എൻഫീൽഡിന് ഇതൊന്നും പറ്റില്ല! ബൈക്ക് വാങ്ങുന്നവർക്ക് 13,300 രൂപയുടെ ആക്‌സസറികൾ ഫ്രീയായി തരാമെന്ന് ട്രയംഫ്
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ റോയൽ എൻഫീൽഡിനുള്ള ആധിപത്യം ഒരു പരിധി വരെയെങ്കിലും ചോദ്യം ചെയ്യാനായവരാണ് ട്രയംഫ്. ബജാജിൻ്റെ കൂട്ടുപിടിച്ച് കിടിലൻ 400 സിസി ബൈക്കുകൾ പുറത്തിറക്കി വിജയം കൊയ്‌ത ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലെ പ്രധാന ആയുധങ്ങളാണ് സ്പീഡ് 400 റോഡ്സ്റ്ററും സ്ക്രാംബ്ലർ 400X മോഡലും. ആഭ്യന്തര വിപണിയിൽ ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്ന സ്വീകാര്യത മുതലെടുക്കുവാനായിട്ടാണ് കമ്പനി സ്ക്രാംബ്ലർ പതിപ്പിന് രൂപം കൊടുത്തത്. കൃത്യമായ പ്ലാനിംഗിലൂടെ ആളുകളെ കൈയിലെടുക്കാനായ ഈ മിടുക്കൻ ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്.
കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി സ്ക്രാംബ്ലർ 400X മോഡൽ സ്വന്തമാക്കാനെത്തുന്നവർക്കായി കിടിലൻ സമ്മാനങ്ങൾ ഒരുക്കിയിരിക്കുകയാണ് ട്രയംഫ്. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി ഈ 400 സിസി മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് 13,300 രൂപ വിലയുള്ള സൗജന്യ ആക്‌സസറികളാണ് കമ്പനി നൽകുന്നത്. 2025 ഡിസംബർ ഒന്നിനും ഡിസംബർ 31-നും ബൈക്ക് വാങ്ങുന്നവർക്ക് മാത്രമായിരിക്കും ഈ ആക്‌സസറികൾ ഫ്രീയായി ലഭിക്കുക.

പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ കേട്ടോ. നിലവിലുള്ള സ്‌ക്രാംബ്ലർ 400X ഉടമകൾക്ക് ഈ സ്കീമിന് അർഹതയുണ്ടായിരിക്കില്ലെന്നും ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്. ലോവർ എഞ്ചിൻ ബാറുകൾ, മഡ്ഗാർഡ് കിറ്റ്, ചെറിയ ഫ്ലൈസ്‌ക്രീൻ, ടാങ്ക് പാഡ്, ലഗേജ് റാക്ക് കിറ്റ്, ട്രയംഫ് മോട്ടോർസൈക്കിൾസിൻ്റെ ഔദ്യോഗിക ടി-ഷർട്ട് എന്നിവയാണ് ആക്‌സസറി ലിസ്റ്റിൽ ഉൾപ്പെടുന്നത്.
ഈ ആഡ്-ഓണുകൾ എല്ലാം കൂടി 13,300 രൂപ വിലവരും. 2025 ഡിസംബർ മാസം അവസാനിക്കുന്നതിന് മുമ്പ് സ്‌ക്രാംബ്ലർ 400X തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് അധിക ചിലവില്ലാതെ ഇത് സ്വന്തമാക്കാനാണ് അവസരം കൈവന്നിരിക്കുന്നത്. നിലവിൽ ട്രയംഫിൻ്റെ സ്ക്രാംബ്ലർ മോഡലിന് ഇന്ത്യയിൽ 2.68 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ബ്രാൻഡിൻ്റെ എൻട്രി ലെവൽ സ്‌ക്രാംബ്ലറായി സ്ഥാപിച്ചിരിക്കുന്ന സ്‌ക്രാംബ്ലർ 400X റോഡ് ഉപയോഗത്തിനും ചെറിയ ഓഫ്-റോഡിംഗിനും അനുയോജ്യമായ രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 39.5 bhp പവറും 6,500 ആർപിഎമ്മിൽ പരമാവധി 37.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. റെഡ്, ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലും ട്രയംഫിൻ്റെ സ്ക്രാംബ്ലർ വാങ്ങാനാവും.
ഇരട്ട സഹോരദനായ സ്പീഡ് 400 റോഡ്സ്റ്ററിനെ അപേക്ഷിച്ച് ട്രയംഫ് സ്ക്രാംബ്ലർ 400X മോഡലിൻ്റെ സസ്‌പെൻഷനിലും ബ്രേക്കിലും ട്രയംഫ് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്യുവൽ പർപ്പസ് ക്യാരക്ടറുള്ളതിനാലാണ് ഇത്തരത്തിലൊരു നവീകരണം കൊണ്ടുവന്നിരിക്കുന്നത്. സസ്‌പെൻഷനിൽ മുന്നിൽ 10 മില്ലീമീറ്റർ കൂടുതൽ ട്രാവലും പിന്നിൽ 20 മില്ലീമീറ്റർ കൂടുതൽ ട്രാവലുമാണ് ഒരുക്കിയിട്ടുള്ളത്.

സ്‌ക്രാംബ്ലർ 400X മോഡലിന്റെ സീറ്റ് ഹൈറ്റും 835 mm ആയി ഉയർത്തിയിട്ടുണ്ട്. ഫ്രണ്ടിൽ 43 mm അപ്പ് സൈഡ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗിനായി സ്വിച്ചബിൾ എബിഎസിന്റെ സഹായവുമുണ്ട്. സ്‌ക്രാംബ്ലർ 400X-ന് മുൻവശത്ത് വലിയ 320 mm ഡിസ്‌ക്കും പിന്നിൽ 230 mm ഡിസ്‌ക്കുമാണ് ഒരുക്കിയിട്ടുള്ളത്.
കൂടാതെ ഡ്യുവൽ പർപ്പസ് ബൈക്കായതിനാൽ തന്നെ സ്‌ക്രാംബ്ലറിന് വലിയ 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമാണ് കിട്ടുന്നത്. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഫുൾ-എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയാണ് സ്ക്രാംബ്ലർ 400X മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications








