മൈലേജ് കൊണ്ട് അമ്മാനമാടാം, ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഫ്യൂസൂരാൻ ജുപ്പിറ്റർ സിഎൻജി റെഡി
പെട്രോൾ, ഡീസൽ വണ്ടികളേക്കാൾ ജനപ്രീതി നേടികുതിക്കുകയാണ് ഇലക്‌ട്രിക്, സിഎൻജി വാഹനങ്ങൾ. പ്രവർത്തന ചെലവും കുറഞ്ഞ ഇന്ധന ചെലവുമെല്ലാമാണ് ഇതിലേക്ക് ആളുകളെ പ്രലോഭിപ്പിക്കുന്നത്. സിഎൻജി ഇന്ധനത്തിലോടുന്ന ഇരുചക്ര വാഹനത്തെ കുറിച്ച് ഇന്ത്യക്കാർ ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ലെങ്കിലും ബജാജ് ഫ്രീഡം 125 എന്ന മോട്ടോർസൈക്കിളിലൂടെ അത്തരമൊരു സാധ്യതയ്ക്കും വഴി തുറന്നിട്ടു. ഇതിനി അടുത്ത തലത്തിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ സ്വന്തം ടിവിഎസ്. ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്കിന്റെ വിൽപ്പന ആരംഭിച്ചതിന് പിന്നാലെ തങ്ങളും പുതിയ സിഎൻജി ഇരുചക്ര വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് ബ്രാൻഡ് നേരത്തെ സൂചന തന്നിരുന്നു.
പക്ഷേ ഇതൊരു മോട്ടോർസൈക്കിളായിരിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറിലാവും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ടിവിഎസ് ഉപയോഗിക്കുക. സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ സ്‌കൂട്ടർ ജുപ്പിറ്ററായിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ കമ്പനി മോഡലിനെ അവതരിപ്പിക്കുമെന്ന സൂചനയും തന്നിട്ടുണ്ട് ഇപ്പോൾ.

ജുപ്പിറ്റർ സിഎൻജി കൂടാതെ ടിവിഎസ് നിരവധി പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ അവതരിപ്പിക്കുമെന്നാണ് വിവരം. ഇവിക്കൊപ്പം മറ്റ് ക്ലീൻ എനർജി വാഹന നിരയും കൂടി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ് ബ്രാൻഡിപ്പോൾ. ഇതിന്റെ ഭാഗമായാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ജുപ്പിറ്റർ നിരത്തുകളിലേക്ക് എത്തുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജുപ്പിറ്ററിൽ സിഎൻജി അവതരിപ്പിക്കുന്നത് ടിവിഎസിനെ സംബന്ധിച്ച് മൈലേജാവുന്ന കാര്യമാണ്.
സിഎൻജിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറിന്റെ ഏകദേശം 1,000 യൂണിറ്റ് വിൽപ്പനയാണ് പ്രതിമാസം കമ്പനി ലക്ഷ്യമിടുന്നത്. ഫാമിലി സ്‌കൂട്ടറിന്റെ ഗെറ്റപ്പിനൊപ്പം നല്ല മൈലേജും, അതിനൊത്ത പെർഫോമൻസും പ്രായോഗികതയും ഫീച്ചറുകളും എല്ലാം നിറഞ്ഞ പുതിയ ജുപ്പിറ്റർ 110 സിസി മോഡലിലാവും കമ്പനി മിക്കവാറും സിഎൻജി അവതരിപ്പിക്കുക. അങ്ങനെയാണെങ്കിൽ ഹോണ്ട ആക്‌ടിവയ്ക്കും അതൊരു പണിയായിരിക്കും.

ഇതുകൂടാതെ ടിവിഎസ് തങ്ങലുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം കൂടി പരിഷ്ക്കരിക്കാനുള്ള തന്ത്രങ്ങളും മെനയുന്നുണ്ട്. അങ്ങനെയെങ്കിൽ ജുപ്പിറ്റർ ഇവിയും നാളെ ആരംഭിക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ജുപ്പിറ്റർ ഇലക്ട്രിക് അരങ്ങേറ്റം കുറിച്ചേക്കാം. നിലവിൽ മുഖ്യശത്രുവായ ഹോണ്ട ആക്‌ടിവ വൈദ്യുതി കുപ്പായമണിഞ്ഞ് അരങ്ങത്തെത്തിയിരുന്നു.
ഭാവിയിൽ ജുപ്പിറ്ററിനെ ഇവിയാക്കാനുള്ള തന്ത്രം മനസിൽ വെച്ചുകൊണ്ടാണ് പുതിയ ജൂപ്പിറ്റർ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആയതിനാൽ ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ബാറ്ററികൾക്കായി അതേ സ്ഥാനം ഉപയോഗിക്കാൻ കമ്പനിയെ അനുവദിക്കും. നിലവിലുള്ള 110 സിസി, 125 സിസി എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നിടത്ത് ഇലക്ട്രിക് എഞ്ചിനായിരിക്കും പകരം പ്രവർത്തിക്കുക.

ഒരു ദശാബ്ദക്കാലം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം ടിവിഎസ് ജുപ്പിറ്റർ ഇപ്പോൾ 71 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. സിഎൻജിയിലേക്കും ഇലക്ട്രിക്കിലേക്കും സ്‍കൂട്ടർ മാറുന്നതോടെ കമ്പനിയുടേയും മോഡലിന്റെയും ഇമേജ് തന്നെ മാറും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂട്ടർ നിർമാതാക്കൾ എന്ന നിലയിൽ നിന്നും ഹോണ്ടയെ വെട്ടിച്ച് ഒന്നാമതെത്താൻ സാധിക്കുമോയെന്നത് കണ്ടറിയണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








