ട്രയംഫിന്റെ അണ്ണനും തമ്പിയും; ഏത് വാങ്ങുമെന്ന കൺഫ്യൂഷനുണ്ടോ? സ്പീഡും ത്രക്സ്റ്റണും തമ്മിൽ മാറ്റുരയ്ക്കാം
വളരെ ചുരുങ്ങിയ കാലംകൊണ്ട് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലെ ശക്തമാരായി മാറിയിരിക്കുകയാണ് ട്രയംഫ് (Triumph Motorcycles). ബജാജിന്റെ കൈപിടിച്ച് 400 സിസി സെഗ്മെന്റിലേക്ക് ഇറങ്ങുമ്പോൾ കമ്പനി പോലും ഇത്രയും പ്രതീക്ഷ വെച്ചിട്ടുണ്ടായിരിക്കില്ല. എന്തായാലും തുടക്കത്തിലെത്തിയ രണ്ട് പേരെ ജനം നെഞ്ചിലേറ്റിയപ്പോൾ പുതിയ പതിപ്പുകളും മൈലേജിനായി എത്തി. ഒടുവിൽ 400 സിസി വിഭാഗത്തിലെ ട്രയംഫിന്റെ ആദ്യത്തെ കഫേ റേസർ മോഡലായി ത്രക്സ്റ്റണും പിറവികൊണ്ടിരിക്കുകയാണിപ്പോൾ. സ്ക്രാംബ്ലർ 400 X-ന് മുകളിലായി സ്ഥാനംപിടിക്കാൻ പോവുന്ന ഇടിവെട്ട് ബൈക്ക് യൂത്തൻമാർക്കിടയിൽ തരംഗമാവുമെന്ന കാര്യം ഉറപ്പാണ്.
പക്ഷേ സ്‌പീഡ് 400 വാങ്ങണോ അതോ പുതിയ ത്രക്സ്റ്റൺ 400 വാങ്ങണോയെന്ന് പലർക്കും കൺഫ്യൂഷനുണ്ടായേക്കാം. അത്തരക്കാർക്കായി നമുക്ക് റോഡ്സ്റ്ററും കഫേ റേസറും തമ്മിൽ ഒന്ന് താരതമ്യം ചെയ്‌ത് നിങ്ങൾക്ക് പറ്റിയ മോട്ടോർസൈക്കിൾ ഇതിൽ ഏതാണെന്ന് കണ്ടുപിടിക്കാം. ഈ രണ്ട് മോഡലുകൾ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളുമായിരിക്കും ലേഖനത്തിൽ വിശദീകരിക്കാൻ പോവുന്നത്.

വില: ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസറിന് 2.74 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് സ്പീഡ് 400 അടുത്തിടെ ഒരു വില വർധനവിന് സാക്ഷ്യംവഹിച്ചിരുന്നു. 2.46 ലക്ഷം രൂപയായിരുന്ന റോഡ്സ്റ്ററിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 2.50 ലക്ഷം രൂപയായി മാറിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ സ്പീഡിനേക്കാൾ ഏകദേശം 24,000 രൂപയോളമാണ് പുതുതായി അവതരിപ്പിച്ച ത്രക്സ്റ്റൺ മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരുന്നത്.
മാറ്റങ്ങൾ: ത്രക്സ്റ്റൺ, സ്പീഡ് 400 സിസി മോഡലുകൾ ചില അടിസ്ഥാന സവിശേഷതകൾ പങ്കിടുന്നുണ്ടെങ്കിലും ഫീച്ചറുകളിലും, മൊത്തത്തിലുള്ള സ്റ്റൈലിംഗിലും, റൈഡിംഗ് നിലപാടിലും ചില വ്യത്യാസങ്ങളുണ്ടെന്ന് ട്രയംഫ് പറയുന്നു. ഗ്രൗണ്ട് ക്ലിയറൻസിന്റെ കാര്യത്തിലാണ് അണ്ണനും തമ്പിയും തമ്മിലുള്ള പ്രധാന വ്യത്യാസം വന്നിരിക്കുന്നത്. ത്രക്സ്റ്റൺ കഫേ റേസറിന് 158 mm ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുമ്പോൾ റോഡ്റ്റർ പതിപ്പിന് 165 mm ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നത്.

