യുവാക്കളെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് 20 വർഷം, 60 ലക്ഷം പേർ വാങ്ങിയ ഇന്ത്യൻ മോട്ടോർസൈക്കിളായി അപ്പാച്ചെ
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ വിപ്ലവം തീർത്ത മോട്ടോർസൈക്കിൾ നിരയാണ് ടിവിഎസ് അപ്പാച്ചെ (TVS Apache). ബജാജ് പൾസറുകളുടെ എക്കാലത്തേയും പേടിസ്വപ്‌നമായിരുന്ന അപ്പാച്ചെ നിരയുടെ ചരിത്രവും വളരെ വലുതാണ്. ആധുനിക കാലത്തിനൊത്ത് മാറുന്നതിൽ പൾസറുകൾ തോൽവിയായപ്പോൾ അപ്പാച്ചെയുടെ പരിഷ്ക്കാരങ്ങൾ വിസ്‌മയിപ്പിക്കുന്നതായിരുന്നു. ഒരുപാട് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി കളംനിറയാൻ ബ്രാൻഡിന് എപ്പോഴും സാധിച്ചിട്ടുമുണ്ട്. 160 സിസി മുതൽ 310 സിസി വരെ നീണ്ടുകിടക്കുന്ന അപ്പാച്ചെ ശ്രേണി ഇപ്പോഴിതാ പുതിയൊരു നേട്ടവുമായി നിൽക്കുകയാണ്.
2005-ൽ ആദ്യമായി പുറത്തിറങ്ങിയ ടിവിഎസ് അപ്പാച്ചെ ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. അറുപതിൽ അധികം രാജ്യങ്ങളിലായി അതിവേഗം വളരുന്ന പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നായ അപ്പാച്ചെയുടെ ആഗോള വിൽപ്പന 6 ദശലക്ഷം കടന്നതായും കമ്പനി വെളിപ്പെടുത്തി. അതായത് 60 ലക്ഷം അപ്പാച്ച ഉടമകളാണ് ലോകത്തിന്റെ പലകോണുകളിലായുള്ളതെന്ന് സാരം.

2005-ൽ അപ്പാച്ചെ 150 പുറത്തിറക്കിയാണ് ടിവിഎസ് ഇന്ത്യൻ പെർഫോമൻസ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടിവിഎസ് റേസിംഗിൻ്റെ 43 വർഷത്തെ മോട്ടോർസ്‌പോർട്ട് പാരമ്പര്യത്തിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ട് അത്യാധുനിക റേസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അപ്പാച്ചെ RTR (സ്ട്രീറ്റ്-പെർഫോമൻസ്), അപ്പാച്ചെ RR (ട്രാക്ക്-ഫോക്കസ്ഡ്) സീരീസുകളാണ് ഇപ്പോൾ നിലവിലുള്ളത്.
ആദ്യതലമുറ പതിപ്പുകളുടെ ഓർമക്കായി ഇന്നും നിലനിർത്തിയിരിക്കുന്ന RTR ശ്രേണിക്ക് പ്രത്യേക ഫാൻബേസുണ്ട്. മുകളിൽ പറഞ്ഞതുപോലെ അപ്പാച്ചെയിലൂടെ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഇന്ത്യൻ ഇരുചക്ര വാഹന വിപണിക്ക് ലഭിക്കുകയുണ്ടായി. ഫ്യുവൽ ഇഞ്ചക്ഷൻ, ഡ്യുവൽ-ചാനൽ എബിഎസ്, സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, SmartXConnect, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളെല്ലാം ഈയൊരു വിഭാഗത്തിലേക്ക് എത്തിയത് അപ്പാച്ചെയിലൂടെയായിരുന്നു.

കഴിഞ്ഞില്ല, അഡ്‌ജസ്റ്റബിൾ സസ്പെൻഷൻ, റൈഡ് മോഡുകൾ, റേസ് ട്യൂൺഡ് ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ സീറ്റ് തുടങ്ങിയ ഫീച്ചറുകളും ഇന്ത്യക്കാർക്കിടയിൽ ജനകീയരാക്കിയതും ടിവിഎസ് അപ്പാച്ചെ മോട്ടോർസൈക്കിൾ നിരയായിരുന്നു. ഫാക്ടറി കസ്റ്റമൈസേഷൻ (ബിൽഡ്-ടു-ഓർഡർ അല്ലെങ്കിൽ ബിടിഒ) വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ മോട്ടോർസൈക്കിൾ ബ്രാൻഡ് കൂടിയാണ് ടിവിഎസ് അപ്പാച്ചെ.
റൈഡർമാർക്ക് കൂടുതൽ വ്യക്തിഗത ഉടമസ്ഥത അനുഭവം നൽകാനായി ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ വിജയിച്ചിട്ടുമുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ അപ്പാച്ചെയുടെ 4 ലക്ഷം യൂണിറ്റ് വിൽപ്പന മറികടക്കാനും കമ്പനിക്കായിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ 11 മാസത്തിലാണ് ഈയൊരു നേട്ടം അപ്പാച്ചെയ്ക്ക് കൈവരിക്കാനായിരിക്കുന്നത്.

2019 സാമ്പത്തിക വർഷത്തിനുശേഷം ഇത് രണ്ടാം തവണയാണ് ഈ നാഴികക്കല്ല് മോഡൽ മറികടക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റവു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടിവിഎസ് മോട്ടോർസൈക്കിളും അപ്പാച്ചെ സീരീസാണ്. 150-200 സിസി വിഭാഗത്തിൽ 40 ശതമാനം വിഹിതത്തോടെയാണ് ബൈക്കുകൾ കുതിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ 160 4V പതിപ്പിനെ പുതുക്കി ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചിരുന്നു.
അധിക ഫീച്ചറുകളും കൂടുതൽ അപ്‌ഗ്രേഡുകളും നൽകി മോഡേണാക്കിയാണ് അപ്പാച്ചെ 160 4V വിപണിയിലെത്തിയത്. 1.40 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോട്ടോർസൈക്കിളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കുന്ന പുതിയ ടിവിഎസ് SmartXonnect TM സാങ്കേതികവിദ്യ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, വോയ്‌സ് അസിസ്റ്റ് പോലുള്ള ഫീച്ചറുകളെല്ലാം ലഭിച്ചത് ഇതേ പരിഷ്ക്കാരത്തിലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








