ഹിമാലയൻ മാറിനിൽക്കും, അന്യായ ലുക്കിൽ പുതിയ സ്ക്രാംബ്ലർ 400 XC പുറത്തിറക്കി ട്രയംഫ്; വില 2.94 ലക്ഷം മാത്രം
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ സുപ്രധാന ശക്തിയായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് (Triumph Motorcycles). മിഡ്-കപ്പാസിറ്റി ബൈക്ക് വിഭാഗത്തിലെ റോയൽ എൻഫീൽഡിന്റെ കുത്തക തകർക്കാനായി എത്തിച്ച രണ്ട് 400 സിസി മോഡലുകളും ഹിറ്റായത് കമ്പനി പോലും പ്രതീക്ഷിക്കാത്ത വേഗത്തിലായിരുന്നു. രാജ്യത്തെ മിഡിൽ ക്ലാസുകാരന്റെ ട്രയംഫ് എന്ന സ്വപ്‌നം സ്പീഡും സ്ക്രാംബ്ലറും യാഥാർഥ്യമാക്കിക്കൊടുത്തത് കാലങ്ങളോളം വിസ്‌മരിക്കപ്പെടുമെന്ന് ഉറപ്പാണ്. ബജാജുമായി (Bajaj) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കുറഞ്ഞ വിലയുള്ള ബൈക്കുകൾ ബ്രിട്ടീഷ് ടൂവീലർ ബ്രാൻഡിന്റെ ഇമേജും തന്നെ മാറ്റി.
ഇത് മനസിലാക്കിയ ബ്രാൻഡ് ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുതിയ മോഡലുകളും വികസിപ്പിക്കുകയാണ്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ അതിഥിയാണ് സ്ക്രാംബ്ലർ 400 XC. 2.94 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ മോട്ടോർസൈക്കിളിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുകയും ചെയ്‌തു. കാലാതീതമായ രൂപകൽപ്പനയും ആധുനിക സവിശേഷതകളും സമന്വയിപ്പിക്കുന്ന കരുത്തുറ്റ സ്ക്രാംബ്ലറാണ് 400 XC.

ഐതിഹാസികമായ സ്‌ക്രാംബ്ലർ 900, 1200 മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കമ്പനിയുടെ 75 വർഷത്തിലേറെ പഴക്കമുള്ള സ്‌ക്രാംബ്ലർ പൈതൃകം 400 XC-യിൽ പകർത്തിയിരിക്കുന്നത്. പരുക്കൻ സ്റ്റൈലിംഗ്, സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകൾ, പ്രീമിയം ഫിറ്റ് ആൻഡ് ഫിനിഷ് എന്നിവ സംയോജിപ്പിച്ച ബൈക്കിന് മറ്റൊരു പകരക്കാരനെ കണ്ടെത്താനായേക്കില്ല.
റേസിംഗ് യെല്ലോ, സ്റ്റോം ഗ്രേ, വാനില വൈറ്റ് എന്നീ മൂന്ന് ശ്രദ്ധേയമായ കളർ ഓപ്ഷനുകളിൽ പുതിയ ട്രയംഫ് സ്ക്രാംബ്ലർ 400 XC തെരഞ്ഞെടുക്കാനാവും. ഓരോന്നിലും ക്ലാസിക് 'സ്‌ക്രാംബ്ലർ' ബാഡ്ജിംഗും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ശരിക്കും അഡ്വഞ്ചർ ബൈക്കുകളുടെ എല്ലാ കഴിവുകളുമുള്ള ഒരു ഫസ്റ്റ്-ഇൻ-ക്ലാസ് "മോഡേൺ ക്ലാസിക്" ആയിട്ടാണ് ട്രയംഫ് സ്ക്രാംബ്ലർ 400 XC മോഡലിനെ ബ്രാൻഡ് വിശേഷിപ്പിക്കുന്നത്.

വൈവിധ്യത്തിനായി നിർമിച്ചിരിക്കുന്ന ബൈക്കിൽ 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ ക്രോസ്-സ്‌പോക്ക് ട്യൂബ്‌ലെസ് വീലുകൾ, അപ്‌സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കുകൾ തുടങ്ങിയ ഓഫ്-റോഡ്-ഫോക്കസ്ഡ് സവിശേഷതകളും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ 150 mm നീളമുള്ള സസ്‌പെൻഷൻ ട്രാവൽ, അലുമിനിയം സമ്പ് ഗാർഡ്, ഹൈ ഫെൻഡർ, എഞ്ചിൻ ബാറുകൾ, വിൻഡ്‌സ്‌ക്രീൻ എന്നിവ പോലുള്ള ഫീച്ചറുകളും ട്രയംഫിന്റെ പുത്തൻ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാൻ, അതയാത് ബൈക്കിനെ ഓഫ്-റോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാര്യങ്ങളെല്ലാം ആത്മവിശ്വാസം നൽകുന്ന സംഗതികളാണ്. ക്ലാസിക് ബൈക്കുകളുടെ ശൈലിയാണ് പിടിച്ചിരിക്കുന്നതെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ആളൊരൽപം മോഡണാണ് എന്നത് യൂത്തിനെ സംതൃപ്ത്തിപ്പെടുത്തുന്ന കാര്യങ്ങളാണ്.
സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഓഫ്-റോഡ് എബിഎസ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ടോർക്ക്-അസിസ്റ്റ് ക്ലച്ച്, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റവും സ്ക്രാംബ്ലർ 400 XC മോഡലിൽ ഒരുക്കിയിട്ടുണ്ട്. റൈഡർമാർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ കാണാനാകുമെന്ന് ഉറപ്പാക്കുന്ന ഡ്യുവൽ-ഫോർമാറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിലുണ്ടേ.
പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്ന പുതിയ 400 സിസി TR-സീരീസ് എഞ്ചിനാണ് സ്‌ക്രാംബ്ലർ 400 XC മോട്ടോർസൈക്കിളിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 40 bhp പവറും 6,500 ആർപിഎമ്മിൽ 37.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒപ്പം സ്റ്റെയിൻലെസ് സ്റ്റീൽ ട്വിൻ-സ്കിൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.
ഉടമസ്ഥാവകാശം എളുപ്പമാക്കുവാനായി 16,000 കിലോമീറ്റർ സർവീസ് ഇന്റർവെൽ, 5 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടി, 1 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും സ്‌ക്രാംബ്ലർ 400 XC മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. വാങ്ങുന്നവർക്ക് 10 വർഷം വരെ എക്സ്റ്റൻഡഡ് വാറണ്ടി പ്ലാനുകളും ബൈക്ക് ആവശ്യത്തിന് അനുസരിച്ച് മോഡിഫൈ ചെയ്യാനായി ഇരുപതിലധികം ജെനുവിൻ ആക്‌സസറികളും കമ്പനി ബൈക്കിനൊപ്പം നൽകുന്നുണ്ട്.


Click it and Unblock the Notifications








