ലേഡീസിന്റെ പൊന്നോമന, സ്‌കൂട്ടറുകളിലെ രാജ്ഞി! കഴിഞ്ഞ മാസം മാത്രം വിറ്റത് 1.42 ലക്ഷം യൂണിറ്റുകൾ
ഇന്ത്യക്കാരുടെ ജനകീയ വാഹനമാണ് ഗിയർലെസ് സ്‌കൂട്ടറുകൾ. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിപ്പെടാൻ ഇത്തരം വണ്ടികൾക്ക് ഒരൊറ്റ കാരണം മാത്രമേയുണ്ടായിരുന്നുള്ളൂ. അത് ബൈക്കുകൾക്കില്ലാത്ത പ്രായോഗികതയാണ്. വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങൾ വാങ്ങാനും ഗ്യാസ് കുറ്റി കയറ്റാനുമെല്ലാം മോട്ടോർസൈക്കിളുകളേക്കാൾ സൌകര്യം ഇതിനാണ് പറയാം. മിക്കവീടുകളിലും പട്ടിയെപോലെയാണ് സ്‌കൂട്ടറുകൾ പണിയെടുക്കുന്നത്. ഉത്സവ സീസൺ കൊടിയേറിയതോടെ ഇരുചക്ര വാഹന വിപണിക്ക് ചാകരയാണ്. അതിനാൽ നല്ല ലാഭമാണ് ഓരോ കമ്പനികളും വാരുന്നത്. സ്കൂട്ടറുകളിലെ രാജ്ഞിയായി അറിയപ്പെടുന്ന ടിവിഎസ് ജുപ്പിറ്ററും പണം വാരിയിട്ടുണ്ട്.
2025 സെപ്റ്റംബർ മാസം വിൽപ്പനയിൽ വലയ വർധനവാണ് ടിവിഎസ് ജുപ്പിറ്റർ നേടിയെടുത്തിരിക്കുന്നത്. 1,42,116 യൂണിറ്റ് വിൽപ്പനയാണ് ഈ ഗിയർലെസ് സ്‌കൂട്ടറിനെ തേടിയെത്തിയിരിക്കുന്നത്. അതായത് കഴിഞ്ഞ വർഷം ഇതേമാസം നിരത്തിലെത്തിയ 1,02,934 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക കണക്കിൽ മോഡലിന് 38.07 ശതമാനം അധികം വിൽപ്പന നേടിയെടുക്കാനായെന്ന് ചുരുക്കം.

ഹോണ്ട ആക്ടിവയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടർ എന്ന പദവിയും ജുപ്പിറ്ററിന് നിലനിർത്താനായി. ആക്ടിവ പോയ മാസം നഷ്ടത്തോടെയാണ് വിൽപ്പന അവസാനിപ്പിച്ചത് എന്നത് നോക്കുമ്പോഴും ടിവിഎസിന് സന്തോഷിക്കാൻ വകയുണ്ട്. വന്നകാലം മുതൽ ഇന്നു വരെ ഓരോ മാസങ്ങളിലും ലക്ഷക്കണക്കിന് ജുപ്പിറ്ററുകളാണ് കമ്പനി വിറ്റഴിക്കുന്നത്.
പുതിയ ജിഎസ്‌ടി പ്രകാരം ടിവിഎസിന്റെ സ്‌കൂട്ടറുകൾക്ക് അടുത്തിടെ വില കുറഞ്ഞതും വിൽപ്പനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ജുപ്പിറ്റർ 110 മോഡലിന് ഇപ്പോൾ 72,400 രൂപ മുതലാണ് രാജ്യത്ത് വരുന്ന എക്സ്ഷോറൂം വില. അതായത് മുൻ വിലയേക്കാൾ മൊത്തത്തിൽ 6,481 രൂപ കുറഞ്ഞുവെന്നാണ് ബ്രാൻഡ് പറയുന്നത്. ജുപ്പിറ്റർ 125 മോഡലാണ് നോക്കുന്നതെങ്കിൽ 75,600 രൂപ മുതലാണ് പുതുക്കിയ എക്‌സ്ഷോറൂം വില വരുന്നത്.
പുതുക്കിയ ജിഎസ്‌ടി നിരക്കുകൾ പ്രകാരം ജുപ്പിറ്റർ 125 സിസി സ്‌കൂട്ടറിന്റെ വിലയിൽ 6,795 രൂപയുടെ കുറവാണ് സംഭവിച്ചത്. ഒതുക്കമുള്ള രൂപവും നല്ല സ്റ്റോറേജ് സ്പേസും മികച്ച നിർമാണ നിലവാരവുമെല്ലാമാണ് ജുപ്പിറ്ററിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ. ഒപ്പം അടിക്കടി സ്കൂട്ടറിൽ കൊണ്ടുവരുന്ന മാറ്റങ്ങളും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ജുപ്പിറ്റർ ഇതുവരെ 80 ലക്ഷത്തിനടുത്ത് യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
113.3 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ടിവിഎസ് ജുപ്പിറ്റർ 110 പതിപ്പിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ 8 bhp പവറും 9.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ഗിയർലെസ് മോഡലിന് ഗുണകരമായിട്ടുണ്ട്.
നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാൽ മുൻഗാമിയെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം വർധനവാണ് സംഭാവന ചെയ്യുന്നത്. ടിവിഎസ് പറയുന്നത് അനുസരിച്ച് ലിറ്ററിന് 53 കിലോമീറ്റർ വരെ മൈലേജാണ് ജുപ്പിറ്റർ 110 നൽകുന്നത്. ഉയർന്ന വേഗതയിൽ പോലും സ്റ്റെബിലിറ്റി ഉറപ്പാക്കുന്നതിനായി 1,275 mm നീളമുള്ള വീൽബേസിലാണ് ഗിയർലെസ് സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്.
കുറഞ്ഞ വേഗതയിൽ സ്ഥിരത വർധിപ്പിക്കാനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ബോഡി ബാലൻസ് ടെക്നോളജി 2.0 സംവിധാനവും ടിവിഎസ് ജുപ്പിറ്ററിനെ കളറാക്കുന്നുണ്ട്. ഏത് മോശം സാഹചര്യങ്ങളേയും നേരിടാനായി 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 380 മില്ലീമീറ്റർ ഫ്രണ്ട് ലെഗ് സ്പേസും കമ്പനി നൽകുന്നുണ്ട്. സ്കൂട്ടറിന് 106 കിലോഗ്രാം ഭാരമാണുള്ളത് എന്നതിനാൽ ലേഡീസിനും അനായാസം കൈകാര്യം ചെയ്യാനാവും.


Click it and Unblock the Notifications








