ഓപ്ഷനുകളുടെ എണ്ണം വളരെ പരിമിതമായിരിക്കും.
പെർഫോമൻസ്, സ്റ്റൈൽ, വാല്യു ഫോർ മണി എന്നിവ സമന്വയിപ്പിക്കുന്ന വൈവിധ്യമാർന്ന ഓപ്ഷനുകൾ 1 ലക്ഷം രൂപയ്ക്ക് താഴെ വിലയിൽ സ്വന്തമാക്കാനാവുമെന്ന് പറഞ്ഞാൽ പലർക്കും അത്ര വിശ്വസനീയമായിരിക്കില്ല അല്ലേ. വിശ്വസനീയമായ കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ സ്‌പോർടി ബൈക്കുകൾ വരെ വിപണിയിലുണ്ട്. അത്തരത്തിൽ 1 ലക്ഷത്തിന് താഴെ മാത്രം എക്സ്ഷോറൂം മുടക്കി സ്വന്തമാക്കാനാവുന്ന ചില മോഡലുകളെ പരിചയപ്പെടുത്തി തരാം.

ടിവിഎസ് റൈഡർ 125: അൽപം സ്പോർട്ടി ഡിസൈനും തരക്കേടില്ലാത്ത പെർഫോമൻസും മൈലേജുമെല്ലാം നോക്കുന്നവർക്ക് പറ്റിയ ബൈക്കാണ് ഇത്. 90,000 രൂപ മുതൽ 1,02,000 രൂപ വരെ എക്സ്ഷോറൂം വിലയിൽ വ്യത്യസ്‌ത വേരിയന്റുകളിലും ടിവിഎസ് റൈഡർ 125 സ്വന്തമാക്കാനാവും. ഡിജിറ്റൽ റിവേഴ്‌സ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പ്, റൈഡ് മോഡുകൾ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം ഈ വിലയിൽ ലഭിക്കുകയും ചെയ്യും.
124.8 സിസി എയർ-കൂൾഡ് എഞ്ചിൻ തുടിപ്പേകുന്ന ബൈക്കിന് ലിറ്ററിന് 56 കിലോമീറ്റർ (ക്ലെയിംഡ്) മൈലേജാണ് നൽകാനാവുക. 2,070 മില്ലീമീറ്റർ നീളം, 785 മില്ലീമീറ്റർ വീതി, 1,028 മില്ലീമീറ്റർ ഉയരം, 1,326 മില്ലീമീറ്റർ വീൽബേസ്, 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിങ്ങനെയുള്ള ടിവിഎസ് റൈഡറിന് മൊത്തത്തിൽ 123 കിലോഗ്രാം ഭാരമാണുള്ളത്. ആയതിനാൽ സിറ്റി റൈഡ് എല്ലാം ഗംഭീരമായിരിക്കും. അതേസമയം 10 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും ബൈക്കിലുണ്ട്.

ബജാജ് പൾസർ 125: കാലംകുറേയായി കാണുന്ന ഡിസൈനും കാര്യങ്ങളുമെല്ലാം ആണെങ്കിലും ഇതുവരെ പൾസറിന്റെ ഐക്കണിക് രൂപം ആളുകൾക്ക് അത്ര മടുപ്പുളവാക്കിയിട്ടില്ലെന്നതാണ് ശരി. 85,178 രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ബജാജ് പൾസർ 125 എൻട്രി ലെവൽ സെഗ്മെന്റിൽ നിങ്ങൾക്ക് നിസംശയം വാങ്ങാനാവുന്ന മോഡലാണ്. ഇതിന്റെ 124.4 സിസി എയർ-കൂൾഡ് എഞ്ചിൻ ലിറ്ററിന് 51 കിലോമീറ്റർ വരെ മൈലേജ് നൽകും.
കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, സിഗ്നേച്ചർ വുൾഫ്-ഐഡ് ഹെഡ്‌ലാമ്പ് തുടങ്ങിയ സവിശേഷതകളോടെയാണ് 125 സിസി ബജാജ് പൾസർ വരുന്നത്. ബൈക്കിന് 2,055 മില്ലീമീറ്റർ നീളവും 755 മില്ലീമീറ്റർ വീതിയും 1,060 മില്ലീമീറ്റർ ഉയരവും 1,320 മില്ലീമീറ്റർ വീൽബേസും 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 140 കിലോഗ്രാം ഭാരവുമാണുള്ളത്. അതേസമയം ഫ്യുവൽ ടാങ്ക് ശേഷി 11.5 ലിറ്ററാണ്.

