പാവപ്പെട്ടവന്റെ സൂപ്പർബൈക്കുകൾക്ക് 10 വർഷം വാറണ്ടിയുമായി എൻഫീൽഡിന്റെ എതിരാളി, ഭീഷണി ഹോണ്ടക്കും
ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിപണി കൈയടക്കിവെച്ചിരുന്നവരാണ് റെട്രോ ക്ലാസിക് ടൂവീലർ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഹൈനസ് CB350 മോഡലുകളുടെ വരവോടെ ഒരുവിഭാഗം ആളുകളെ കൈയിലെടുക്കാൻ ഹോണ്ടയ്ക്ക് സാധിച്ചുവെങ്കിലും സൂപ്പർബൈക്ക് ബ്രാൻഡായ ട്രയംഫ് എന്ന അതികായകന്റെ വരവാണ് എൻഫീൽഡിന് ക്ഷീണമുണ്ടാക്കിയത്. 400 സിസി എഞ്ചിൻ ഘടിപ്പിച്ച് എത്തിയ സ്പീഡ് 400, സ്ക്രാംബ്ലർ 400X ഇരട്ടകൾ ഒറ്റയടിക്ക് യുവാക്കളെയെല്ലാം കൈയിലെടുത്തു. അടിപൊളി വിലയും നല്ല പെർഫോമൻസുമെല്ലാമായി എത്തിയ ഇരുവരും ഇപ്പോൾ കളംനിറഞ്ഞാടുകയാണ്. ഇതിനിടയിൽ എൻഫീൽഡിനെ വീഴ്ത്താനായി ട്രയംഫ് അടവുകൾ ഓരോന്നായി പയറ്റുന്നുമുണ്ട്.
റോയൽ എൻഫീൽഡിന് ഭീഷണിയായി സ്‌ക്രാംബ്ലർ 400 X, സ്പീഡ് 400, സ്പീഡ് T4 എന്നിവയ്ക്ക് 10 വർഷത്തെ വാറണ്ടി കാലയളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. ഇതിൽ 5 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയുമായിരിക്കും ഉൾപ്പെടുക. നേരത്തെ കമ്പനി മോട്ടോർസൈക്കിളുകൾക്ക് 2 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും 3 വർഷത്തെ 45,000 കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടിയും മാത്രമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്.

അടുത്തിടെ പുറത്തിറക്കിയ സ്‌ക്രാംബ്ലർ 400 XC പതിപ്പിന് ഇതേ 10 വർഷത്തെ വാറണ്ടി ബാധകമാവുമോ എന്നകാര്യം ട്രയംഫ് പരാമർശിച്ചിട്ടില്ല. സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X, സ്പീഡ് T4 എന്നിവയിൽ ഉപയോഗിക്കുന്ന അതേ 400 സിസി TR സീരീസ് എഞ്ചിൻ തന്നെയാണ് പുതുതായി കൊണ്ടുവന്ന XC വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ഇന്ത്യയിലെ 400 സിസി ഫ്ലാഗ്ഷിപ്പ് മോഡലായാണിത് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
കാലാതീതമായ രൂപകൽപ്പനയും ആധുനിക സവിശേഷതകളും സമന്വയിപ്പിക്കുന്ന കരുത്തുറ്റ സ്ക്രാംബ്ലർ മോട്ടോർസൈക്കിളാണ് 400 XC. ഐതിഹാസികമായ സ്‌ക്രാംബ്ലർ 900, 1200 മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ട്രയംഫിന്റെ 75 വർഷത്തിലേറെ പഴക്കമുള്ള സ്‌ക്രാംബ്ലർ പൈതൃകമാണ് പുതുബൈക്കിൽ പകർത്തിയിരിക്കുന്നത്. പരുക്കൻ സ്റ്റൈലിംഗ്, സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകൾ, പ്രീമിയം ഫിറ്റ് ആൻഡ് ഫിനിഷ് എന്നിവയെല്ലാമാണ് XC വാഗ്‌ദാനം ചെയ്യുന്നത്.

റേസിംഗ് യെല്ലോ, സ്റ്റോം ഗ്രേ, വാനില വൈറ്റ് എന്നിങ്ങനെ വ്യത്യസ്‌തമായ മൂന്ന് കളർ ഓപ്ഷനുകളിലാണ് ട്രയംഫ് സ്ക്രാംബ്ലർ 400 XC വാങ്ങാനാവുക. ഓരോന്നിലും ക്ലാസിക് 'സ്‌ക്രാംബ്ലർ' ബാഡ്ജിംഗും കമ്പനി സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്ന പുതിയ 400 സിസി TR-സീരീസ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 40 bhp പവറിൽ പരമാവധി 37.5 Nm ടോർക്കും നൽകാനും എഞ്ചിന് കഴിയും.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ ട്വിൻ-സ്കിൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ടെന്നതും പകിട്ട് വർധിപ്പിക്കുന്ന കാര്യമാണ്. എന്തായാലും ഇത്തരം പുതിയ ഐഡിയകളിലൂടെ ഇന്ത്യൻ വിപണിയിൽ ശോഭിക്കാൻ ട്രയംഫിന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഒപ്പം റോയൽ എൻഫീൽഡിനെ ഒതുക്കാനുള്ള പദ്ധതികളും വിജയം കാണുന്നുണ്ട്.

ട്രയംഫിന്റെ എൻട്രി ലെവൽ സ്പീഡ് T4 മോഡലിന് അടുത്തിടെ വില പരിഷ്ക്കാരവും കമ്പനി സമ്മാനിച്ചിരുന്നു. ഇനി മുതൽ T4 വാങ്ങാൻ ഷോറൂമിൽ എത്തുന്നവർ അധികമായി 4,121 രൂപയാണ് കൈയിൽ കരുതേണ്ടത്. ഇതോടെ 1.98 ലക്ഷം രൂപയായിരുന്ന മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില 2.03 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. കാസ്പിയൻ ബ്ലൂ, പേൾ മെറ്റാലിക് വൈറ്റ്, ലാവ റെഡ് ഗ്ലോസ്, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റോം ഗ്രേ എന്നീ ആകർഷകമായ നിറങ്ങളിൽ മോഡൽ വീട്ടിലെത്തിക്കാനാവും.
മുമ്പുണ്ടായിരുന്ന ബ്ലാക്ക് പൗഡർ കോട്ടിംഗുള്ള എൻഡ് കാനിന് പകരം ബ്രഷ്‌ഡ് അലുമിനിയം എക്‌സ്‌ഹോസ്റ്റും ട്രയംഫ് സ്പീഡ് T4 മോഡലിൽ എത്തിയിട്ടുണ്ട്. സ്പീഡ് 400 റോഡ്സ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഈ വേരിയന്റും പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് ചില കാര്യങ്ങളിൽ നവീകരണങ്ങളും ഇതിലുണ്ട്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ റീട്യൂൺ ചെയ്‌ത എഞ്ചിന് 31 bhp പവറിൽ പരമാവധി 36 Nm torque വരെ നിർമിക്കാൻ സാധിക്കും.


Click it and Unblock the Notifications