ഓലയും ചേതക്കും മറന്നേക്കൂ, 158 KM റേഞ്ചുള്ള അടിപൊളി ഇലക്‌ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്, വില 99,900 മുതൽ
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ നിന്നും ഏറ്റവും കൂടുതൽ പണംവാരുന്ന കമ്പനികളിൽ ഒരാളാണ് ടിവിഎസ്. അതും ഒരൊറ്റ മോഡൽ വെച്ചാണ് ബ്രാൻഡ് ഇത്രയും വലിയ സ്വാധീനം ചെലുത്തുന്നതെന്നറിഞ്ഞാൽ ആരായാലും ഒന്ന് അത്ഭുതപ്പെട്ട് പോവും. അതയ്ക്ക് മിടുക്കനാണ് ഐക്യൂബ് ഇവിയെന്നത് ഏവർക്കും അറിയാം. ഫാമിലി സ്‌കൂട്ടറായി പേരെടുത്ത് മുന്നേറുന്ന ഐക്യൂബിന് കൂട്ടായി പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് (TVS Orbiter Electric Scooter). അടുത്തിടെ ടീസറുകളിലൂടെ ഹൈപ്പ് കൂട്ടിയ ഓര്‍ബിറ്റര്‍ ഇവിയാണ് സർപ്രൈസായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.
കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ തേടുന്നവരെ ഉന്നംവെച്ച് അവതരിപ്പിച്ചിരിക്കുന്ന ടിവിഎസ് ഓർബിറ്റർ കാണാൻ തന്നെ വല്ലാത്തൊരു ചേലാണ്. അന്യായ പെർഫോമൻസ് തരുന്ന മോഡൽ ഒന്നുമല്ലെങ്കിലും ന്യായം റേഞ്ചും വിലയും ആരേയും ആകർഷിക്കുന്നതാണ്. ബെംഗളൂരുവിൽ 99,900 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇവിയെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇത് പിഎം ഇ-ഡ്രൈവ് സ്‌കീം ഉൾപ്പെടെയുള്ള വിലയാണ്.

സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളുടെ ഒരു ലോഡ് ലിസ്റ്റുമായിട്ടാണ് ടിവിഎസ് ഓർബിറ്റർ വന്നെത്തിയിരിക്കുന്നത്. ഇക്കൂടെ പ്രായോഗികത കൂടി ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്. 3.1 kWh ബാറ്ററിയാണ് ടിവിഎസ് ഓർബിറ്റർ ഇലക്ട്രിക് സ്കൂട്ടറിന്റെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 158 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ യോഗ്യവുമാണ്. മെച്ചപ്പെട്ട എയറോഡൈനാമിക്സും കൂടുതൽ സ്റ്റെബിലിറ്റിയുള്ള റൈഡും ഉപയോഗിച്ച് കാര്യക്ഷമത നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
സെഗ്‌മെന്റിൽ ആദ്യമായി 14 ഇഞ്ച് ഫ്രണ്ട് വീലാണ് പുത്തൻ ഇവിയിൽ ഒരുക്കിയിട്ടുള്ളത്. ഇത് സാധാരണ സിറ്റി സാഹചര്യങ്ങളിൽ മികച്ച ഗ്രിപ്പും നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നതിന് സഹായിക്കും. ജനപ്രിയനായ ഐക്യൂബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സ്മൂത്ത് ലൈനുകളും വൃത്തിയുള്ളതും ആധുനികവുമായ ഡിസൈൻ ഭാഷ്യമാണ് ടിവിഎസ് ഓർബിറ്ററിൽ കാണാനാവുക.

845 mm വരെ നീളമുള്ള ഫ്ലാറ്റ്-ഫോം സീറ്റ് ഏത് യാത്രകൾക്കും അനുയോജ്യമാണ്. റൈഡറിനും പില്യണിനും മതിയായ സ്പേസും ഇലക്ട്രിക് സ്‌കൂട്ടർ ഉറപ്പ് വരുത്തുന്നുണ്ട്. അതേസമയം 290 mm ഫുട്ട്‌ബോർഡ് സുഖസൗകര്യങ്ങളും ലെഗ്‌റൂമും വർധിപ്പിക്കുന്നതിനൊപ്പം അതിന്റെ യൂട്ടിലിറ്റി ഫാക്ടർ മെച്ചപ്പെടുത്തുകയും ചെയ്യും. സീറ്റിനടിയിൽ 34 ലിറ്റർ സ്റ്റേറേജ് സ്പേസാണ് ഇലക്ട്രിക് സ്കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്.
രണ്ട് ഹെൽമെറ്റുകൾ വരെ ഉൾക്കൊള്ളാൻ അണ്ടർസീറ്റ് സ്റ്റോറേജ് പര്യാപ്തമാണെന്നും ടിവിഎസ് പറയുന്നുണ്ട്. ആധുനിക ടിവിഎസ് മോഡലുകളെ പോലെ ടിവിഎസിന്റെ മൊബൈൽ ആപ്പ് വഴി കണക്റ്റഡ് ഫീച്ചറുകളും ഓർബിറ്ററിൽ കുത്തിനിറച്ചിട്ടുണ്ട്. റൈഡർമാർക്ക് ബാറ്ററി ചാർജ്, ഓഡോമീറ്റർ റീഡിംഗുകൾ നിരീക്ഷിക്കാനും അവരുടെ സ്കൂട്ടർ വിദൂരമായി കണ്ടെത്താനും കഴിയും.

ക്രാഷ് ആൻഡ് ഫാൾ അലേർട്ടുകൾ, ആന്റി-തെഫ്റ്റ് ട്രാക്കിംഗ്, ജിയോ-ഫെൻസിംഗ്, ടൈം ഫെൻസിംഗ് എന്നിവ സുരക്ഷയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ ഡിസ്പ്ലേ, ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നീ ഫീച്ചറുകളും ഓർബിറ്റർ ഇവിയിൽ ലഭ്യമാവും. ഇക്കോ, പവർ റൈഡ് മോഡുകളും റീജെനറേറ്റീവ് ബ്രേക്കിംഗുമാണ് മറ്റൊരു പ്രത്യേകത.
സാധാരണയായി പ്രീമിയം ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്ന ക്രൂയിസ് കൺട്രോളും ഹിൽ ഹോൾഡ് അസിസ്റ്റും പോലുള്ള ഫീച്ചറുകളും ടിവിഎസ് ഓർബിറ്ററിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 169 mm ഗ്രൗണ്ട് ക്ലിയറൻസ്, ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എഡ്ജ്-ടു-എഡ്ജ് റിയർ കോമ്പിനേഷൻ ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയും എടുത്ത് പറയേണ്ട സവിശേഷതകളാണ്.

അപ്പ്-റൈറ്റ് ഹാൻഡിൽബാർ ഡിസൈൻ എർഗണോമിക്സ് മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു. നിയോൺ സൺബർസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലാർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർഷ്യൻ കോപ്പർ എന്നിവയാണ് ഓർബിറ്റർ ഇലക്ട്രിക് സ്കൂട്ടറിലെ കളർ ഓപ്ഷനുകൾ. ഓല S1X, വിഡ VX2, ബജാജ് ചേതക് തുടങ്ങിയ വമ്പൻമാരുമായിട്ടാണ് ടിവിഎസിന്റെ പുത്തൻ ഇവി മത്സരിക്കേണ്ടത്.


Click it and Unblock the Notifications








