കഴിഞ്ഞ മാസത്തെ വിൽപ്പനയും പൊടിപൊടിച്ച് 67 KM മൈലേജുള്ള ടിവിഎസ് ബൈക്ക്, വിലയും കുറവല്ലേ...
ഇന്ത്യയിലെ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിന് തീപ്പൊരിയിട്ടവരാണ് ടിവിഎസ്. റൈഡർ എന്ന ഉഗ്രൻ മോഡൽ അരങ്ങുവാഴാൻ തുടങ്ങിയതോടെ ഹീറോ എക്‌സ്‌ട്രീം 125R എന്ന പുതുബൈക്കും ഹോണ്ട CB 125 ഹോർനെറ്റിനും രൂപംകൊടുക്കുകയുണ്ടായി. ഈ കിടിലൻ മോഡലുകൾ എത്തിയെങ്കിലും കമ്മ്യൂട്ടർ ബൈക്കുകൾ മാത്രമുണ്ടായിരുന്ന വിഭാഗത്തിലേക്ക് സ്പോർട്ടി സ്റ്റൈലിംഗും ഫീച്ചറുകളും കുത്തിനിറച്ചെത്തിയ റൈഡറിന് ഇപ്പോഴും പ്രത്യേക സ്ഥാനം തന്നെയാണ് ആളുകൾക്കിടയിലുള്ളത്. ഇതുവരെ 10 ലക്ഷത്തിലധികം വിൽപ്പന നേടിയാണ് ടിവിഎസ് റൈഡർ മുന്നോട്ട് കുതിക്കുന്നത്. ചെറിയ വിലയും നല്ല ഫീച്ചറുകളും കുത്തിനിറച്ചെത്തിയ മോട്ടോർസൈക്കിളിനോട് എങ്ങനെ മുഖംതിരിക്കാനാവും അല്ലേ.
പ്രായമായവർക്കും പയ്യൻമാർക്കുമെല്ലാം ഒരേ പോലെ ചേരുന്ന ഡിസൈൻ എതിരാളികൾ പോലും അതിശയത്തോടെ നോക്കിനിന്നിട്ടുണ്ടാവും. 2025 ഒക്‌ടോബർ മാസത്തെ വിൽപ്പന കണക്കുകൾ വിശദമായി പുറത്തുവന്നതോടെ റൈഡറിൻ്റെ കുതിപ്പ് വ്യക്തമായി കാണാനാവും. പോയമാസം ബൈക്കിൻ്റെ 56,085 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം നിരത്തിലെത്തിച്ച 51,153 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 9.64 ശതമാനത്തിൻ്റെ വർധനവാണ് റൈഡർ നേടിയെടുത്തിരിക്കുന്നത്.

അതായത് കഴിഞ്ഞ വർഷത്തേക്കാൾ 4,932 യൂണിറ്റുകൾ അധികം വിൽക്കാൻ കമ്പനിക്കായെന്ന് സാരം. 125 സിസി വിഭാഗത്തിലെ മത്സരം കടുപ്പമേറി വരുന്നതിനാൽ നിരവധി സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾ ഉൾപ്പെടുത്തി ടിവിഎസ് റൈഡറിനെ അടുത്തിടെ പരിഷ്ക്കരിച്ചിരുന്നു. മിനുങ്ങിയെത്തിയ റൈഡറിൽ iGO അസിസ്റ്റുള്ള ബൂസ്റ്റ് മോഡ്, എബിഎസ് ഉള്ള ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) എന്നിവയെല്ലാം ഇപ്പോൾ ലഭിക്കുന്നതാണ്.
ഈ സവിശേഷതകളെല്ലാം 125 സിസി മോട്ടോർസൈക്കിൾ സെഗ്മെൻ്റിലെ ആദ്യത്തേതാണ്. ബൂസ്റ്റ് മോഡ് റൈഡറിന് അധിക പവർ നൽകാനാണ് സഹായിക്കുക. ഒപ്പം ഓവർടേക്കുകളിൽ ആക്‌സിലറേഷൻ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. 6,000 ആർപിഎമ്മിൽ 11.75 Nm എന്ന മികച്ച ടോർക്കുമായാണ് ബൈക്ക് വരുന്നത്. അങ്ങനെ ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ടോർക്ക് കണക്കുകളും ടിവിഎസ് റൈഡറിന് അവകാശപ്പെടാനാവും.

സിംഗിൾ-ചാനൽ എബിഎസ് ഉള്ള ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ റൈഡറിന്റെ ബ്രേക്കിംഗ് സ്റ്റെബിലിറ്റിയും ഓടിക്കുന്ന ആളുടെ ആത്മവിശ്വാസവും വർധിപ്പിക്കുന്ന കാര്യമാണ്. അതേസമയം GTT എന്നറിയപ്പെടുന്ന ഗ്ലൈഡ് ത്രൂ ടെക്നോളജി ലോ-സ്പീഡ് സിറ്റി റൈഡിംഗിനെ സുഗമവും കൂടുതൽ മൈലേജുള്ളതുമാക്കാനാണ് സഹായിക്കുക. പുതിയ ലുക്കിൽ ടിവിഎസ് റൈഡർ 125 മോഡലിലേക്ക് സ്പോർട്ടി റെഡ് അലോയ് വീലുകളും പുതിയ മെറ്റാലിക് സിൽവർ കളർ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.
125 സിസി, 3-വാൽവ് എഞ്ചിനാണ് റൈഡറിൻ്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11.2 bhp പവറിൽ പരമാവധി 11.75 Nm ടോർക്ക് വരെ നിർമിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത 5.8 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ബൈക്കിൻ്റെ പരമാവധി വേഗം 99 കിലോമീറ്ററാണെന്നും ടിവിസ് പറയുന്നു. മെച്ചപ്പെട്ട ഗ്രിപ്പിനും കോർണറിംഗ് സ്റ്റെബിലിറ്റിക്കായി റൈഡറിൽ വീതിയേറിയ ടയറുകൾ (90/90-17 ഫ്രണ്ട്, 110/80-17 റിയർ) കമ്പനി ഒരുക്കിയിട്ടുണ്ട്.

ടിവിഎസ് SmartXonnect ഉപയോഗിച്ചുള്ള കണക്റ്റഡ് ഫീച്ചേഴ്‌സും 125 സിസി മോട്ടോർസൈക്കിളിലുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, നാവിഗേഷൻ, കോൾ, നോട്ടിഫിക്കേഷൻ മാനേജ്‌മെൻ്റ് എന്നീ സവിശേഷതകൾ ഉൾപ്പെടുന്ന ടിഎഫ്ടി ഡിസ്‌പ്ലേ അല്ലെങ്കിൽ ഒരു റിവേഴ്‌സ് എൽസിഡി ക്ലസ്റ്റർ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ അനുസരിച്ച് ലഭിക്കും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി മുൻവശത്ത് ലോ-ഫ്രക്ഷൻ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്‌ഡ് 5-സ്റ്റെപ്പ് അഡ്‌ജസ്റ്റബിൾ മോണോഷോക്കുമാണുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








