വെടിച്ചില്ലൻ ബൈക്ക്, 2.74 ലക്ഷത്തിന് പുതിയ കഫേ റേസറുമായി ട്രയംഫ്; എൻഫീൽഡിനും ഹോണ്ടക്കും ഉറക്കം പോവും
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിനെ (Royal Enfield) വെല്ലാൻ ഇറങ്ങിത്തിരിച്ചവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് (Triumph). ആഡംബര ബൈക്കുകൾ മാത്രം വിറ്റിരുന്ന കമ്പനി പെട്ടന്നാണ് ഇന്ത്യയിലെ 400 സിസി വിഭാഗത്തിലേക്ക് കടന്നുവരുന്നത്. സ്പീഡ്, സ്ക്രാംബ്ലർ X എന്നിങ്ങനെ രണ്ട് മോഡലുകൾ പുറത്തിറക്കി വരവറിയിച്ച കമ്പനി ഹോണ്ടയുടെ (Honda) കച്ചോടം വരെ പിടിച്ചുകൊണ്ട് പോവുന്ന കാഴ്ച്ചയാണ് കാണാനായത്. പിന്നീട് വിശ്രമിക്കാൻ തയാറാവാതിരുന്ന കമ്പനി 400 ട്വിന്നുകളെ പല ഭാവത്തിൽ വിപണിയിൽ എത്തിക്കുകയും ചെയ്‌തു.
ഇപ്പോഴിതാ പുതിയ ത്രക്സ്റ്റൺ 400 കഫേ റേസർ പതിപ്പ് പുറത്തിറക്കി എൻഫീൽഡിനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ട്രയംഫ്. 2.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡൽ വിപണിയിൽ അവതരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ബ്രാൻഡിന്റെ ഇതിഹാസ ബൈക്കിനെ സിംഗിൾ സിലിണ്ടർ രൂപത്തിൽ തിരികെ കൊണ്ടുവന്നുവെന്ന് പറഞ്ഞാലും തെറ്റാന്നുമില്ല. സ്പീഡ് 400 അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന കഫേ റേസർ മോട്ടോർസൈക്കിളാണിത് എന്നുപറയാം.

പക്ഷേ ത്രക്സ്റ്റൺ 1200 സിസി മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള റെട്രോ-സ്റ്റൈൽ സെമി-ഫെയറിംഗാണ് പുതിയ ത്രക്സ്റ്റൺ 400 പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് ബ്രാൻഡിന്റെ നിരയിൽ സ്ക്രാംബ്ലർ 400 X പതിപ്പിന് മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നതും. റെട്രോ-സ്റ്റൈൽ ബുള്ളറ്റ്-ഫെയറിംഗ് യൂത്തൻമാരെ ആകർഷിക്കും എന്നതിൽ തർക്കമൊന്നുമില്ല. ഒപ്പം ഫിറ്റിം ഫിനിഷും വരെ നല്ല നിലവാരുമുള്ളതാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.
പുതിയ ഫെയറിംഗ് വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പിനെ ആകർഷകമാക്കുന്നുണ്ട്. അതേസമയം വീതിയുള്ള സിംഗിൾ-പീസ് ഹാൻഡിൽബാർ ബാർ-എൻഡ് മിററുകളുള്ള ക്ലിപ്പ്-ഓണുകൾക്കായി മാറ്റിസ്ഥാപിച്ചിട്ടുമുണ്ട്. കൂടുതൽ ഷാർക്ക് ലുക്ക് കൈവരിക്കുന്നതിനായി ബൈക്കിന്റെ ഫ്യുവൽ ടാങ്ക് പുനർനിർമിച്ചുവെന്നും ട്രയംഫ് പറയുന്നു. പില്യൺ സീറ്റിനെ മൂടുന്ന റിയർ കൗളും കാണാനാവും. ആവശ്യമുള്ളപ്പോൾ അത് എടുത്ത് മാറ്റാനും സാധിക്കുന്നതാണേ.

റിഡിസൈൻ ചെയ്ത ടെയിൽലൈറ്റ് ഒഴികെ ത്രക്സ്റ്റൺ 400 കഫേ റേസറിലെ ബാക്കിയുള്ള ഡിസൈൻ അതേപടി തുടരുന്നുണ്ട്. ഫ്യുവൽ ടാങ്കിലും സീറ്റ് കൗളിലും കോൺട്രാസ്റ്റ് സിൽവർ ബാറുള്ള റെഡ്, യെല്ലോ, ഗ്രേ, ബ്ലാക്ക് എന്നീ നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്. സ്പീഡ് 400-ൽ നിന്നുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്വിച്ച് ഗിയറുകൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പുതിയ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്.
പുതിയ ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസറിനും അതേ 398 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ TR-സീരീസ് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പവർ സ്പീഡ് 400 റോഡ്സ്റ്ററിനേക്കാൾ വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഇപ്പോൾ 41.4 bhp കരുത്തിൽ 37.5 Nm ടോർക്ക് വരെ നൽകാൻ എഞ്ചിനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.

ബൈക്കിന്റെ സസ്പെൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ട്രയംഫ് ഉപയോഗിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകളും ലഭിക്കും. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. 183 കിലോഗ്രാം ഭാരമുള്ള മോട്ടോർസൈക്കിളിന് 158 mm ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.
ട്രയംഫിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ നിരയിലെ ഒരു പുതിയ റെട്രോ ഫ്ലേവറായിട്ടാണ് ത്രക്സ്റ്റൺ 400 കഫേ റേസർ എത്തുന്നത്. മോട്ടോർസൈക്കിൾ ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയാണെങ്കിലും ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ബൈക്ക് പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീഡ് T4, സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X, ത്രക്സ്റ്റൺ 400, സ്‌ക്രാംബ്ലർ XC എന്നിങ്ങനെ 400 സിസി പ്ലാറ്റ്‌ഫോമിൽ ട്രയംഫിന് ഇപ്പോൾ 5 ബൈക്കുകളാണുള്ളത്.


Click it and Unblock the Notifications








