ഇനി സൊൽപ്പം സാഹസമാവാം, 1.99 ലക്ഷത്തിന് പുത്തൻ 300 സിസി അഡ്വഞ്ചർ ബൈക്കുമായി ടിവിഎസ്; മത്താപ്പ് ഐറ്റം തന്നെ
ഇന്ത്യയിൽ ഏറ്റവും വൈവിധ്യമാർന്ന ഇരുചക്ര വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ടിവിഎസ്. കമ്മ്യൂട്ടർ ബൈക്കുകൾ, സ്‌കൂട്ടറുകൾ, പ്രീമിയം സ്പോർട് മോട്ടോർസൈക്കിളുകൾ, മോപ്പഡ് അങ്ങനെ വ്യത്യസ്‌ത തരത്തിലുള്ള മോഡലുകളാൽ സമ്പന്നമാണ് തിരുക്കുറുങ്കുടി വെങാരം സുന്ദരം മോട്ടോർസിന്റെ വാഹന നിര. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച് നടക്കുന്ന ബൈക്കുകളാണ് അഡ്വഞ്ചർ ടൂററുകൾ. ഈയൊരു രംഗത്തേക്ക് ഇതുവരെ കൈവെക്കാതിരുന്ന കമ്പനി നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഒരു പുതുപുത്തൻ എഡിവി ബൈക്കുമായി എത്തിയിരിക്കുകയാണ്. അതും യൂത്തൻമാരുടെ പ്രിയപ്പെട്ട അപ്പാച്ചെ സീരീസിലാണ് അഡ്വഞ്ചർ പതിപ്പിനേയും ഉൾക്കൊള്ളിച്ചിരിക്കുന്നത് കേട്ടോ.
നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അപ്പാച്ചെ RTX 300 ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. R, T, X എന്ന വാക്ക് റാലി, ടൂറർ, എക്‌സ്ട്രീം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു ടൂററുടെയും ഓഫ്-റോഡറിന്റേയും മിശ്രിതമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന മോഡലിന് 1.99 ലക്ഷം മുതൽ 2.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

വൈപ്പർ ഗ്രീൻ, ടാർൺ ബ്രോൺസ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്നിംഗ് ബ്ലാക്ക്, പേൾ വൈറ്റ് എന്നീ 5 കിടിലൻ കളർ ഓപ്ഷനുകളിലും ടിവിഎസ് RTX 300 സ്വന്തമാക്കാനാവും. ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡെലിവറിയും ഉടൻ തന്നെ തുടങ്ങാനാണ് പ്ലാനിട്ടിരിക്കുന്നത്. ബേസ്, ടോപ്പ്, BTO എന്നീ മൂന്ന് വേരിയന്റുകളുള്ളതിനാൽ ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.29 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡിസൈനിൽ ആരേയും ഒറ്റനോട്ടത്തിൽ വീഴ്ത്തുന്ന മനോഹരമായ രൂപമാണ് ടിവിഎസ് അപ്പാച്ചെ RTX 300 വഹിക്കുന്നത്. ഒരു പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളിനോട് സാമ്യമുള്ളതായി തോന്നിയാലും തെറ്റുപറയാനാവില്ല. ഇന്റഗ്രേറ്റഡ് ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണത്തോടുകൂടിയ സെമി ഫെയറിംഗ് അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത് കേട്ടോ.

അഡ്വഞ്ചർ ബൈക്കിന്റെ ഫെയറിംഗും അതിന്റെ ഫ്രണ്ട് വിൻഡ്‌ഷീൽഡും ഹൈവേ ടൂറിംഗിൽ വിൻഡ് പ്രൊട്ടക്ഷൻ നൽകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാന്തരം റൈഡർ കംഫർട്ടിനായി ഫുട്‌പെഗുകളും ഹാൻഡിൽബാറുകളും ന്യൂട്രലായാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ എത്ര ദൂരം വേണമെങ്കിലും മടുപ്പില്ലാത്ത യാത്ര ചെയ്യാനാവും. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും RTX അഡ്വഞ്ചറിന് നന്നായി ഇണങ്ങുന്നുണ്ട്.
ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന മിററുകൾ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, കരുത്തുറ്റ റിയർ ലഗേജ് റാക്ക്, പൂർണമായും ക്രമീകരിക്കാവുന്ന ഗോൾഡ് ഫിനിഷുള്ള 41 mm USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയും ടിവിഎസ് അപ്പാച്ചെ RTX 300 അഡ്വഞ്ചറിലെ മറ്റ് ഹൈലൈറ്റുകളാണ്. ആക്‌സസറികളിൽ മെറ്റാലിക് ബാഷ് പ്ലേറ്റ്, നക്കിൾ ഗാർഡുകൾ, ക്രാഷ് ഗാർഡുകൾ എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അലോയ് വീലുകൾക്ക് 5 എലമെന്റ് സ്റ്റാർ ആകൃതിയുണ്ട്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചുമാണ് വീൽ സൈസ് വരുന്നത്. ഇവ പ്രത്യേക കോമ്പൗണ്ട് ടയറുകളാൽ പൊതിഞ്ഞാണ് നിരത്തിലേക്ക് ഇറങ്ങുക. 320 mm ഫ്രണ്ട് ഡിസ്ക് പെറ്റൽ ഡിസ്‌ക്, റിയർ ഡിസ്ക് എന്നിവയാണ് ബ്രേക്കിംഗ് നിർവഹിക്കുന്നത്. സ്വിച്ചബിളായിട്ടുള്ള ഡ്യുവൽ ചാനൽ എബിഎസും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.
ഡൈ-കാസ്റ്റ് അലുമിനിയം സ്വിംഗാർമുള്ള ഒരു സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്കിന് RT-XD4 എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മോട്ടോസോൾ ഇവന്റിൽ അവതരിപ്പിച്ച ഈ 299.1 സിസി DOHC 4V/സിലിണ്ടർ സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിന് 9,000 ആർപിഎമ്മിൽ 35 bhp പവറും 7,000 ആർപിഎമ്മിൽ 28.5 Nm ടോർക്കും നിർമിക്കാനാവും.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ക്വിക്ക്-ഷിഫ്റ്റർ എന്നിവയുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ടൂർ, റാലി, അർബൻ, റെയിൻ റൈഡിംഗ് മോഡുകൾ, റാലി എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഗൂഗിൾ മാപ്‌സിനൊപ്പം മാപ്പ് മിററിംഗ്, നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് അപ്പാച്ചെ RTX 300 എഡിവിയിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