ട്രയംഫിന്റെ അണ്ണനും തമ്പിയും തമ്മിൽ സ്റ്റിയറിംഗ് ആംഗിളിലും വ്യത്യാസമുണ്ട് കേട്ടോ. ത്രക്സ്റ്റണിന് 183 കിലോഗ്രാം ഭാരമുള്ളതാണ്. അതായത് സ്പീഡിനേക്കാൾ 4 കിലോഗ്രാം കൂടുതലാണ്. ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ ട്രയംഫ് കഫേ റേസറിന് ഹാഫ് ഫെയറിംഗ്, റിയർ സീറ്റ് കൗൾ, ബാർ എൻഡ് മിററുകൾ എന്നിവയുണ്ട്. സിംഗിൾ സീറ്റ് സെറ്റപ്പ്, ക്ലിപ്പ് ഓൺ ഹാൻഡിൽബാറുകൾ എന്നിവയാണ് സ്പീഡിൽ ലഭിക്കുക.
ത്രക്സ്റ്റണിന്റെ പുതിയ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ സ്പീഡ് 400-ൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 40 mm ചെറുതും 246 mm ലോവറുമാണ്. അതേസമയം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫുട്-പെഗുകൾ ബൈക്കിന് കൂടുതൽ സ്പോർട്ടി റൈഡിംഗ് ഫീലാണ് നൽകുന്നത്. പിന്നിൽ, ത്രക്സ്റ്റണിൽ വാഗ്ദാനം ചെയ്യുന്ന പുതിയ ടെയിൽ ലാമ്പ് ഡിസൈനിലും വ്യത്യാസങ്ങൾ കാണാനുണ്ട്. സ്പീഡ് 400 റോഡ്സ്റ്ററിൽ കാണുന്ന ഗോൾഡൻ നിറത്തിന് പകരം കറുപ്പിൽ ഒരുക്കിയ USD ഫോർക്കുകളാണ് കഫേ റേസറിന് ലഭിക്കുന്നത്.

രണ്ട് മോട്ടോർസൈക്കിളുകളും 17 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നത്. അതേസമയം ഡ്യുവൽ ചാനൽ എബിഎസുള്ള ഡിസ്ക് ബ്രേക്കുകളും സമാനമാണ്. വ്യത്യാസം ടയറുകളിലാണ് വരുന്നത്. ത്രക്സ്റ്റണിൽ അപ്പോളോ ആൽഫ H1 അല്ലെങ്കിൽ MRF ടയർ ഓപ്ഷനുകൾ ലഭിക്കുമ്പോൾ സ്പീഡിൽ വ്രെഡെസ്റ്റീൻ ടയറുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. റോഡ്സ്റ്റർ പതിപ്പിനെ അപേക്ഷിച്ച് 10 mm അധിക സസ്‌പെൻഷൻ ട്രാവൽ ത്രക്സ്റ്റൺ സ്വീകരിക്കുന്നതിനാൽ സസ്‌പെൻഷനും വ്യത്യാസപ്പെട്ടിരിക്കുന്നു.
എഞ്ചിൻ: ട്രയംഫിന്റെ രണ്ട് മോഡലുകളിലും 398 സിസി ടിആർ സീരീസ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പക്ഷേ ത്രക്സ്റ്റണിൽ ഈ എഞ്ചിൻ 9,000 ആർപിഎമ്മിൽ 42 bhp പവർ വാഗ്ദാനം ചെയ്യുമ്പോൾ സ്പീഡിൽ 8,000 ആർപിഎമ്മിൽ 40 bhp കരുത്തോളമാണ് സൃഷ്ടിക്കുന്നത്. രണ്ട് ബൈക്കുകളിലും എഞ്ചിൻ 7,500 ആർപിഎമ്മിൽ 37.5 Nm torque തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.
സ്പീഡ് 400 റോഡ്സ്റ്ററിൽ കാണുന്നതിനേക്കാൾ 2 ടീത്തുകൾ കുറവുള്ള ഒരു റിയർ സ്‌പ്രോക്കറ്റ് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ത്രക്സ്റ്റണിന്റെ പരമാവധി വേഗത വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. അതേസമയം ഇത് മികച്ച പവർ-വെയ്റ്റ് അനുപാതവും വാഗ്ദാനം ചെയ്യുന്നുണ്ടേ. 6.6 സെക്കൻഡിൽ ത്രക്സ്റ്റൺ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ സ്പീഡിന് 6.7 സെക്കൻഡ് വേണ്ടിവരും. രണ്ട് വാഹനങ്ങൾക്കും 6-സ്പീഡ് ഗിയർബോക്സാണ് ഒരുക്കിയിരിക്കുന്നത്.
ഈ വ്യത്യാസങ്ങൾ ത്രക്സ്റ്റണിനെ പക്കാ കഫേ റേസറായി രൂപപ്പെടുത്തുന്നു. സ്പീഡിനെ അപേക്ഷിച്ച് കൂടുതൽ സ്പോർട്ടിയർ റൈഡിംഗ് നിലപാടും മികച്ച പെർഫോമൻസും ആവശ്യമുള്ളവർക്ക് ട്രയംഫിന്റെ പുതിയ ബൈക്ക് വാങ്ങിക്കാം. ഇനി അൽപം കുറഞ്ഞ വിലയും റിലാക്‌സ്‌ഡ് ആയിട്ടുള്ള റൈഡിംഗ് സ്റ്റാൻസും വേണ്ടവർക്ക് സ്പീഡ് റോഡ്സ്റ്റർ തെരഞ്ഞെടുക്കുന്നതാവും ഉചിതം.


Click it and Unblock the Notifications