ഹീറോ എക്സ്ട്രീം 125R: 1 ലക്ഷത്തിൽ താഴെ വിലയിൽ ഏറ്റവും മികച്ച സ്പോർട്ടി ബൈക്ക് നോക്കുന്നവരെ തൃപ്ത്തിപ്പെടുത്തുന്ന മോഡലാണ് എക്സ്ട്രീം 125R. IBS വേരിയന്റിന് 96,425 രൂപയും ABS വേരിയന്റിന് 1,00,100 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റൈലിഷ് ആണെന്നത് മാത്രമല്ല കേട്ടോ പെർഫോമൻസിലും ആള് പുലിയാണ്. ഇതിന്റെ 125 സിസി എയർ-കൂൾഡ് എഞ്ചിൻ 66 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്ന് അറിഞ്ഞാൽ ആരായാലും വീണുപോവും.
എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റ് ഡിസൈൻ തുടങ്ങിയ മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഹീറോ മോട്ടോകോർപ് എക്സ്ട്രീം 125R രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് . 2,009 മില്ലീമീറ്റർ നീളം, 793 മില്ലീമീറ്റർ വീതി, 1,051 മില്ലീമീറ്റർ ഉയരം, 1,319 മില്ലീമീറ്റർ വീൽബേസ്, 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 10 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷി, 136 കിലോഗ്രാം ഭാരം എന്നിവയാണ് എക്സ്ട്രീമിലെ മറ്റ് പ്രത്യേകതകൾ.

ഹോണ്ട SP125: നല്ല വിശ്വസനീയമായ സാധാരണക്കാരന്റെ വണ്ടിയാണ് നോക്കുന്നത് എങ്കിൽ നേരേ ഹോണ്ട ഷോറൂമിലേക്ക് വിട്ടോ. അവിടെ SP125 എന്നൊരു ബൈക്ക് കാണാം. ഇതിന്റെ ഡ്രം വേരിയന്റിന് 89,468 രൂപയും ഡിസ്ക് വേരിയന്റിന് 93,468 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇതിലെ കാര്യക്ഷമമായ 124 സിസി എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ ബൈക്ക് ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് വരെയാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ വിലയിൽ സൈലന്റ് സ്റ്റാർട്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം ഹോണ്ട SP125 മോട്ടോർസൈക്കിളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. 2,020 മില്ലീമീറ്റർ നീളം, 785 മില്ലീമീറ്റർ വീതി, 1,103 മില്ലീമീറ്റർ ഉയരം, 1,285 മില്ലീമീറ്റർ വീൽബേസ്, 160 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 116 കിലോഗ്രാം ഭാരം എന്നിവയുള്ള മോട്ടോർസൈക്കിളിന് 11.2 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത്.
ഹീറോ സ്പ്ലെൻഡർ പ്ലസ്: 77,176 രൂപ മുതൽ 80,176 രൂപ വരെ എക്സ്ഷോറൂം വിലയുള്ള പല വേരിയന്റുകളിലാണ് ഇതിഹാസം വിപണനത്തിന് എത്തുന്നത്. ദിവസേന ജോലിക്ക് പോവാനും അല്ലെങ്കിൽ ഡെലിവറി പോലുള്ള ജോലികൾക്കായി പുത്തനൊരു ബൈക്ക് നോക്കുന്നവർക്കുമെല്ലാം അനുയോജ്യമായ സാധാരണക്കാരന്റെ മോട്ടോർസൈക്കിളാണ് സ്പ്ലെൻഡർ പ്ലസ്. 97.2 സിസി എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനുള്ള ഇത് ഏകദേശം 70 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. വിശ്വാസ്യത, മൈലേജ്, നല്ല റീസെയിൽ വാല്യു എന്നിവയുടെ കാര്യത്തിൽ ഹീറോയുടെ ഗുലാനെ വെല്ലാൻ പകരക്കാരനില്ല.
ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം (IBS), ട്യൂബ്‌ലെസ് ടയറുകൾ, ഒരു ഇലക്ട്രിക് സ്റ്റാർട്ട്, ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പോലുള്ള പ്രായോഗികമായ സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് ഹീറോ സ്പ്ലെൻഡർ പ്ലസിനെ അവതരിപ്പിച്ചിരിക്കുന്നത്. 2,000 മില്ലീമീറ്റർ നീളം, 720 മില്ലീമീറ്റർ വീതി, 1,052 മില്ലീമീറ്റർ ഉയരം, 1,236 മില്ലീമീറ്റർ വീൽബേസ്, 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുള്ള ബൈക്കിന് വെറും 112 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. ഫ്യുവൽ ടാങ്ക് ശേഷി 9.8 ലിറ്ററാണെന്നും കമ്പനി പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








