പൾസറുകളേക്കാൾ വിൽപ്പനയുള്ള ഗിയർലെസ് സ്കൂട്ടർ, പോയമാസം ജുപ്പിറ്റർ വാങ്ങിയത് 1.24 ലക്ഷത്തിലധികം ആളുകൾ
ഗിയർലെസ് സ്കൂട്ടറുകളുടെ രാജാവായി അറിയപ്പെടുന്നത് ഹോണ്ട ആക്‌ടിവ എങ്കിൽ സെഗ്മെന്റിലെ രാജ്ഞിയാണ് ടിവിഎസ് ജുപ്പിറ്റർ (TVS Jupiter). വന്നകാലം മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന മോഡലുകളിൽ ഒന്നായി മാറാൻ ജുപ്പിറ്ററിന് അധികകാലം ഒന്നും വേണ്ടിവന്നിരുന്നില്ല. ഇന്നും അതേ ഫോമിൽ കച്ചോടം പിടിക്കുന്ന സുന്ദരി ലേഡീസിന്റെ പ്രിയങ്കരി കൂടിയാണ്. ഒതുക്കമുള്ള രൂപവും നല്ല സ്റ്റോറേജ് സ്പേസും മികച്ച നിർമാണ നിലവാരവുമെല്ലാമാണ് ജുപ്പിറ്ററിനെ വേറിട്ടുനിർത്തുന്ന കാര്യങ്ങൾ തന്നെയാണ്. ഒപ്പം ആക്ടിവയേക്കാൾ ഫീച്ചർ റിച്ചാണ് എന്നതും ടിവിഎസിന് മേൽകൈ നൽകുന്ന കാര്യങ്ങളാണ്.
ഒപ്പം ഒരു ഗ്യാസ് കുറ്റി വരെ ഫ്രണ്ടിലെ ഫ്ലോർബോർഡിൽ കയറ്റി വെക്കാമെന്നതും ജുപ്പിറ്ററിനെ പക്കാ ഫാമിലി സ്‌കൂട്ടറാക്കി മാറ്റി. ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകൾ നിരത്തിലെത്തുന്ന ജുപ്പിറ്റർ ഇതുവരെ 75 ലക്ഷത്തോളം ആളുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ടിവിഎസ് പറയുന്നത്. 2025 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും വിൽപ്പനയുടെ വേഗം കൂടുന്നതല്ലാതെ കുറയുന്നില്ല.

പോയമാസം ടിവിഎസ് ജുപ്പിറ്ററിന്റെ 1,24,876 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പോയ വർഷം ജൂലൈയിലെ 74,663 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 67.25 ശതമാനത്തിന്റെ വിൽപ്പന വളർച്ചയാണ് ഗിയർലെസ് സ്‌കൂട്ടറിന് കൈവരിക്കാനായത്. ഹോണ്ട ആക്‌ടിവയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന രണ്ടാമത്തെ സ്‌കൂട്ടർ കൂടിയായി തന്റെ സ്ഥാനം നിലനിർത്താനും ജുപ്പിറ്ററിനായി.
കൃത്യമായ ഇടവേളകളിൽ ജുപ്പിറ്ററിനെ നവീകരിക്കാൻ ടിവിഎസ് കാണിക്കുന്ന മിടുക്കാണ് വിൽപ്പന കുറയാതെ പിടിച്ചുനിർത്തുന്നത്. നാല് വ്യത്യസ്‌ത വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന ജുപ്പിറ്റർ 76,691 രൂപയുടെ പ്രാരംഭ വിലയിലാണ് വിപണിയിൽ എത്തുന്നത്. ഡ്രം അലോയ് മോഡലിന് 82,441 രൂപ, ഡ്രം SXC വേരിയന്റിന് 85,991 രൂപ, ഡിസ്‌ക് SXC പതിപ്പിന് 89,791 രൂപ എന്നിങ്ങനെയാണ് മറ്റ് മോഡലുകളുടെ എക്സ്ഷോറൂം വില.

റിഫൈൻഡായിട്ടുള്ള 113.3 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ടിവിഎസ് ജുപ്പിറ്ററിൻ്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ 8 bhp കരുത്തും 9.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും വാഹനത്തിൽ ഒുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാൽ മുൻഗാമിയെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം പുരോഗതി കൈവരിക്കാനും ജുപ്പിറ്ററിന് സാധിച്ചിട്ടുണ്ടെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ലിറ്ററിന് 53 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ഗിയർലെസ് സ്‌കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്. സുഖകരവും സ്ഥിരതയുള്ളതുമായ യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ജുപ്പിറ്റർ 110.

ഉയർന്ന വേഗതയിൽ പോലും സ്റ്റെബിലിറ്റി ഉറപ്പാക്കുന്നതിനായി 1,275 mm നീളമുള്ള വീൽബേസിലാണ് ഗിയർലെസ് സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വേഗതയിൽ സ്ഥിരത വർധിപ്പിക്കാനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ബോഡി ബാലൻസ് ടെക്നോളജി 2.0 സംവിധാനവുമുണ്ട്. ഏത് മോശം സാഹചര്യങ്ങളേയും നേരിടാനായി 163 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.
756 mm നീളമുള്ള സീറ്റ് റൈഡറിനും പില്യൺ റൈഡറിനും മതിയായ ഇടം നൽകുന്നുമുണ്ട്. 380 mm ഫ്രണ്ട് ലെഗ് സ്പേസാണ് ജുപ്പിറ്ററിനുള്ളത് എന്നതിനാൽ ഉയരമുള്ളവർക്ക് വരെ അനായാസം കൊണ്ടുനടക്കാനാവും. സ്കൂട്ടറിന് 106 കിലോഗ്രാം ഭാരമാണുള്ളത്. ടിവിഎസ് ജുപ്പിറ്ററിന് മാറ്റേകുന്നുണ്ട്. മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകളിൽ വരുന്ന സ്‌കൂട്ടറിന് 90/90 ട്യൂബ്‌ലെസ് ടയറുകളാണ് ടിവിഎസ് സമ്മാനിച്ചിരിക്കുന്നതും.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബ്രേക്കിംഗിനായി ഡിസ്‌ക്, ഡ്രം യൂണിറ്റുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 110 സിസിക്ക് പുറമെ 125 സിസി വിഭാഗത്തിലും ടിവിഎസ് ജുപ്പിറ്ററിന്റെ സാന്നിധ്യമുണ്ട്. 124.8 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനുള്ള മോഡലിന് 8 bhp കരുത്തിൽ പരമാവധി 11 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുള്ളത്.


Click it and Unblock the Notifications








