ആക്‌ടിവയുടെ ഒറിജിനൽ വില്ലൻ, 71 ലക്ഷം ആളുകൾ വാങ്ങിയ ടിവിഎസ് സ്‌കൂട്ടർ; വില 73,700 രൂപയേയുള്ളൂ
പ്രായോഗികത കൊണ്ട് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് സ്‌കൂട്ടറുകൾ. ഗിയർലെസ് മോഡലുകളിൽ വിപ്ലവം തീർത്ത കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം ഇന്ത്യക്കാരെ സ്‌കൂട്ടർ വാങ്ങാൻ പ്രേരിപ്പിച്ച വാഹനമാണ് ഹോണ്ട ആക്‌ടിവ. അന്ന് മുതൽ ഇന്നു വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ ഇതുതന്നെയാണെങ്കിലും ഇന്ത്യക്കാർക്ക് ഒരു സെക്കൻഡ് ചോയ്‌സ് ഉണ്ടെങ്കിൽ അത് ടിവിഎസ് ജുപ്പിറ്ററായിരിക്കുമെന്ന് നിസംശയം പറയാം. 2013-ൽ പിറവിയെടുത്ത മോഡൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ്. സ്ത്രീകൾക്കും യൂത്തൻമാർക്കും അങ്ങനെ ഏത് പ്രായത്തിലുള്ളവരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടുള്ള ജുപ്പിറ്ററിന് ഇതിൽ കൂടുതൽ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല.
ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ 70 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് താണ്ടിരിക്കുകയാണ് ടിവിഎസ് ജുപ്പിറ്റർ. ആദ്യം 110 സിസി മോഡലായും പിന്നീട് 125 സിസി പതിപ്പിലും അവതരിപ്പിച്ച മോഡൽ 71,40,927 യൂണിറ്റുകളുടെ വിൽപ്പനയാണ് കഴിഞ്ഞ വർഷം നവംബർ വരെ പൂർത്തിയാക്കിയിരിക്കുന്നത്. ടിവിഎസ് മോട്ടോർ കമ്പനിയുടെ മൊത്തം സ്കൂട്ടർ വിൽപ്പനയായ 11.48 ദശലക്ഷം യൂണിറ്റുകളുടെ 62 ശതമാനവും ജുപ്പിറ്ററാണ് സംഭാവന ചെയ്യുന്നതും.

ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനം കൂടിയാണിത്. ഫാമിലി സ്‌കൂട്ടറിന്റെ ഗെറ്റപ്പിനൊപ്പം നല്ല മൈലേജും, അതിനൊത്ത പെർഫോമൻസും പ്രായോഗികതയും ഫീച്ചറുകളും എല്ലാം നിറഞ്ഞ ജുപ്പിറ്റർ സംഭവം തന്നെയാണ്. അടുത്തിടെ കൂടുതൽ മെച്ചപ്പെടുത്തലുകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുന്ന മോഡലിനും വലിയ സ്വീകാര്യതയാണ് വിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഫീച്ചറുകൾ, മികച്ച പെർഫോമൻസ് എന്നിവയുടെ സംയോജനമാണ് രണ്ടാംതലമുറ ആവർത്തനം. 73,700 രൂപ മുതൽ 87,250 രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഈ സ്‌കൂട്ടർ ബേസ് ഡ്രം, ഡ്രം അലോയ്, ഡ്രം സ്മാർട്ട്Xകണക്‌ട്, ഡിസ്‌ക് സ്മാർട്ട്Xകണക്‌ട് എന്നിങ്ങനെ നാല് വ്യത്യസ്‌ത വേരിയന്റുകളിൽ സ്വന്തമാക്കാനും സാധിക്കും. എർഗണോമിക് ഡിസൈനിനൊപ്പം റൈഡർ സൗകര്യത്തിന് മുൻഗണന നൽകിയാണ് പുതുതലമുറ മോഡൽ ഒരുക്കിയിരിക്കുന്നത്.

