ഈ പരസ്യം കണ്ടാൽ ആരും വാങ്ങിപ്പോവും, പുത്തൻ അഡ്വഞ്ചർ ബൈക്കിൽ അക്രമം കാണിച്ച് ടിവിഎസ്
അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ എന്ന് കേൾക്കുമ്പോഴേ നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് റോയൽ എൻഫീൽഡ് ഹിമാലയൻ അല്ലെങ്കിൽ ഹീറോ എക്‌സ്‌പൾസ് ഏറിപ്പോയാൽ കെടിഎം അഡ്വഞ്ചർ സീരീസ് എന്നിവയായിരിക്കും അല്ലേ. എന്നാൽ ഇനി മുതൽ ടിവിഎസിന്റെ പേര് കൂടി സാഹസ പ്രേമികൾ ഓർക്കുമെന്ന് പറയാം. അതിന് കാരണം കമ്പനി ഇന്നലെ പുറത്തിറക്കിയ അഡാറ് അപ്പാച്ചെ RTX 300 മോഡൽ തന്നെയാണ്. നല്ല പ്രൈസിംഗിൽ പുറത്തിറക്കിയ 300 സിസി അഡ്വഞ്ചർ ബൈക്ക് ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിട്ടുണ്ട്.
1.99 ലക്ഷം മുതൽ ഇങ്ങനൊരു അഡ്വഞ്ചർ മോട്ടോർസൈക്കിൾ കിട്ടിയാൽ ആർക്കെങ്കിലും മുഖംതിരിക്കാനാവുമോ? ഇപ്പോഴിതാ ടിവിഎസ് അപ്പാച്ചെ RTX 300 ഓഫ്-റോഡിലിറക്കി അക്രമം കാണിക്കുന്ന പരസ്യ വീഡിയോ പുറത്തുവിട്ട് ആളുകളെ കൈയിലെടുക്കുകയാണ് കമ്പനി. പുതിയ 300 സിസി എഡിവിയുടെ ഓഫ്-റോഡിംഗ് കഴിവുകളെക്കുറിച്ച് സംശയമുള്ളവരുടെ വരെ വായ ഇതോടെ അടയും.

ടിവിഎസിൽ നിന്നുള്ള ആദ്യത്തെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളാണിതെങ്കിലും അതിന്റെ യാതൊരു കുറവും RTX കാണിക്കുന്നില്ലെന്നതാണ് സത്യം. ടിവിഎസ് അപ്പാച്ചെ സീരീസ് എന്ന ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് 300 സിസി എഡിവിയുടെ പരസ്യ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഒരു സാഹസിക ടൂറർ എന്ന നിലയിൽ അപ്പൊച്ച RTX 300-ന് ചെയ്യാൻ കഴിയാത്തതായി ഒന്നുമേയില്ല.
റൈഡർമാർ പർവതങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും, നദികളും അരുവികളും മുറിച്ചുകടക്കുന്നതും, ട്രെയിൽസിലെ ബൈക്കിന്റെ മികവുമെല്ലാമാണ് പരസ്യ വീഡിയോയിൽ കാണാനാവുക. R, T, X എന്ന വാക്ക് റാലി, ടൂറർ, എക്‌സ്ട്രീം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു ടൂററുടെയും ഓഫ്-റോഡറിന്റേയും മിശ്രിതമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.
ബേസ്, ടോപ്പ്, BTO എന്നീ മൂന്ന് വേരിയന്റുകളുള്ളതിനാൽ ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.29 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഏറ്റവും പുതിയ RT-DX4 പ്ലാറ്റ്ഫോമിൽ പണികഴിച്ചിരിക്കുന്ന ടിവിഎസ് അപ്പാച്ചെ TRX 9,000 ആർപിഎമ്മിൽ 35.5 bhp പവറും 7,000 ആർപിഎമ്മിൽ 28.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 299.1 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിനാണ് ഉപയോഗിക്കുന്നത്.
വാട്ടർ, ഓയിൽ ജാക്കറ്റുകൾ ഉള്ള ഡ്യുവൽ-കൂളിംഗ് സാങ്കേതികവിദ്യയാണ് എഞ്ചിനിൽ ഉൾപ്പെടുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ക്വിക്ക്-ഷിഫ്റ്റർ, ടൂർ, റാലി, അർബൻ, റെയിൻ റൈഡിംഗ് മോഡുകൾ, റാലി എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ മോഡേൺ ഫീച്ചറുകളാലും ടിവിഎസിന്റെ അഡ്വഞ്ചർ ടൂറർ സമ്പന്നമാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് TFT ഡിസ്പ്ലേയാണ് മറ്റൊരു ആകർഷണം. ഇതിൽ മാപ്പ് മിററിംഗ്, നാവിഗേഷൻ, റൈഡ് ഡാറ്റ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയെല്ലാം ആക്‌സസ് ചെയ്യാനാവും. അഡ്ജസ്റ്റബിൾ ബ്രേക്ക്, ക്ലച്ച് ലിവറുകളും ടിവിഎസ് അപ്പാച്ചെ RTX 300 അഡ്വഞ്ചർ ടൂററിലുണ്ട്. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള ട്വിൻ-ബീം ഹെഡ്‌ലൈറ്റുകളുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.
ടോളർ വിൻഡ്‌സ്‌ക്രീനും വീതിയേറിയ ഫ്രണ്ട് ഫെയറിംഗും ബൈക്കിന് ഒരു യഥാർത്ഥ എഡിവി സ്വഭാവം നൽകുന്നു. വൈപ്പർ ഗ്രീൻ, മെറ്റാലിക് ബ്ലൂ, പേൾ വൈറ്റ്, ലൈറ്റ്നിംഗ് ബ്ലാക്ക്, ടാർൺ ബ്രോൺസ് എന്നീ കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ ലോംഗ്-ട്രാവൽ ഇൻവേർട്ടഡ് കാട്രിഡ്ജ് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് സസ്പെൻഷനായി ഉപയോഗിച്ചിരിക്കുന്നത്.
അപ്പൊച്ചെ അഡ്വഞ്ചർ ടൂററിന്റെ മുന്നിലും പിന്നിലും യഥാക്രമം 19 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകളാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്. ഇത് ഡ്യുവൽ-പർപ്പസ് ടയറുകൾ ഉപയോഗിക്കുന്നതിനാൽ ഏത് സാഹചര്യങ്ങളിലും മികച്ച ഹാൻഡിലിംഗായിരിക്കും ലഭിക്കുക. കൂടാതെ ടെറൈൻ-അഡാപ്റ്റീവ് എബിഎസുമായി വരുന്ന ബൈക്കിൽ അറ്റത്തും ഡിസ്ക് ബ്രേക്കുകളും ലഭിക്കും. സുസുക്കി വി-സ്ട്രോം SX, യെസ്ഡി അഡ്വഞ്ചർ, കെടിഎം 250 അഡ്വഞ്ചർ എന്നിവയുമായി മത്സരിക്കുന്നു.


Click it and Unblock the Notifications








