ജുപ്പിറ്ററും എൻടോർഖുമെല്ലാം വിലക്കുറവിൽ വാങ്ങാം, പുതിയ വില പുറത്തുവിട്ട് ടിവിഎസ്! കുറഞ്ഞത് 9,600 രൂപ വരെ
ഉത്സവ സീസൺ (Festive Season) കൊടിയേറിയതോടെ ഇന്ത്യയിലെ വാഹന വിപണിക്ക് ചാകരക്കാലമാണ്. കാറുകളും ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സമയമാണിത്. വിലക്കുറവും ഓഫറുകളുമെല്ലാം നിർമാതാക്കൾ നൽകുന്നതിന് പുറമെ ഇത്തവണ ജിഎസ്‌ടി കുറച്ച് കേന്ദ്രസർക്കാരിന്റെ സമ്മാനവുമുണ്ട്. ഉത്സവകാലം കളറാക്കാനായി പുതിയ ജിഎസ്ടി ബെനിഫിറ്റ് ബൊനാൻസയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ഇരുചക്ര ഭീമൻമാരായ ടിവിഎസ് (TVS). വിവിധ മോഡലുകളിൽ ആകർഷകമായ വിലക്കുറവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് കമ്പനിയുടെ വരവ്. സ്‌കൂട്ടറുകളും കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളും വാങ്ങുന്നവർക്ക് 9,600 രൂപ വരെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം.
പുതിയ ജിഎസ്‌ടി പ്രകാരം ടിവിഎസിന്റെ സ്‌കൂട്ടറുകൾക്കും കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾക്കും വരുന്ന വിലയും ഓഫറുകളും എങ്ങനെയാണെന്ന് നോക്കിയാലോ? സ്കൂട്ടറുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജുപ്പിറ്റർ 110 മോഡലിന് ഇപ്പോൾ 72,400 രൂപ മുതലാണ് രാജ്യത്ത് വരുന്ന എക്സ്ഷോറൂം വില. അതായത് മുൻ വിലയേക്കാൾ മൊത്തത്തിൽ 6,481 രൂപ കുറഞ്ഞുവെന്ന് സാരം.

ജുപ്പിറ്റർ 125 മോഡലാണ് നോക്കുന്നതെങ്കിൽ 75,600 രൂപ മുതലാണ് പുതുക്കിയ എക്‌സ്ഷോറൂം വില വരുന്നത്. പുതുക്കിയ ജിഎസ്‌ടി നിരക്കുകൾ പ്രകാരം ഈ 125 സിസി സ്‌കൂട്ടറിന്റെ വിലയിൽ 6,795 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് ടിവിഎസ് പറയുന്നു. സ്പോർട്ടി സ്‌കൂട്ടറായ എൻടോർഖ് സീരീസിലും കാര്യമായ വിലക്കുറവ് വരുത്തിയിട്ടുണ്ട്. 125 സിസി പതിപ്പിന് ഇപ്പോൾ 80,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ജിഎസ്ടി പുതുക്കി നിശ്ചയിച്ചതോടെ എൻടോർഖിന്റെ വിലയിൽ 7,242 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട്. കൂടുതൽ ശക്തവും അടുത്തിടെ പുറത്തിറക്കിയതുമായ എൻടോർഖ് 150 വാങ്ങാനെത്തുന്നവർക്ക് ഇപ്പോൾ 9,600 രൂപയുടെ വിലക്കുറവ് ലഭിക്കുന്നതായിരിക്കും. അങ്ങനെ സ്‌കൂട്ടറിന്റെ പ്രാരംഭ വില 1.09 ലക്ഷം രൂപയായി മാറിയിട്ടുണ്ട്. ടിവിഎസ് സെസ്റ്റിന്റെ വിലയും ഇപ്പോൾ കൂടുതൽ താങ്ങാനാവുന്നതായി മാറിയിട്ടുണ്ട്.

ഇപ്പോൾ സെസ്റ്റ് സ്‌കൂട്ടറിന്റെ എക്സ്ഷോറൂം വില 70,600 രൂപയാണ്. അതായത് മോഡലിന്റെ മുൻവിലയേക്കാൾ 6,291 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സാരം. സ്കൂട്ടർ വിഭാഗം എല്ലായ്പ്പോഴും ടിവിഎസിന്റെ ശക്തി കേന്ദ്രമാണ്. ആയതിനാഷ ഈ വിലക്കുറവുകൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മാത്രമേ സഹായിക്കൂവെന്ന് തറപ്പിച്ച് പറയാനാവും. ഇനി കമ്മ്യൂട്ടർ വിഭാഗത്തിലെ ബൈക്കുകളുടെ പുതിയ വില കൂടി നോക്കാം.
എൻട്രി ലെവൽ കമ്മ്യൂട്ടർ വിഭാഗത്തിൽ XL 100, റേഡിയോൺ, സ്പോർട്ട് തുടങ്ങിയ മോഡലുകളുടെ വിലയാണ് ടിവിഎസ് കുറച്ചിരിക്കുന്നത്. XL 100 മോപ്പഡ് വാങ്ങുന്നവർക്ക് 3,854 രൂപ വരെ വിലക്കുറവ് ലഭിക്കും. അങ്ങനെ 43,900 രൂപ മുതലാണ് ഇപ്പോൾ XL 100-ന്റെ എക്സ്ഷോറൂം വില വരുന്നത്. റേഡിയോണിന് 55,100 രൂപ മുതലാണ് മുടക്കേണ്ടി വരിക. അതായത് ഹീറോ സ്പ്ലെൻഡർ പോലുള്ള എതിരാളികളോട് മത്സരിക്കുന്ന ബൈക്കിന് 4,850 രൂപ വിലക്കുറവ് സംഭവിച്ചുവെന്ന് സാരം.

ടിവിഎസ് സ്പോർട്ടിന് 8,440 രൂപ വിലക്കുറവാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുപ്രകാരം കമ്മ്യൂട്ടർ ബൈക്ക് 51,150 രൂപ മുതൽ സ്വന്തമാക്കാനാവും. കമ്പനിയുടെ ബെസ്റ്റ് സെല്ലിംഗ് സ്റ്റാർ സിറ്റിയുടെ വിലയും പരിഷ്ക്കരിച്ചു, 6,386 രൂപ കുറച്ചതിന് ശേഷം ഇപ്പോൾ 72,200 രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് മോട്ടോർസൈക്കിൾ വീട്ടിലെത്തിക്കാനാവും. അതേസമയം, ബ്രാൻഡിന്റെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായ റൈഡറിന് 80,050 രൂപ മുതലാണ് പുതുക്കിയ വില.
ജിഎസ്‌ടി പുതുക്കില നിശ്ചയിച്ചതോടെ 7,575 രൂപ വിലക്കുറവാണ് യൂത്തൻമാരുടെ പ്രിയപ്പെട്ടവന് ലഭിച്ചിരിക്കുന്നത്. അപ്പാച്ചെ ശ്രേണിയിൽ 27,000 രൂപ വരെ വലിയ വിലക്കുറവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഇങ്ങനെ ചരക്ക് സേവന നികുതി കുറച്ചിതിന്റെ നേട്ടം കമ്പനി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചത് ഉത്സവ സീസണിലെ കച്ചോടം ഇരട്ടിയാക്കാൻ ടിവിഎസിനെ സഹായിക്കും.


Click it and Unblock the Notifications