ഡോൺ ബ്ലൂ, ഗാലക്‌റ്റിക് കോപ്പർ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ്, ടൈറ്റാനിയം ഗ്രേ മാറ്റ്, ലൂണാർ വൈറ്റ് ഗ്ലോസ്, മെറ്റിയർ റെഡ് ഗ്ലോസ് എന്നിങ്ങനെ കിടിലം കളർ ഓപ്ഷനും ടിവിഎസ് ജുപ്പിറ്റർ 110 മോഡലിൽ ലഭ്യമാണ്. ജുപ്പിറ്റർ 125 നിർമ്മിക്കാൻ ഉപയോഗിച്ച അതേ ഷാസിയിലാണ് ഈ പുതിയ ഫാമിലി സ്കൂട്ടറും നിർമിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടേൺ ഇൻഡിക്കേറ്ററുകളുള്ള വിശാലമായ എൽഇഡി ഡിആർഎല്ലാണ് മുൻവശത്തെ പ്രധാന ആകർഷണം.
ഒപ്പം എൽഇഡി ഹെഡ്‌ലൈറ്റും, എൽഇഡി ടെയിൽ ലെറ്റും കമ്പനി സമ്മാനിച്ചിട്ടുണ്ട്. സൗകര്യപ്രദമായി സ്ഥാപിച്ചിരിക്കുന്ന ഹാൻഡിൽബാർ, വലിയ ഫ്ലോർബോർഡ്, വിവിധ റൈഡറുകൾക്ക് അനുയോജ്യമായ സീറ്റ് ഹൈറ്റ് എന്നിവയെല്ലാം ജുപ്പിറ്ററിനെ ഒന്നാന്തരം ഫാമിലി സ്കൂട്ടറാക്കി മാറ്റുന്ന കാര്യങ്ങളാണ്. ഫ്രണ്ട് സ്റ്റോറേജ് ബോക്‌സ്, രണ്ട് ഫുൾ-ഫേസ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ കഴിയുന്ന അണ്ടർസീറ്റ് സ്റ്റോറേജ്, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ്പ് എന്നിവയാണ് മോഡലിനെ പ്രായോഗികമാക്കുന്ന മറ്റ് വശങ്ങൾ.

ടിവിഎസ് ജുപ്പിറ്ററിൽ പൂർണ എൽഇഡി ലൈറ്റിംഗ്, ഫോളോ മി ഹോം ഹെഡ്‌ലാമ്പ്, ഓട്ടോ ടേൺ ഇൻഡിക്കേറ്റർ റീസെറ്റ്, എമർജൻസി ബ്രേക്ക് വാണിംഗ്, ധാരാളം വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, ടെക്സ്റ്റ് അലേർട്ടുകൾ, ഫൈൻഡ് മൈ വെഹിക്കിൾ, വോയ്‌സ് അസിസ്റ്റ്, യുഎസ്ബി മൊബൈൽ ചാർജർ തുടങ്ങിയ ഫീച്ചറുകളും സ്‌കൂട്ടറിന്റെ ഭാഗമായി വരുന്നുണ്ട്.
2024 ടിവിഎസ് ജൂപ്പിറ്റർ 110 ന് കരുത്ത് പകരുന്നത് പുതിയതും വലുതുമായ 113.5 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഇത് 6,500 ആർപിഎമ്മിൽ 8 bhp പവറും 9.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ഇതിൽ കൊടുത്തിട്ടുണ്ട്. നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാൽ മുൻഗാമിയെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം പുരോഗതി കൈവരിക്കാനും ജുപ്പിറ്ററിന് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കുറഞ്ഞ വേഗതയിൽ സ്ഥിരത വർധിപ്പിക്കാനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ബോഡി ബാലൻസ് ടെക്നോളജി 2.0 സംവിധാനവും ടിവിഎസ് ജുപ്പിറ്ററിന് മാറ്റേകുന്നുണ്ട്. എന്തായാലും വിൽപ്പനയിൽ പുതിയ ഉയരങ്ങൾ കീഴടക്കിയുള്ള സ്‌കൂട്ടറിന്റെ ജൈത്രയാത്ര ടിവിഎസിന് മൈലേജാവുമെന്നതിൽ സംശയമൊന്നുമില്ല. ഇന്ത്യയിൽ ഹോണ്ട ആക്‌ടിവ പോലുള്ള എതിരാളികളുമായാണ് ജുപ്പിറ്ററിന്റെ മത്സരം.


Click it and Unblock the Notifications








