നന്ദി ഫ്ലിപ്പ്കാർട്ട് ഒരായിരം നന്ദി... 1 ലക്ഷത്തിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ 86,000 രൂപയ്ക്ക് വാങ്ങാം
പെട്രോൾ സ്‌കൂട്ടറുകളേക്കാൾ സ്വീകാര്യത നേടി മുന്നേറുകയാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാഴുന്ന വിഭാഗത്തിൽ ടിവിഎസ്, ബജാജ്, ഹീറോ തുടങ്ങിയ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും തങ്ങളുടെ കഴിവ് തെളിയിച്ച് മുന്നേറുന്നുണ്ട്. അങ്ങനെ ഫാമിലി ഇവി സെഗ്മെന്റിൽ ഏറ്റവും ഫാൻബേസുള്ള മോഡലായി ടിവിഎസിന്റെ ബാറ്ററി വണ്ടി മാറി. വന്നകാലം മുതൽ ഇന്നുവരെ അധികം ചീത്തപ്പേരുകൾ ഒന്നും കേൾപ്പിക്കാതെ മുമ്പോട്ട് പോവുന്ന ഇവിക്ക് അടിക്കടി ഓഫറുകളിട്ട് കമ്പനി ഞെട്ടിക്കാറുമുണ്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിൽ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് വമ്പൻ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ജനുവരി 13 മുതൽ 19 വരെ നടക്കുന്ന റിപ്പബ്ലിക് ഡേ സെയിൽസിനോട് അനുബന്ധിച്ചാണ് ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടറിന് കിടിലൻ ഓഫറിട്ടിരിക്കുന്നത്. ഏറെക്കാലമായി ഇതേ ഇവി സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് വന്നെത്തിയിരിക്കുന്ന സുവർണാവസരമാണിത്. ഓഫറിന്റെ ഭാഗമായി ഐക്യുബ് വെറും 86,000 രൂപയ്ക്ക് സ്വന്തമാക്കാം. അത് എങ്ങനെയെന്ന് വിശദമായി പറഞ്ഞുതരാം.

ശരിക്കും 1,07,299 രൂപ വിലയുള്ള ടിവിഎസ് ഐക്യൂബാണ് ഇപ്പോൾ ഓഫറുകളോടെ വെറും 86,749 രൂപയ്ക്ക് വീട്ടിലെത്തിക്കാനാവുന്നത്. ഫ്ലിപ്പ്കാർട്ട് അതിൻ്റെ ഒൺലി ഫോർ യു ഡീലിലൂടെ 5,000 രൂപ ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്താനാവുന്നത്. കൂടാതെ വിവിധ പേയ്‌മെൻ്റ് ഓപ്ഷനുകളിലൂടെ അധിക സേവിംഗ്‌സും ലഭിക്കും. അതായത് ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾക്കൊപ്പം 5,115 രൂപ വരെ കിഴിവും തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് EMI സ്കീമിൽ 3,250 രൂപ റിബേറ്റും ലഭിക്കും.
ഈ കിഴിവുകളെല്ലാം കൂടിച്ചേരുമ്പോഴാണ് ടിവിഎസ് ഐക്യൂബ് 2.2 kWh വേരിയന്റ് നിങ്ങൾക്ക് വെറും 86,749 രൂപയ്ക്ക് സ്വന്തമാക്കാനാവുക. എൻട്രി ലെവൽ മോഡലാണെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ഏറ്റവും ലാഭകരമായ മോഡലുകളിൽ ഒന്നാണിത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4 bhp കരുത്തിൽ 33 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്റി ജോടിയാക്കിയിരിക്കുന്നത്.

ടിവിഎസ് പറയുന്നതനുസരിച്ച് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയും പുറത്തെടുക്കാനാവും. അതേസമയം സിംഗിൾ ചാർജിൽ ഇവിക്ക് 75 കിലോമീറ്റർ റൈഡിംഗ് റേഞ്ചും ഉണ്ട്. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ വെറും 2 മണിക്കൂറും 45 മിനിറ്റും കൊണ്ട് ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. ബേസ് മോഡലാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു കുറവുമില്ല കേട്ടോ.
5 ഇഞ്ച് കളർ TFT സ്‌ക്രീൻ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ, 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, വെഹിക്കിൾ ക്രാഷ് ആൻഡ് ടൗ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, പാർക്ക് അസിസ്റ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട്, റിമോട്ട് ചാർജിംഗ് സ്റ്റാറ്റസ്, മറ്റ് ബന്ധിപ്പിച്ച സവിശേഷതകൾ എന്നിവയെല്ലാമാണ് ടിവിഎസിന്റെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിൽ ഒരുക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബ്രേക്കിംഗിനായി 220 mm ഫ്രണ്ട് ഡിസ്‌ക്കും 130 mm റിയർ ഡ്രമ്മും ആണ് ടിവിഎസ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഐക്യൂബിന് 157 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 770 മില്ലീറ്റർ സീറ്റ് ഹൈറ്റുമാണ് ഒരുക്കിയിരിക്കുന്നത്. വാൽനട്ട് ബ്രൗൺ, പേൾ വൈറ്റ് ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇവി പോർച്ചിലെത്തിക്കാനാവുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








