1.05 ലക്ഷത്തിന് ടിവിഎസിന്റെ പുതിയ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ, സിംഗിൾ ചാർജിൽ 121 കിലോമീറ്റർ റേഞ്ചും
ഇന്ന് വാങ്ങാനാവുന്നതിൽ ഏറ്റവും ബെസ്റ്റ് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ (Family Electric Scooter) ഒന്നാണ് ടിവിഎസ് ഐക്യൂബ് (TVS iQube). ഇതുവരെ കുറ്റങ്ങളോ പരാതികളോ ഒന്നും കേൾപ്പിക്കാതെ സൈലന്റായി ആശാൻ മുമ്പോട്ട് പോവുകയാണ്. ആളുകളെ ഇവി വാങ്ങിപ്പിക്കാൻ വലിയ ബഹളങ്ങളൊന്നും വേണ്ടന്ന കാര്യവും ഐക്യുബിലൂടെ ടിവിഎസ് തെളിയിച്ചിട്ടുണ്ട്. ഏതൊരു സാധാരണക്കാരന്റേയും കൊക്കിലൊതുങ്ങുന്ന വിലയും മാന്യമായ റേഞ്ചും ടിവിഎസിന്റെ വിശ്വാസവുമാണ് ഐക്യൂബിനെ വേറിട്ടുനിർത്തുന്നത്. ഒപ്പം കൃത്യമായ ഇടവേളകളിൽ സ്‌കൂട്ടറിനെ നവീകരിക്കാൻ കമ്പനി കാണിക്കുന്ന മിടുക്കും ആളുകൾക്ക് ഇഷ്‌ടമാവുന്ന കാര്യമാണ്.
അടുത്തിടെ ഐക്യൂബിന്റെ ഏറ്റവും പുതിയ 2025 മോഡൽ ഇയർ പുറത്തിറക്കിയതെല്ലാം ഇതിനുള്ള ഉദാഹരണമാണ്. ഇപ്പോഴിതാ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് പുത്തനൊരു വേരിയന്റ് അവതരിപ്പിച്ച് വാർത്തകളിൽ ഇടംനേടുകയാണ് ടിവിഎസ്. 3.1 kWh ബാറ്ററിയുള്ള ഐക്യൂബ് താങ്ങാനാവുന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 1.05 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

അതായത് ഐക്യൂബ് 3.1kWh ബേസ് വേരിയന്റിനേക്കാൾ ഏകദേശം 12,000 രൂപ കൂടുതൽ വിലയുള്ളതാണെന്ന് സാരം. എന്നാൽ ടോപ്പ് വേരിയന്റിനേക്കാൾ 21,000 രൂപ വില കുറഞ്ഞതുമാണ്. ഈ പുതിയ വേരിയന്റിന്റെ വരവോടെ ടിവിഎസ് ഐക്യുബ് ഇപ്പോൾ മൊത്തത്തിൽ 6 വേരിയന്റുകളിൽ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും. 3.1kWh പതിപ്പ് 2.2kWh, 3.5kWh മോഡലുകൾക്കിടയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.
ഇലക്ട്രിക് സ്കൂട്ടറിന്റെ 3.1kWh പതിപ്പിന് സിംഗിൾ ചാർജിൽ പരമാവധി 121 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഇവിയുടെ പരമാവധി വേഗം 82 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. ഐക്യൂബിന്റെ പുത്തൻ വേരിയന്റിന്റെ ചാർജിംഗ് സമയം 2.2kWh പതിപ്പിന് സമാനമാണെന്നും ടിവിഎസ് പറയുന്നു. അതായത് 0-80 ശതമാനം ചാർജ് ചെയ്യാൻ 2 മണിക്കൂർ 45 മിനിറ്റ് എടുക്കും.

ഈ വേരിയന്റിന്റെ ഭാരം 117 കിലോഗ്രാം ആണെന്നതിനാൽ ഏത് സാഹചര്യത്തിലും അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. ബാറ്ററി പായ്ക്കിലെ വ്യത്യാസം ഒഴികെ ഐക്യൂബിന് മറ്റ് നവീകരണങ്ങളൊന്നും തന്നെ ടിവിഎസ് സമ്മാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മെക്കാനിക്കലായി നോക്കുകയാണെങ്കിൽ ട്യൂബുലാർ ഫ്രെയിമിലാണ് ഇലക്ട്രിക് സ്കൂട്ടർ നിർമിച്ചിരിക്കുന്നത്. സസ്പെൻഷമായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ട്യൂബ് ഷോക്കുകളും നൽകിയിരിക്കുന്നു.
ബ്രേക്കിംഗിലേക്ക് വന്നാൽ മുൻവശത്ത് 220 mm ഡിസ്കും പിന്നിൽ 130 mm ഡ്രമ്മുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. മറ്റ് വേരിയന്റുകളെ പോലെ ഐക്യൂബ് 3.1kWh പതിപ്പിനും ബ്ലൂടൂത്ത് സംയോജനത്തോടുകൂടിയ ടിഎഫ്ടി സ്‌ക്രീൻ നൽകിയിട്ടുണ്ടെന്നതും പ്രത്യേകം പരാമർശിക്കേണ്ട കാര്യമാണ്. ഇനി അടുത്തിടെ പുറത്തിറക്കിയ 2025 മോഡലുകളെ കുറിച്ച് പറയുകയാണെങ്കിൽ S, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 2025 മോഡലുകൾ എത്തിയിരിക്കുന്നത്.

ഐക്യൂബ് S മോഡലിന് 3.5kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ലഭിക്കുക. IDC കണക്കനുസരിച്ച് ഇവിയുടെ റേഞ്ച് സിംഗിൾ ചാർജിൽ 145 കിലോമീറ്ററാണ്. മറുവശത്ത് ടിവിഎസ് ഐക്യൂബ് ST വേരിയന്റിലെ 5.3kWh ബാറ്ററിക്ക് ഫുൾ ചാർജിൽ 212 കിലോമീറ്റർ റേഞ്ചും നൽകാൻ കഴിയും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 2025 മോഡൽ ഐക്യൂബ് S പതിപ്പിന്റെ 5 ഇഞ്ച് കളർ ടിഎഫ്‌ടി ഡിസ്‌പ്ലേയുള്ള വേരിയന്റിന് 1.09 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്.
അതേസമയം ഇതേ വേരിയന്റിന്റെ 7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ വരുന്ന മോഡലാണ് വാങ്ങുന്നതെങ്കിൽ 1.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഏറ്റവും പുതിയ 2025 മോഡൽ ടിവിഎസ് ഐക്യൂബ് ST വേരിയന്റിന്റെ 3.5kWh ബാറ്ററി ഘടിപ്പിച്ച പതിപ്പിന് 1.28 ലക്ഷം രൂപയിൽ നിന്നും 5.3kWh ബാറ്ററിയുള്ള സ്‌കൂട്ടറിന് 1.59 ലക്ഷം രൂപയുമായാണ് ഇന്ത്യൻ വിപണിയിൽ ചെലവാക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








